SWISS-TOWER 24/07/2023

സമൂഹമാധ്യമങ്ങളിലെ സൈബർ ആക്രമണം: പൊതുപ്രവർത്തകരായ സ്ത്രീകൾ വേട്ടയാടപ്പെടുമ്പോൾ
 

 
A representative image of online harassment against women in public life.
A representative image of online harassment against women in public life.

Representational Image generated by Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വ്യാജ വാർത്ത ആദ്യം പ്രചരിപ്പിച്ചത് യൂട്യൂബ് ചാനലാണ്.
● തനിക്കെതിരെ വന്ന ആരോപണങ്ങളെ ഷൈൻ ശക്തമായി പ്രതിരോധിച്ചു.
● മറ്റുള്ളവർക്കും മാതൃകയാവുന്നതാണ് ഷൈനിന്റെ പ്രതികരണം.
● സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും.
● രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ വഴിതിരിക്കാനാണോ എന്നും സംശയം.

നവോദിത്ത് ബാബു 

(KVARTHA) കേരളത്തിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ ഒട്ടേറെ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. പെൺപിളൈ ഒരുമൈ സമരം മുതൽ ആശാ വർക്കർമാരുടെ അതിജീവന പോരാട്ടങ്ങൾ വരെ രാഷ്ട്രീയ കേരളം കണ്ടതാണ്. ഇപ്പോഴും തുടരുന്ന പല സമരങ്ങളുടെയും മുൻനിരയിൽ സ്ത്രീകൾ തന്നെയാണുള്ളത്. നമ്മുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മന്ത്രിസഭയുടെയും നേതൃത്വത്തിലും സ്ത്രീകളുണ്ട്. 

Aster mims 04/11/2022

എല്ലാ പാർട്ടികളിലും സ്ത്രീ പ്രാതിനിധ്യം കൂടി വരുമ്പോൾ ലിംഗവിവേചനവും അപമാനിക്കപ്പെടലും സംഭവിക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന ഉയർന്ന തലത്തിൽനിന്ന് പോലും ലൈംഗിക ചൂഷണത്തിന് അവരെ ഇരയാക്കുന്ന പ്രവണത ചില പാർട്ടികളിലെങ്കിലും നടന്നു വരുന്നുണ്ട്. 

ഇത് പൊതുപ്രവർത്തന രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നത് കുറയ്ക്കാൻ ഇടയാക്കും. സി.പി.എം വനിതാ നേതാവും എറണാകുളം മുൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും അധ്യാപക സംഘടന നേതാവുമായ കെ.ജെ. ഷൈനിനെതിരെയുണ്ടായ സൈബർ ആക്രമണം ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

ഒരു പകലും രാത്രിയും ഒരാളും കേൾക്കാൻ ആഗ്രഹിക്കാത്തത്ര അപവാദങ്ങൾ സൈബർ ഇടങ്ങളിലൂടെ കേട്ട ഒരു സ്ത്രീ ചിരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞ വാക്കുകൾ നമ്മൾ കേട്ടതാണ്. പൊതുപ്രവർത്തകയായതിന്റെ പേരിൽ മാത്രം ഒരു ആൺകൂട്ടം വേട്ടയാടിയ സ്ത്രീ, തന്നെ ഇതൊന്നും ബാധിക്കില്ലെന്ന് പറഞ്ഞ് ധൈര്യത്തോടെ നമുക്ക് മുന്നിൽ വന്നു നിന്നു. 

അവർ പറഞ്ഞതുപോലെ അവർക്ക് വേണ്ടി മാത്രമായിരുന്നില്ല ആർജ്ജവത്തോടെയുള്ള ആ നിലപാട്, മറിച്ച് ഇവിടെയുള്ള മുഴുവൻ സ്ത്രീകൾക്കും കൂടിയായിരുന്നു. എൽഡിഎഫിന്റെ ലോക്‌സഭാ സ്ഥാനാർത്ഥിയായിരുന്ന, അധ്യാപികയായ, പൊതുപ്രവർത്തകയായ കെ ജെ ഷൈനിന്റെ വ്യക്തിജീവിതത്തെ അപഹസിക്കുന്ന അപവാദ കഥ പുറത്തുവന്നതും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഊഹാപോഹ കഥകളായി പ്രചരിക്കുന്നതും യാതൊരു തെളിവോ വസ്തുതാപരമായ പരാതികളോ ഇല്ലാതെയാണ്.

പൊതുപ്രവർത്തന രംഗത്ത് നിൽക്കുന്ന ഒരു അധ്യാപികയെ പിന്നോട്ട് വലിക്കുന്ന സംഭവവികാസങ്ങളാണ് ഒരു എം.എൽ.എയുടെ പേരിൽ ഷൈനിനെതിരെ ഉയർന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ അവരും പാർട്ടിയും നടത്തുന്ന പ്രതിരോധം നിലനിൽപ്പിന്റെകൂടിതാണ്.

അങ്ങേയറ്റം മലീമസമായ പ്രചരണങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഷൈനിനെതിരെ ഉയർന്നുവന്നത്. ഒരു എം.എൽ.എയെ മുൻനിർത്തി അവർ കേൾക്കേണ്ടി വന്ന അപവാദം ആദ്യം പൊട്ടിപ്പുറപ്പെട്ടത് ഒരു യൂട്യൂബ് ചാനലിലായിരുന്നു. ഇത് പിന്നീട് സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ പ്രചരിപ്പിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട അപവാദം യാതൊരുവിധ വസ്തുതാന്വേഷണവും ഇല്ലാതെ ഒരു മാധ്യമവും പ്രസിദ്ധീകരിച്ചു. 

എന്നാൽ ഇതിലൊന്നും തളരാതെ തനിക്കെതിരെ വന്ന ആരോപണങ്ങളുടെ മുനയൊടിച്ച് ഷൈൻ രംഗത്തുവരികയായിരുന്നു. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്ന് ഷൈൻ പറഞ്ഞതിന് പിന്നാലെ പലരും അപവാദ പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. 

പൊതുരംഗത്ത് നിൽക്കുന്ന സ്ത്രീകൾ സൈബർ ആക്രമണങ്ങൾ നേരിടുന്നത് ഇതാദ്യമായല്ല, നമ്മുടെ സമൂഹത്തിന്റെ പോക്ക് ഈ രീതിയിൽ തന്നെയാണെങ്കിൽ ഇത് അവസാനത്തേതുമാകില്ല.

പക്ഷേ, ഇവിടെ ഷൈൻ ടീച്ചർ പ്രതികരിച്ച രീതി പലർക്കും ധൈര്യം നൽകുന്നത് തന്നെയാണ്. 'നിലാവ് കാണുമ്പോൾ പട്ടികൾ കുരയ്ക്കും. പട്ടിക്ക് കുരയ്ക്കാതിരിക്കാനാവില്ല, നിലാവിന് ഉദിക്കാതിരിക്കാനുമാകില്ല' എന്നായിരുന്നു ആദ്യം തന്നെ ഈ ആരോപണങ്ങൾക്കെതിരെ ഷൈൻ പ്രതികരിച്ചത്. മാത്രവുമല്ല, താൻ എവിടെ പോകുന്നു, എന്തു ചെയ്യുന്നുവെന്ന് ഈ സമൂഹത്തെ അറിയിക്കേണ്ടതില്ലെന്നും ഒരു വ്യക്തിക്ക് ലിംഗവ്യത്യാസമില്ലാതെ അന്തസ്സായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഷൈൻ പറയുന്നിടത്ത് തന്നെയുണ്ട് അവരുടെ കൃത്യമായ രാഷ്ട്രീയം. 

തനിക്ക് വേണ്ടി മാത്രമുള്ള പോരാട്ടമല്ലിതെന്നും അവർ പറഞ്ഞുവെക്കുന്നുണ്ട്. ഈ ആക്രമണങ്ങളെ നേരിടേണ്ടത് എങ്ങനെയെന്ന് അറിയാത്ത, അവിടെ പതറിപ്പോകുന്ന മനുഷ്യർക്കാകെയും മാതൃകയാകുകയാണ് ഈ സ്ത്രീ. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങൾ ഇവിടെ പുത്തരിയല്ല. 

തനിക്കെതിരെ ഒരു ബോംബ് വരുന്നുവെന്ന് പ്രാദേശിക കോൺഗ്രസ് നേതാവ് സൂചന നൽകിയെന്ന് ഷൈൻ വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ വഴിതിരിച്ചുവിടാനുള്ള ആലോചനയാണോയിതെന്നും ഷൈൻ സംശയിക്കുന്നുണ്ട്. അപ്പോഴും എന്തുകൊണ്ട് ഷൈൻ എന്ന ചോദ്യത്തിന് അവർ പൊതുപ്രവർത്തകയായ സ്ത്രീയാണെന്നതാണ് ഉത്തരം.

സ്ത്രീകളെ ലൈംഗികമായും അല്ലാതെയും അധിക്ഷേപിക്കുന്ന കാഴ്ചകൾ പലപ്പോഴായി കാണുന്നതാണ്. 97 വയസ്സുകഴിഞ്ഞ ലീലാവതി ടീച്ചർ സംഘപരിവാറിന്റെ സൈബർ ആക്രമണത്തിന് വിധേയയായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടില്ല. രാഹുലിനെതിരെ ആരോപണമുയർത്തിയ റിനിക്കും, രാഹുലിനെതിരെ സംസാരിച്ച ഉമാ തോമസിനുൾപ്പെടെ സ്വന്തം പാർട്ടിയിലെ സൈബർ ഇടത്തെ പ്രവർത്തകരിൽ നിന്നും കേട്ട അവഹേളനങ്ങളും നാം കണ്ടതാണ്.

കെ കെ ശൈലജ, ആര്യാ രാജേന്ദ്രൻ, കെ കെ രമ തുടങ്ങി പൊതുരംഗത്ത് നിൽക്കുന്നവരുടെയും സിനിമാ-സാഹിത്യ മേഖലകളിലെയും ഉൾപ്പെടെയുള്ള സ്ത്രീകളെ അവരുടെ ആശയത്തിന്റെ, രാഷ്ട്രീയത്തിന്റെ, കാഴ്ചപ്പാടിന്റെയെല്ലാം പേരിൽ അവഹേളിക്കുന്നത് ഈ സാക്ഷര സമൂഹത്തിൽ തുടർക്കഥയാകുകയാണ്. എന്തിനേറെ, രാഷ്ട്രീയ മേഖലയിലില്ലാത്ത, പങ്കാളികൾ രാഷ്ട്രീയക്കാരായതിന്റെ പേരിൽ മാത്രം അവഹേളിക്കപ്പെടുന്നവരും ഇവിടെയുണ്ട്. 

സ്ത്രീയായതിന്റെയും അഭിപ്രായമുള്ള സ്ത്രീയായതിന്റെയും പേരിൽ മാത്രം അവഹേളനങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്ന നിരവധി സ്ത്രീകൾക്ക് ഊർജം പകരുന്നതാണ് കെ ജെ ഷൈനിന്റെ പ്രതിരോധം.

പൊതുരംഗത്തെ സ്ത്രീകൾക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, നിങ്ങളുടെ സുഹൃത്തുക്കളുമായി ഈ വാർത്ത ഷെയർ ചെയ്യൂ

Article Summary: Publicly active women face cyberattacks, exemplified by K.J. Shine.

#CyberBullying #KeralaPolitics #KJSine #WomenInPolitics #OnlineHarassment #Kerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia