Scam | ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടം 120.30 കോടി! ഇരയാകുന്നത് എങ്ങനെ ഒഴിവാക്കാം?


● സൈബർ കുറ്റവാളികൾ നിയമപാലകരായി വേഷമിടുന്നു.
● പണം തട്ടിയെടുക്കാൻ വിവിധ തന്ത്രങ്ങൾ ഉപയോഗിക്കുന്നു.
● ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വളരെ വേഗത്തിൽ വ്യാപിക്കുന്നു.
അർണവ് അനിത
(KVARTHA) സൈബര്‍ തട്ടിപ്പിന്റെ ഏറ്റവും പുതിയ ഭാവമാണ് ഡിജിറ്റല്‍ അറസ്റ്റ്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ഇന്ത്യക്കാരുടെ പോക്കറ്റില്‍ നിന്ന് 120.30 കോടിയാണ് തട്ടിയെടുത്തതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡിജിറ്റല്‍ അറസ്റ്റില്‍ ഇന്ത്യക്കാര്‍ക്ക് 120.30 കോടിയും വ്യാപാര തട്ടിപ്പിൽ 1420.48 കോടിയും നിക്ഷേപ തട്ടിപ്പില്‍ 222.58 കോടിയും പ്രണയം/ഡേറ്റിംഗ് തട്ടിപ്പിൽ 13.23 കോടി രൂപയും നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് കുമാര്‍ പറഞ്ഞു.
ജനുവരി-ഏപ്രില്‍ മാസത്തെ ഡാറ്റയിലാണ് ഈ കണക്കുകള്‍ ഉള്ളത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ ഭാഗമായി, സൈബര്‍ തട്ടിപ്പുകാര്‍ നിയമപാലകരായി വേഷമിടുകയും ചില നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ഇരകളോട് പറയുകയും ചെയ്യും. പിന്നീട് കേസ് അവസാനിപ്പിക്കാന്‍ പണം ആവശ്യപ്പെടും. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിന്റെ (എന്‍സിആര്‍പി) കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെ 7.4 ലക്ഷം പരാതികളും 2023ല്‍ 15.56 ലക്ഷം പരാതികളും ലഭിച്ചു. കേരളത്തിലും ധാരാളം പേര്‍ ഇരയായിക്കൊണ്ടിരിക്കുന്നു.
സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവും നടി മാലാ പാര്‍വതിയും ഡിജിറ്റല്‍ അറസ്റ്റിലായെങ്കിലും തട്ടിപ്പിന് ഇരയാകാതെ കഷ്ടിച്ച് രക്ഷപെട്ടു. എന്നാല്‍ കൊച്ചിയില്‍ ഞായറാഴ്ച ഒരു വീട്ടമ്മയെ പറ്റിച്ച് പണം തട്ടി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് നടത്തുന്നവരില്‍ പലരും ലാവോസ്, മ്യാന്മര്‍, കംബോഡിയ എന്നിവിടങ്ങളിലുള്ളവരാണ്. ഈ രാജ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സൈബര്‍ ക്രൈം പ്രവര്‍ത്തനങ്ങള്‍, വ്യാജ തൊഴിലവസരങ്ങള്‍ ഉപയോഗിച്ച് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്നു. ഇതിനായി സോഷ്യല്‍ മീഡിയയെ ചൂഷണം ചെയ്തുകൊണ്ട് റിക്രൂട്ട്മെന്റ് ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വഞ്ചനാപരമായ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് കുമാര്‍ പറഞ്ഞു.
ഒരു സര്‍ക്കാര്‍ ഏജന്‍സികളും ഫോണിലൂടെ ആളുകളെ ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച (ഒക്ടോബര്‍ 27) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഡിജിറ്റല്‍ അറസ്റ്റിന്റെ' മറവില്‍ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കോടിക്കണക്കിന് രൂപയുടെ കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. ഡിജിറ്റല്‍ അറസ്റ്റ് കുംഭകോണത്തില്‍, തട്ടിപ്പുകാര്‍ ഇരകളെ കബളിപ്പിക്കാന്‍ നിയമപാലകരായി ആള്‍മാറാട്ടം നടത്തുന്നു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ സൈബര്‍ ഹെല്‍പ്പ് ലൈനില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കൂടാതെ, കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം ഓഫ് ഇന്ത്യ (സിഇആര്‍ടി-ഇന്‍) ഈ തട്ടിപ്പുകാര്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന രീതികളുടെ ഒരു ലിസ്റ്റ് നല്‍കിയിട്ടുണ്ട്.
എന്താണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്?
നിങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഇരകളെ കബളിപ്പിക്കുന്ന ഓണ്‍ലൈന്‍ തട്ടിപ്പാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. തട്ടിപ്പുകാര്‍ ഇരകളെ ഭയപ്പെടുത്തുകയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കള്ളക്കേസെടുക്കുകയും ചെയ്യുന്നു. അവര്‍ പിന്നീട് പണം ആവശ്യപ്പെടുകയും പണമടയ്ക്കാന്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു
തട്ടിപ്പ് എങ്ങനെ?
