Arrested | പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകൾ; തൃശൂരിൽ അറസ്റ്റിലായ യുവാവിൽ നിന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന ലഹരിവസ്തുക്കൾ
ലഹരികടത്തിന് നേരത്തെ ചന്തേര പൊലീസും ഫാസിലിനെതിരെ കേസെടുത്തിരുന്നു.
തൃശൂർ: (KVARTHA) കണ്ണൂർ സ്വദേശിയായ യുവാവ് മൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി തൃശൂരിൽ അറസ്റ്റിലായി. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫാസിലാണ് (36) അറസ്റ്റിലായത്.
ബുധനാഴ്ച പുലർച്ചെ നടത്തിയ വാഹനപരിശോധനയിലാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിയന്ത്രണത്തിലുള്ള ഡാൻസാഫിന് കാറിൽ വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായുള്ള വിവരം ലഭിച്ചത്.
ഇതേ തുടർന്ന് ഒല്ലൂർ പൊലീസുമായി സഹകരിച്ചു സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വാഹനം പരിശോധിച്ചതിൽ നിന്നും എംഡിഎംഎ കണ്ടെത്തി. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ആലുവയിലെ വീട്ടിൽ കൂടുതൽ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു. ആലുവയിലെ വീട്ടിൽ നിന്നും കാറിൽ നിന്നുമായി രണ്ടര കിലോ എംഡിഎംഎയാണ് കണ്ടെത്തിയത്.
കൊച്ചിയിൽ നിന്നും തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടെയാണ് ഫാസിൽ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതി എംഡിഎംഎ എത്തിക്കുന്നത്. ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളിൽ നിന്നും കണ്ടെത്തിയ ലഹരി വസ്തുക്കൾക്ക് മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരുമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ലഹരികടത്തിന് നേരത്തെ ചന്തേര പൊലീസും ഫാസിലിനെതിരെ കേസെടുത്തിരുന്നു.