അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്; ഗൾഫ് യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു


● എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് കണ്ടെത്തിയത്.
● മിഥിലാജിന്റെ ഭാര്യ പിതാവിന്റെ ജാഗ്രത രക്ഷയായി.
● ജസീനും ശ്രീലാലിനുമെതിരെ പോലീസ് കേസെടുത്തു.
● ജസീൻ സംഭവശേഷം ഒളിവിൽപോയി.
കണ്ണൂർ: (KVARTHA) ഗൾഫിലേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ മാർഗങ്ങളുമായി ലഹരി മാഫിയ സംഘം. കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബുധനാഴ്ച രാത്രി ചക്കരക്കൽ കണയന്നൂർ സ്വദേശി മിഥിലാജിന്റെ വീട്ടിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച പാർസലെത്തിയത്.

ഗൾഫിലേക്ക് പോകാനിരുന്ന മിഥിലാജിന് കൊണ്ടുപോകുന്നതിനായാണ് അയൽവാസിയായ ജസീൻ ഈ പാർസൽ എത്തിച്ചത്. അച്ചാർ നിറച്ച ചെറിയ പ്ലാസ്റ്റിക് ബോട്ടിലിനുള്ളിൽ 2.6 ഗ്രാം എം.ഡി.എം.എയും 3.04 ഗ്രാം ഹാഷിഷ് ഓയിലും ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു.
ചിപ്‌സും മറ്റ് പലഹാരങ്ങളും അടങ്ങുന്ന പൊതിയിലായിരുന്നു അച്ചാർ ബോട്ടിൽ വെച്ചിരുന്നത്. ഗൾഫിലുള്ള വഹീം എന്നയാൾക്ക് കൊടുക്കാനായിരുന്നു ഈ പാർസൽ. ഇത് ശ്രീലാൽ എന്നയാൾ തന്നതാണെന്ന് മിഥിലാജിനോട് പറയണമെന്നും ജസീൻ നിർദേശിച്ചിരുന്നു. വഹീം മിഥിലാജിന് ഇക്കാര്യം സൂചിപ്പിച്ച് സന്ദേശവും അയച്ചിരുന്നു.
സംഭവ സമയം മിഥിലാജ് തന്റെ ഭാര്യ വീട്ടിലുണ്ടായിരുന്നില്ല. സാധാരണ പോലെ പാർസൽ ഏൽപ്പിച്ച് ജസീൻ മടങ്ങി. അച്ചാർ പ്ലാസ്റ്റിക് ബോട്ടിലിൽ സ്റ്റിക്കർ കാണാഞ്ഞതിനെ തുടർന്നുണ്ടായ സംശയത്താൽ മിഥിലാജിന്റെ ഭാര്യ പിതാവ് അമീർ അത് തുറന്ന് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അച്ചാർ കുപ്പിക്കുള്ളിൽ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയത്. ഉടൻ തന്നെ ചക്കരക്കൽ പോലീസിനെ വിവരമറിയിച്ചു.
ചക്കരക്കൽ എസ്.ഐ. എൻ.പി. ഷാജിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ കവറിനുള്ളിൽ കണ്ടെത്തിയത് മയക്കുമരുന്നാണെന്ന് സ്ഥിരീകരിച്ചു. ജസീനിനും ശ്രീലാലിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിനുശേഷം അയൽവാസിയായ ജസീൻ ഒളിവിൽ പോവുകയായിരുന്നു. വീട്ടുകാരുടെ ജാഗ്രതയാണ് മിഥിലാജിനെ മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നതിൽ നിന്നും രക്ഷിച്ചത്.
ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തുന്നവർക്കും തിരിച്ചും പലഹാരങ്ങളും ഭക്ഷ്യവസ്തുക്കളും കൊടുത്തുവിടുന്നത് സാധാരണമാണ്. വിസിറ്റിംഗ് വിസയിലോ അല്ലാതെയോ മടങ്ങുന്നവരുടെ കൈവശവും അനുവദനീയമായ അളവിൽ പാർസലുകൾ കൊടുത്തുവിടാറുണ്ട്.
സാമാന്യ മര്യാദയുടെ പേരിൽ പലരും ഇത് നിരസിക്കാറില്ല. എന്നാൽ ഈ സൗമനസ്യം പോലും മയക്കുമരുന്ന് കടത്താനുള്ള വഴിയായി ലഹരി മാഫിയ തിരഞ്ഞെടുക്കുകയാണ്. വിമാനത്താവളങ്ങളിലെ പരിശോധനയിൽ കുടുങ്ങിയാൽ സാധനങ്ങൾ കൊണ്ടുപോകുന്നവരാണ് കുഴപ്പത്തിലാകുന്നത്.
താൻ പേറിയത് മയക്കുമരുന്നാണെന്ന് പിടിവീഴുമ്പോഴാണ് പലരും തിരിച്ചറിയുന്നത്. പരിശോധനകൾ അത്ര കർശനമല്ലാത്ത ഓഫ് സീസണുകളിലാണ് ഇത്തരം മയക്കുമരുന്ന് കടത്തൽ കൂടുതലായി നടക്കുന്നത്. അയൽവാസിയെന്ന പരിഗണന മുതലെടുത്താണ് ജസീൻ രാത്രി മിഥിലാജിന്റെ ഭാര്യ വീട്ടിൽ പാർസൽ എത്തിച്ചത്.
പിറ്റേന്ന് രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പോകേണ്ടതിനാൽ വീട്ടുകാർ പാർസൽ പരിശോധിക്കുമെന്ന് ഇയാൾ കരുതിയിരുന്നില്ല. അമീറിന് എന്തോ സംശയം തോന്നിയതുകൊണ്ട് മാത്രമാണ് പാർസൽ പരിശോധിച്ചത്.
ഗൾഫിലുള്ള വഹീം എന്നയാൾക്ക് വേണ്ടിയാണെന്ന് പറഞ്ഞായിരുന്നു ജസീൻ പാർസൽ നൽകിയത്. വിമാനത്താവളത്തിന് പുറത്തുനിന്നും പാർസൽ വാങ്ങാമെന്നും ഇയാൾ പറഞ്ഞിരുന്നു. യഥാർത്ഥ കടത്തുകാരൻ ജസീനാണോ അതോ ശ്രീലാൽ ആണോ എന്ന കാര്യമാണ് പോലീസ് അന്വേഷിച്ചുവരുന്നത്.
ലഹരി മാഫിയയുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.
Article Summary: Drugs found in pickle jar, Gulf traveler saved by family.
#DrugSmuggling #KeralaCrime #GulfTravel #MDMA #HashishOil #Kannur