Assault Case | മൈനാഗപ്പള്ളിയിൽ വിദ്യാർഥിയെ മർദിച്ച കേസ്: പ്രതികളെ പിടികൂടണമെന്ന് ആവശ്യം
● ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച.
● യുവാക്കളായ ഏഴുപേരാണ് സംഘമായി ആക്രമണം നടത്തിയത്.
● അക്രമി സംഘത്തിലെ നാലുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചുവെങ്കിലും ജാമ്യം ലഭിച്ചു.
ശാസ്താംകോട്ട: (KVARTHA) മൈനാഗപ്പള്ളി മിലാദേ ഷെരീഫിലെ 10ാം ക്ലാസ് വിദ്യാർഥിയും ഐ.സി.എസ് ജങ്ഷനില്‍ പി.എച്ച് മൻസിലില്‍ സിദ്ധീഖിന്‍റെ മകനുമായ ആഷിഖി(15) നെ സംഘം ചേർന്ന് മർദിച്ച കേസിൽ പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ആവശ്യപ്പെട്ട് രക്ഷാകർത്താക്കൾ സംസ്ഥാന ബാലാവകാശ കമ്മീഷനും കൊട്ടാരക്കര റൂറൽ എസ്.പിക്കും പരാതി നൽകി.
ആഷിഖിന് കഴിഞ്ഞ 24ന് മർദനമേറ്റതായാണ് പരാതി. വൈകീട്ട് അഞ്ചോടെ ബൈക്കുകളിലെത്തിയ ഏഴുപേർ ആഷിഖിനെ വീടിന് മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി ഗുരുതരമായി മർദിച്ചുവെന്നും ഇൻസ്റ്റഗ്രാം വഴി മെസേജ് അയച്ചു എന്ന പേരിലാണ് ഈ ആക്രമണം നടന്നതെന്നും ആരോപിക്കപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ആഷിഖിനെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമി സംഘത്തിലെ നാലുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചുവെങ്കിലും ജാമ്യം ലഭിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ക്രൂരമായി മർദിച്ച കേസിൽ പൊലീസ് ഗൗരവതരമായ വകുപ്പ് ചുമത്താത്തത് കാരണമാണ് ഇവർക്ക് ജാമ്യം ലഭിച്ചതെന്ന് രക്ഷാകർത്താക്കൾ ആരോപിക്കുന്നു.
ക്വട്ടേഷൻ കൊടുത്തവരെയും വ്യാജ ഐ.ഡി ഉണ്ടാക്കി സന്ദേശം അയച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം. സ്കൂൾ അധികൃതരും ഇക്കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്.
#StudentSafety #AssaultCase #Kerala #PublicDemand #JusticeForAshiq #MinorRights