കള്ളക്കടത്ത് കാർ കേസ്: ദുല്‍ഖർ സൽമാന് കസ്റ്റംസ് സമൻസ്; ഒരാളുടെ പേരിൽ രജിസ്റ്റർ ചെയ്ത നാല് കാറുകൾ അന്വേഷണ പരിധിയിൽ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നടൻ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങളും നിരീക്ഷണത്തിലുണ്ട്.
● നടൻ അമിത് ചക്കാലക്കലിനെയും ചോദ്യം ചെയ്തു.
● സംസ്ഥാനത്ത് 36 വാഹനങ്ങൾ പിടിച്ചെടുത്തു.
● കേരളത്തിൽ 150 മുതൽ 200 വരെ കാറുകൾ എത്തിച്ചിട്ടുണ്ടെന്ന് കസ്റ്റംസ്.
കൊച്ചി: (KVARTHA) ഭൂട്ടാൻ വഴി രാജ്യത്തേക്ക് ആഡംബര വാഹനങ്ങൾ അനധികൃതമായി കടത്തിയ കേസിൽ അന്വേഷണം ഊർജ്ജിതമാക്കി കസ്റ്റംസ്. നടൻ ദുൽഖർ സൽമാന്റെ കാറുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. ചോദ്യം ചെയ്യലിനായി ഉടൻ ഹാജരാകാൻ ആവശ്യപ്പെട്ട് ദുൽഖർ സൽമാന് കസ്റ്റംസ് സമൻസ് നൽകും. വാഹനത്തിന്റെ രജിസ്ട്രേഷൻ ഉൾപ്പെടെ എല്ലാ രേഖകളും ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

കസ്റ്റംസ് നിരീക്ഷണത്തിലുള്ള ദുൽഖർ സൽമാന്റെ നാല് വാഹനങ്ങളിൽ രണ്ടെണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. അതിലൊരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വാഹനത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ മോട്ടോർ വാഹന വകുപ്പും നടപടിയെടുക്കാൻ സാധ്യതയുണ്ട്.
ദുൽഖർ സൽമാന്റെ പനമ്പള്ളി നഗറിലെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയ ശേഷമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. നടൻ പൃഥ്വിരാജിന്റെ രണ്ട് വാഹനങ്ങളും അന്വേഷണ പരിധിയിലുണ്ടെങ്കിലും പരിശോധനയിൽ കണ്ടെത്താനായില്ല.
നഗരത്തിലെ പ്രമുഖ നടനായ അമിത് ചക്കാലക്കലിന്റെ എളമക്കരയിലെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഇദ്ദേഹത്തിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. മൊഴിയെടുക്കുന്നതിനായി അമിത് ചക്കാലക്കലിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു.
രാജ്യത്തെ വാഹനക്കടത്ത് റാക്കറ്റിലെ കോയമ്പത്തൂർ സ്വദേശികളെ ഒരു വർഷം മുൻപ് തന്നെ കസ്റ്റംസ് തിരിച്ചറിഞ്ഞിരുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ രേഖകളിൽ സംശയം തോന്നിയ വാഹന ഉടമകളിലേക്ക് അന്വേഷണം നീണ്ടതോടെയാണ് കള്ളക്കടത്ത് കണ്ടെത്തിയത്. കേരളത്തിലേക്ക് 150 മുതൽ 200 വരെ എസ്‌യുവികൾ അനധികൃതമായി എത്തിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനും അന്വേഷണം വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.
അനധികൃത വാഹനക്കടത്ത് തടയുന്നതിനായി കസ്റ്റംസ് ‘ഓപ്പറേഷൻ നുംഖോർ’ എന്ന് പേരിട്ട മിഷനാണ് നടത്തുന്നത്. ഭൂട്ടാനീസ് ഭാഷയിൽ 'നുംഖോർ' എന്നാൽ 'വാഹനം' എന്നാണ് അർത്ഥം. കൊച്ചിക്ക് പുറമേ തൃശൂർ, മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂർ, അടിമാലി എന്നിവിടങ്ങളിലും കസ്റ്റംസിന്റെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടന്നു.
രേഖകൾ കൃത്യമല്ലെന്ന് കണ്ടെത്തിയ 36 വാഹനങ്ങളാണ് പിടിച്ചെടുത്തത്. മോട്ടോർ വാഹന വകുപ്പ്, എടിഎസ്, പോലീസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു റെയ്ഡ്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യൂ.
Article Summary: Customs summons Dulquer Salmaan in a car smuggling case.
#DulquerSalmaan #Customs #CarSmuggling #KeralaNews #Investigation #Crime