Violence | ലിവർപൂളിൻ്റെ ഗോൾ ആഘോഷിച്ചു; ആഴ്സണൽ ആരാധകൻ്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു


● പൊലീസ് അന്വേഷണം തുടരുന്നു
● പ്രതി ഇതുവരെ പിടിയിലായിട്ടില്ല
● ഉഗാണ്ടയിലെ കബാലെയിലാണ് സംഭവം
കബാലെ: (KVARTHA) ഫുട്ബോൾ മത്സരം കണ്ടുകൊണ്ടിരിക്കെയുണ്ടായ തർക്കത്തിൽ ഉഗാണ്ടയിലെ കബാലെയിൽ യുവാവ് കൊല്ലപ്പെട്ടു. ഞായറാഴ്ച, കബാലെ ജില്ലയിലെ കഹാരോ സബ് കൗണ്ടിയിലെ ക്യോബുഗോംബെ ട്രേഡിംഗ് സെൻററിൽ പ്രദർശിപ്പിച്ച ആഴ്‌സണൽ-ലിവർപൂൾ മത്സരത്തിനു ശേഷമാണ് സംഭവം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മത്സരത്തിൽ ഇരു ടീമുകളും 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. ബെഞ്ചമിൻ ഒകെല്ലോ എന്നയാളാണ് മരിച്ചത്.
'ക്യോബുഗോംബെ ട്രേഡിംഗ് സെൻ്ററിലെ ഒരു ഹാളിൽ ഇരുവരും ആഴ്സണലും ലിവർപൂളും തമ്മിലുള്ള ഫുട്ബോൾ മത്സരം കാണുകയായിരുന്നു. 81-ാം മിനിറ്റിൽ ലിവർപൂൾ സമനില ഗോൾ നേടിയപ്പോൾ, മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകനായ ബെഞ്ചമിൻ ഒകെല്ലോ ആഹ്ലാദിക്കാൻ തുടങ്ങി, ഇത് ആഴ്സണൽ ആരാധകനെ പ്രകോപിപ്പിച്ചു.
ബെഞ്ചമിൻ ഒകെല്ലോ ആഴ്‌സണൽ ആരാധകൻ്റെ നേരെ പോപ്‌കോൺ എറിഞ്ഞു, ഇത് ഇരുവരും തമ്മിൽ തർക്കത്തിന് കാരണമായി. ഈ സംഘർഷം വഷളായപ്പോൾ ആഴ്‌സണൽ ആരാധകൻ ബെഞ്ചമിൻ ഒകെല്ലോയെ വടികൊണ്ട് ആക്രമിച്ചു. ഈ ആക്രമണത്തിൽ ബെഞ്ചമിൻ ഒകെല്ലോ മരണമടഞ്ഞു', പൊലീസ് പറഞ്ഞു.
പ്രതി ഇതുവരെ പിടിയിലായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജോസഫ് ബകലെകെ പറഞ്ഞു. പൊലീസ് അന്വേഷണം തുടരുകയാണ്. അക്രമി പ്രദേശത്തെ കുപ്രസിദ്ധ ഗുണ്ടയാണെന്ന് പ്രദേശവാസികൾ പറയുന്നു. തിങ്കളാഴ്ച വൈകുന്നേരം പ്രദേശത്ത് സമാധാന യോഗം നടന്നു. മരണപ്പെട്ട ബെഞ്ചമിന്റെ കുടുംബാംഗങ്ങൾ, നേതാക്കൾ തുടങ്ങിയവർ ഈ യോഗത്തിൽ പങ്കെടുത്തു. പൊതുജനങ്ങളോട് ശാന്തരായിരിക്കാൻ അധികൃതർ അഭ്യർഥിച്ചു.
#Uganda #footballviolence #PremierLeague #LiverpoolFC #ArsenalFC #sportsnews