ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മോഷണം: ഹോംനഴ്‌സും ഭർത്താവും ഒളിവിൽ


● 25 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്.
● രമ്യാരവീന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്.
● ജോലിയിൽ നിന്ന് ഒഴിവാക്കിയ ശേഷം താക്കോൽ കൈക്കലാക്കി.
● മാഹി പോലീസ് അന്വേഷണം ഊർജിതമാക്കി.
കണ്ണൂർ: (KVARTHA) വീട്ടുജോലിക്കായി നിന്നിരുന്ന ക്വാർട്ടേഴ്‌സിൽ കയറി 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ മുഖ്യപ്രതികളായ ഹോംനഴ്‌സിന്റെ ഭർത്താവ് ദിലീപ് എന്ന ചേട്ടൻബാവ, ഹോംനഴ്‌സ് ഷൈനി എന്നിവർക്കായി മാഹി പോലീസ് അന്വേഷണം ഊർജിതമാക്കി.
ഇവരുടെ ഭർതൃസഹോദരൻ, പി. ദിനേഷ് എന്ന അനിയൻബാവയെ (23) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഹോംനഴ്‌സ് ഷൈനി (29), ഭർത്താവ് ദിലീപ് എന്ന ചേട്ടൻബാവ (35) എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. സംഭവത്തിനുശേഷം ഇവരെ തിരഞ്ഞ് പോലീസ് ആറളം വെളിമാനത്തെ വീട്ടിലെത്തിയിരുന്നുവെങ്കിലും അവിടെനിന്ന് കടന്നുകളയുകയായിരുന്നു. വീട് പൂട്ടിയിട്ട നിലയിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ കവർച്ച അരങ്ങേറിയത്. പന്തക്കൽ ഊരോത്തുമ്മൽ ക്ഷേത്രത്തിന് സമീപം സപ്രമയ ക്വാർട്ടേഴ്‌സിന്റെ താഴത്തെ നിലയിൽ താമസിക്കുന്ന രമ്യാരവീന്ദ്രന്റെ വീട്ടിലെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. കോടിയേരി മലബാർ കാൻസർ സെന്ററിലെ നേഴ്‌സാണ് രമ്യ. ഇവരുടെ ഭർത്താവ് കൊല്ലത്ത് ജോലി ചെയ്തുവരികയാണ്.
രമ്യയുടെ രണ്ട് ചെറിയ കുട്ടികളെ നോക്കാനാണ് ഷൈനിയെ ജോലിക്കായി നിർത്തിയിരുന്നത്. സ്വഭാവത്തിൽ സംശയം തോന്നി രമ്യ ഷൈനിയെ രണ്ട് ദിവസത്തിനകം തന്നെ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. ഷൈനി ജോലി മതിയാക്കി പോകുമ്പോൾ രമ്യയുടെ ക്വാർട്ടേഴ്‌സിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ തന്ത്രപരമായി കൈക്കലാക്കിയിരുന്നു. രമ്യ ഇത് ശ്രദ്ധിച്ചിരുന്നില്ല. കുട്ടികളെ അടുത്ത വീട്ടിലാക്കി ശനിയാഴ്ച രാത്രി രമ്യ ജോലിക്ക് പോവുകയായിരുന്നു. അന്ന് രാത്രിയാണ് മോഷണം നടന്നത്.
ഷൈനിയുടെയും അടുത്ത ബന്ധുക്കളുടെയും ഫോൺവിളികൾ പോലീസ് പരിശോധിച്ചപ്പോൾ മോഷണം നടന്ന ക്വാർട്ടേഴ്‌സിന്റെ മൊബൈൽ ടവർ ലൊക്കേഷനിൽ ദിനേഷുള്ളതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വെളിമാനം ഉന്നതിയിലെത്തി ഇയാളെ പിടികൂടി.
പോലീസ് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ദിനേഷും സഹോദരൻ ദിലീപും ചേർന്ന് ഷൈനി നൽകിയ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് ക്വാർട്ടേഴ്‌സ് തുറന്ന് കവർച്ച നടത്തുകയായിരുന്നു. രമ്യയുടെ പരാതിയിൽ മാഹി പോലീസ് മൂന്ന് സ്‌ക്വാഡുകളായാണ് അന്വേഷണം നടത്തിയത്.
ഷൈനിയുടെ വീടിന്റെ പിൻവശത്ത് പതിനഞ്ച് പവൻ സ്വർണാഭരണങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇനി ബാക്കി പത്ത് പവൻ സ്വർണാഭരണങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ദിലീപും ഷൈനിയും ഇതുമായി നാടുവിട്ടുവെന്നാണ് പോലീസ് സംശയിക്കുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Home nurse and husband absconding in duplicate key theft case.
#TheftCase #DuplicateKey #HomeNurse #KannurCrime #PoliceInvestigation #GoldTheft