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിൽ, കുറ്റവാളികള്‍ സിബിഐ ഏജന്റുമാര്‍, ആദായനികുതി ഉദ്യോഗസ്ഥര്‍, അല്ലെങ്കില്‍ കസ്റ്റംസ് ഏജന്റുമാര്‍, നിയമപാലകര്‍ എന്നിങ്ങിനെ പലതരത്തിലുള്ള ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇരകളുമായി ഫോണില്‍ ബന്ധപ്പെടാന്‍ തുടങ്ങും. തുടര്‍ന്ന്, വാട്ട്സ്ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ വീഡിയോ ആശയവിനിമയത്തിലേക്ക് മാറണമെന്ന് അവര്‍ ഇരകളോട് അഭ്യര്‍ത്ഥിക്കുന്നു. സാമ്പത്തിക ക്രമക്കേട്, നികുതി വെട്ടിപ്പ് അല്ലെങ്കില്‍ മറ്റ് നിയമ ലംഘനങ്ങള്‍ എന്നിങ്ങനെ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തട്ടിപ്പുകാര്‍ ഇരകളെ ഡിജിറ്റല്‍ അറസ്റ്റ് വാറണ്ട് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു.
ചില സന്ദര്‍ഭങ്ങളില്‍, കോള്‍ നിയമാനുസൃതമാണെന്ന് ഇരകളെ കൂടുതല്‍ ബോധ്യപ്പെടുത്താന്‍ തട്ടിപ്പുകാര്‍ കൃത്രിമമായി പോലീസ് സ്റ്റേഷന്‍ സജീകരിക്കുന്നു. കേസില്‍ നിന്ന് ഒഴിവാക്കാനോ, അന്വേഷണണം അനുകൂലമാക്കാനോ നിര്‍ദിഷ്ട ബാങ്ക് അക്കൗണ്ടുകളിലേക്കോ, യുപിഐ ഐഡികളിലേക്കോ വലിയ തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു. ഇരകള്‍ അനുസരിക്കുകയും പേയ്മെന്റ് നടത്തുകയും ചെയ്തുകഴിഞ്ഞാല്‍, തട്ടിപ്പുകാര്‍ മുങ്ങും.
തട്ടിപ്പിന് ഇരയാകാതെ എങ്ങനെ രക്ഷപ്പെടാം?
തട്ടിപ്പിൽ നിന്ന് സ്വയം രക്ഷിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ എപ്പോഴും ജാഗരൂകരായിരിക്കുക എന്നതാണ്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ നിന്ന് നിങ്ങളെ രക്ഷിക്കാനുള്ള ചില നുറുങ്ങുകള്‍ ഇതാണ്.
● നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ വിശ്വസിക്കരുത്. യഥാര്‍ത്ഥ നിയമ നിര്‍വ്വഹണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ഒരിക്കലും പേയ്മെന്റോ ബാങ്കിംഗ് വിശദാംശങ്ങളോ ആവശ്യപ്പെടില്ലെന്ന് ഓര്‍മ്മിക്കേണ്ടത് വളരെ പ്രധാന കാര്യമാണ്.
● സൈബര്‍ കുറ്റവാളികളുടെ 'സമ്മര്‍ദ തന്ത്രങ്ങള്‍ക്ക്' വഴങ്ങരുത്, അവര്‍ 'അടിയന്തരസാഹചര്യം' സൃഷ്ടിച്ച് വേഗത്തിലുള്ള നടപടിക്കൊരുങ്ങുന്നു.
● ഫോണ്‍ വിളികളെക്കുറിച്ച് നിങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍, അവര്‍ പറയുന്ന അന്വേഷണ ഏജന്‍സിയെ നേരിട്ട് ബന്ധപ്പെട്ട് അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുക. പരിഭ്രാന്തരാകരുത്.
● വ്യക്തിഗത വിവരങ്ങള്‍ പങ്കിടുന്നത് ഒഴിവാക്കുക, ഫോണിലൂടെയോ വീഡിയോ കോളുകളിലൂടെയോ, പ്രത്യേകിച്ച് അജ്ഞാത നമ്പറുകളിലേക്ക് ഒരിക്കലും രഹസ്യസ്വഭാവമുള്ള വ്യക്തിപരമോ സാമ്പത്തികമോ ആയ വിശദാംശങ്ങള്‍ വെളിപ്പെടുത്തരുത്.
● ഔദ്യോഗിക ആശയവിനിമയത്തിന് സര്‍ക്കാര്‍ ഏജന്‍സികള്‍ വാട്സ്ആപ് അല്ലെങ്കില്‍ സ്‌കൈപ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നില്ലെന്ന് ഓര്‍ക്കുക.
● നിങ്ങള്‍ വഞ്ചിക്കപ്പെടുന്നുവെന്ന് കരുതുന്നുവെങ്കില്‍, സംഭവം ലോക്കല്‍ പോലീസിനെയോ സൈബര്‍ പൊലീസിനെയോ അറിയിക്കാന്‍ മറക്കരുത്.
● ഈ 'ഉയര്‍ന്നുവരുന്ന സൈബര്‍ ഭീഷണിയില്‍' നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് 'ജാഗ്രതയോടെയും അറിവോടെയും' ഇരിക്കുക നിര്‍ണായകമാണെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ അറിയിച്ചു.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാകുകയും പണം നഷ്ടപ്പെടുകയും ചെയ്താല്‍ എന്തുചെയ്യും?
നിങ്ങള്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയാണെങ്കില്‍, നിങ്ങളുടെ ബാങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്യുക എന്നതാണ് ആദ്യപടി. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (cybercrime.gov.in) ഒരു പരാതി ഫയല്‍ ചെയ്യുക. നിങ്ങളുടെ പക്കലുള്ള തെളിവുകള്‍ സൂക്ഷിക്കുക; കോള്‍ വിശദാംശങ്ങള്‍, ഇടപാട് വിശദാംശങ്ങള്‍, സന്ദേശങ്ങള്‍ മുതലായവ.ആവശ്യമെങ്കില്‍ ഒരു അഭിഭാഷകന്റെ സഹായം തേടുക
#digitalarrest #cybercrime #onlinefraud #staysafe #cybersecurity #scamalert #india