Violence | സംഭാലില്‍ പൊലിഞ്ഞത് 4 ജീവനുകള്‍; നഷ്ടമായത് കുടുംബത്തിന്റെ അത്താണികള്‍; ഇവരുടെ കണ്ണീര് ആര് തുടക്കും?

 
Four Killed in Sambhal Mosque Survey Clash
Watermark

Photo Credit: WhatsApp Group

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സ്‌കൂളുകള്‍ക്ക് അവധി.
● നിരവധി പേരെ കസ്റ്റഡിയിലെടുത്തു.
● മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു. 

ലക്‌നൗ: (KVARTHA) സംഭാലിലെ ഷാഹി മസ്ജിദില്‍ സര്‍വേയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലിഞ്ഞത് നാല് ജീവനുകള്‍. അക്രമത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പിലാണ് ഇവര്‍ മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഘര്‍ഷമുണ്ടായ വിവരമറിഞ്ഞ് ഇവര്‍ വീട്ടിലേക്ക് മടങ്ങുന്നതിനിനിടയില്‍ വെടിവയ്പുണ്ടാവുകയും കൊല്ലപ്പെടുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കുടുംബത്തിന്റെ അത്താണികളായിരുന്നവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇവരുടെ കണ്ണീര് ആര് തുടക്കുമെന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്.

Aster mims 04/11/2022

ഹിന്ദു സംഘടനകള്‍ ഈ മസ്ജിദ് ഹരിഹര്‍ ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ഞായറാഴ്ച രാവിലെ സര്‍വേ സംഘം എത്തിയപ്പോള്‍ ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. ജനക്കൂട്ടത്തെ പിരിച്ചുവിട്ടിട്ടും നിയന്ത്രണവിധേയമാകാത്തതിനെ തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. 

ഫോണ്‍ വിളിച്ചു, പിന്നെ കണ്ടത് മോര്‍ച്ചറിയില്‍ 

ഹയാത്നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹനീഫിന്റെ മകന്‍ ബിലാല്‍ (23) ആണ് മരിച്ചവരില്‍ ഒരാള്‍. ബിലാല്‍ തന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ തുണിക്കടയില്‍ എത്തിയപ്പോള്‍ അവിടെ സംഘര്‍ഷാവസ്ഥയാണെന്ന് കണ്ട് തന്റെ ബന്ധുവിനെ വിളിച്ചു. അന്തരീക്ഷം മോശമാണെന്നും തനിക്ക് വീട്ടില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും ബന്ധുവിനോട് പറഞ്ഞു. എന്നാല്‍ ഉച്ചയോടെ ബിലാലിന്റെ മൃതദേഹം ജില്ലാ ആശുപത്രിയില്‍ കണ്ടെത്തി. പച്ചക്കറി കട നടത്തുന്ന ഹനീഫിന്റെ നാല് മക്കളില്‍ മൂന്നാമനാണ് ബിലാല്‍. 

ഒരു കുടുംബം അനാഥമായി 

ഇതേ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനായ തക്സീല്‍ ഖാന്‍ എന്ന ഛോട്ടേ ഖാന്റെ മകന്‍ നുഅമാന്‍ ഖാന്‍ (50) ആണ് മരിച്ച മറ്റൊരാള്‍. ഇദ്ദേഹം രാവിലെ പത്ത് മണിയോടെ വീട്ടില്‍ നിന്ന് ഇറങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു. ഒരു ബന്ധു മരണപ്പെട്ടതറിഞ്ഞ് പോയതായിരുന്നു ഇ-റിക്ഷാ ഡ്രൈവറായ ഇദ്ദേഹം. വൈകുന്നേരത്തോടെയാണ് പൊലീസില്‍ നിന്ന് മരണ വിവരം ലഭിച്ചതെന്ന് ബന്ധു പറഞ്ഞു. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് ആണ്‍മക്കളും ഒരു മകളുമുണ്ട്. 

കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിക്കും ജീവന്‍ നഷ്ടമായി 

കോട്വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോട് ഗാര്‍വി തബേല പ്രദേശത്തെ താമസക്കാരനായ റഈസുദ്ദീന്റെ മകനായ നഈം ഗാസി (35) യാണ് ജീവന്‍ നഷ്ടപ്പെട്ട മറ്റൊരാള്‍. ഫത്തേഹുല്ല സരായ് പ്രദേശത്ത് മിഠായി കട നടത്തിയിരുന്നു ഇദ്ദേഹം. ഈ വര്‍ഷം മുനിസിപ്പാലിറ്റി ഏരിയയിലെ 31-ാം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയുമായിരുന്നു. ഭാര്യ ഫൈസി ബീഗവും രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഉള്‍പ്പെടെയുള്ള കുടുംബം ഇപ്പോള്‍ വിലപിക്കുകയാണ്.

മുഹമ്മദ് കൈഫിനും ജീവന്‍ നഷ്ടപ്പെട്ടു

നഖസ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തുര്‍ത്തിപൂര്‍ ഇല്‍ഹയില്‍ താമസിക്കുന്ന മുഹമ്മദ് ഹുസൈന്റെ മകനായ മുഹമ്മദ് കൈഫ് (17) ആഴ്ചച്ചന്തകളില്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന ചെറുപ്പക്കാരനായിരുന്നു. ഞായറാഴ്ച ദിവസം രാവിലെ വീട്ടില്‍ നിന്നിറങ്ങിയ കൈഫ് വൈകിട്ടോടെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം ആശങ്കാകുലരായിരുന്നു. പല ആശുപത്രികളിലും അന്വേഷിച്ചിട്ടും വിവരമൊന്നും ലഭിച്ചില്ല. പിന്നീട് വൈകിട്ടോടെയാണ് പൊലീസ് മരണവിവരം അറിയിച്ചത്. 

ഹര്‍ജിക്കാരുടെ വാദം 

സുപ്രീം കോടതി അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടത്. ഹരി ഹര്‍ മന്ദിര്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ 1529-ല്‍ ഭാഗികമായി പൊളിച്ചുനീക്കുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം.

സ്‌കൂളുകള്‍ക്ക് അവധി നല്‍കി

സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ജില്ലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം, സംഭാല്‍ തഹസില്‍ ഏരിയയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ നഴ്‌സറി മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത സ്‌കൂളുകളും മദ്രസകളും ഉള്‍പ്പെടുന്നു.

നിരവധി പേരെ കസ്റ്റഡിയിലെടുത്തു

ജുമാ മസ്ജിദില്‍ നടന്ന സര്‍വേയ്ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സംഭാല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് കൃഷ്ണകുമാര്‍ വിഷ്‌ണോയ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കേസില്‍ പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരുടെ മൊഴികള്‍ രേഖപ്പെടുത്തുന്ന പ്രക്രിയയും പുരോഗമിക്കുകയാണ്. പ്രതികള്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍.എസ്.എ) പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടഞ്ഞു 

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സേനയെ വിളിച്ചതായി എസ്പി അറിയിച്ചു. ഇപ്പോള്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെങ്കിലും, സുരക്ഷാ കാരണങ്ങളാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

#Sambhal #India #mosque #violence #protest #police #religiousconflict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia