Crime | 'മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇറച്ചി അറുത്തുമാറ്റി'; ബീച്ചില്‍ കശാപ്പ് ചെയ്ത നിലയില്‍ ഡോള്‍ഫിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പൊലീസ് കേസ്

 
Dolphin's remains discovered on New Jersey beach
Dolphin's remains discovered on New Jersey beach

Photo Credit: Facebook/Marine Mammal Stranding Center

● സസ്തനിയുടെ എല്ല് മാത്രമായാണ് തീരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
● ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് ഡോള്‍ഫിന്റെ മൃതദേഹം കണ്ടെത്തിയത്.
● കൊല്ലപ്പെട്ടത് എത്തരത്തിലെന്ന് കണ്ടെത്താന്‍ അന്വേഷണം.

ന്യൂജേഴ്‌സി: (KVARTHA) ബീച്ചില്‍ കശാപ്പ് ചെയ്ത നിലയില്‍ ഡോള്‍ഫിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ അലന്‍ വേവ് ബീച്ചിലാണ് സംഭവം. വേട്ടക്കാര്‍ ഇറച്ചി അറുത്തെടുത്തശേഷം ഉപേക്ഷിച്ച ഡോള്‍ഫിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ഇറച്ചി പൂര്‍ണമായും മുറിച്ച് മാറ്റിയ നിലയിലായതിനാലാണ് ഡോള്‍ഫിനെ മനുഷ്യര്‍ വേട്ടയാടിയതാണെന്ന സംശയം ബലപ്പെടാന്‍ കാരണമായത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. ആബ്‌സ്‌ബെറി പാര്‍ക്കിന്റെ വടക്കന്‍ മേഖലയില്‍ കിടന്ന ഡോള്‍ഫിന്റെ മൃതദേഹം ബീച്ചില്‍ നടക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തുന്നതിന് ഒരു ദിവസം മുന്‍പ് ബീച്ചിന് പരിസരത്തായി നീന്താന്‍ ബുദ്ധിമുട്ടുന്ന നിലയില്‍ ഒരു ഡോള്‍ഫിനെ കണ്ടതായാണ് അധികൃതര്‍ വിശദമാക്കുന്നത്. ഇതേ ഡോള്‍ഫിന്റെ മൃതദേഹ ഭാഗമാകാമെന്ന നീരീക്ഷണത്തിലാണ് അധികൃതരുള്ളത്. 

ഹൃദയവും ശ്വാസകോശവും ഒഴികെയുള്ള എല്ലാ അവയവങ്ങളും വേട്ടക്കാര്‍ നീക്കം ചെയ്ത നിലയിലാണ് ഉള്ളത്. എന്നാല്‍ തലയിലെ ഇറച്ചി വേട്ടക്കാര്‍ എടുത്തിട്ടില്ല. മൃതദേഹ ഭാഗങ്ങള്‍ മറൈന്‍ മാമല്‍ സ്രാന്‍ഡിംഗ് സെന്ററില്‍ നിന്നുള്ള പ്രവര്‍ത്തകരെത്തി വിശദമായി പരിശോധിച്ചതിന് പിന്നാലെ ബീച്ചില്‍ തന്നെ കുഴിച്ച് മൂടി.

ക്രൂരമായി കൊല്ലപ്പെട്ട സാധാരണ ഡോള്‍ഫിന്‍ വിഭാഗത്തിലുള്ള ഈ സസ്തനിയെ, ഭീഷണി നേരിടുന്ന വിഭാഗത്തില്‍ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും എത്തരത്തിലാണ് ചത്തതെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നാണ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌സ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ വിശദമാക്കുന്നത്.

#dolphin #animalcruelty #wildlife #marinelife #conservation #NewJersey #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia