Drugs | കോഴിക്കോട് മരിച്ച യുവാവ് വിഴുങ്ങിയത് മൂന്ന് പായ്ക്കറ്റുകളെന്ന് പരിശോധനാ റിപ്പോര്‍ട്ട്; എംഡിഎംഎക്ക് പുറമേ കഞ്ചാവും ഉള്ളിൽ ചെന്നെന്ന് സംശയം


● യുവാവിൻ്റെ വയറ്റിൽ നിന്ന് രണ്ട് എംഡിഎംഎ പായ്ക്കറ്റുകൾക്ക് പുറമേ മറ്റൊരു പായ്ക്കറ്റ് കൂടി കണ്ടെത്തി.
● താൻ കഞ്ചാവ് വിഴുങ്ങിയതായി ഷാനിദ് പോലീസിനോട് പറഞ്ഞിരുന്നു.
● പൊലീസ് വാഹനം കണ്ടയുടൻ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികൾ വിഴുങ്ങി ഓടിരക്ഷപ്പെടാൻ ശ്രമിച്ചു.
● താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളിൽ ഇയാൾ വ്യാപകമായി ലഹരി വിൽപന നടത്തിയിരുന്നതായി നാട്ടുകാർ പരാതി നൽകിയിരുന്നു.
● താമരശ്ശേരി, കോടഞ്ചേരി സ്റ്റേഷനുകളിൽ ഷാനിദിൻ്റെ പേരിൽ കഞ്ചാവ് ഉപയോഗിച്ചതിന് കേസുകളുണ്ട്.
കോഴിക്കോട്: (KVARTHA) എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങി മരിച്ച യുവാവ് കഞ്ചാവ് പായ്ക്കറ്റും വിഴുങ്ങിയതായി പൊലീസ് സംശയിക്കുന്നു. ഡോക്ടര്‍മാരുടെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. രണ്ട് എംഡിഎംഎ പായ്ക്കറ്റുകള്‍ക്ക് പുറമേ മറ്റൊരു പായ്ക്കറ്റും ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയതായി പറയുന്നു. ഇത് കഞ്ചാവ് അടങ്ങിയ പായ്ക്കറ്റാണെന്നാണ് പോലീസ് സംശയിക്കുന്നത്. താന്‍ കഞ്ചാവ് വിഴുങ്ങിയതായി ഷാനിദ് പോലീസിനോട് പറഞ്ഞിരുന്നതായി പോലീസ് പറയുന്നു.
വെള്ളിയാഴ്ച പോലീസ് പട്രോളിങ്ങിനിടെയാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഷാനിദിനെ പോലീസ് പിടികൂടിയത്. പോലീസ് വാഹനം കണ്ടയുടന്‍ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതികള്‍ വിഴുങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായും ഇത് കണ്ട പോലീസ് പിന്നാലെ ഓടി ഷാനിദിനെ പിടികൂടിയതായും പൊലീസ് പറയുന്നു. താന്‍ വിഴുങ്ങിയത് എംഡിഎംഎ ആണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ഷാനിദിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവാവിനെ എന്‍ഡോസ്‌കോപ്പിക്ക് വിധേയനാക്കി. ഇതില്‍ യുവാവിന്റെ വയറ്റില്‍ രണ്ട് പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുള്ള വസ്തു ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ യുവാവിന്റെ നില വഷളാകുകയും മരണപ്പെടുകയുമായിരുന്നു.
ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്നു ഷാനിദ്. അടുത്തിടെയാണ് ഇയാള്‍ നാട്ടിലെത്തിയത്. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി ലഹരി വില്‍പന നടത്തിയിരുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലും ഷാനിദിന്റെ പേരിൽ കഞ്ചാവ് ഉപയോഗിച്ചതിന് നേരത്തേ കേസുകളുണ്ട്.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
A young man in Kozhikode died after allegedly ingesting MDMA and cannabis packets. Police suspect drug overdose. The deceased had recently returned from the Gulf and had prior drug-related cases.
#Kozhikode #MDMA #Cannabis #DrugOverdose #PoliceInvestigation #KeralaNews