Arrest | തളിപ്പറമ്പിൽ നിന്ന് കാണാതായ ക്രെയിൻ കണ്ടെത്തി; രണ്ട് പേർ പിടിയിൽ


● കോട്ടയം രാമപുരം പൊലീസ് പിടികൂടി
● കുപ്പം സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ക്രെയിനാണ് കാണാതായത്
● 25 ലക്ഷം രൂപ വിലമതിക്കുന്ന എ.സി.ഇ കമ്പനിയുടെ ക്രെയിനാണ് നഷ്ടപ്പെട്ടത്
കണ്ണൂർ: (KVARTHA) തളിപ്പറമ്പിൽ നിന്ന് കടത്തിയ ക്രെയിൻ കോട്ടയം രാമപുരം പൊലീസ് പിടികൂടി. സംഭവത്തിൽ എരുമേലി സ്വദേശി മാർട്ടിനും സഹായിയും അറസ്റ്റിലായി. മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ ക്രെയിനാണ് മോഷണം പോയത്. മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിൻ മുൻപ് ഇതേ കൺസ്ട്രക്ഷൻ കമ്പനി വാടകയ്ക്ക് എടുത്തിരുന്നു.
ദേശീയപാത നിർമ്മാണത്തിനിടെ ഉണ്ടായ അപകടത്തിൽ വാടകയ്ക്കെടുത്ത ക്രെയിന് നാശനഷ്ടം സംഭവിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ ബാക്കിയുണ്ട്. ഇതാണ് മാർട്ടിന്റെ നേതൃത്വത്തിൽ ഇവിടെയെത്തി ക്രെയിൻ കടത്തിക്കൊണ്ടുപോകാൻ കാരണമെന്ന് പൊലീസ് പറഞ്ഞു.
ദേശീയപാത നിർമ്മാണ പ്രവൃത്തിക്ക് എത്തിച്ച മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ കെ.എൽ-86 എ-9695 ക്രെയിനാണ് തിങ്കളാഴ്ച പുലർച്ചെ 1.08 ന് കുപ്പം ദേശീയപാതയോരത്തു നിന്ന് കാണാതായത്. സൈറ്റ് എഞ്ചിനീയർ ചെങ്ങന്നൂർ സ്വദേശി സൂരജ് സുരേഷിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നത്.
തളിപ്പറമ്പ് എസ്ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ പൊലീസ് സിസിടിവി പരിശോധിച്ച് മാഹി വരെ എത്തിയിരുന്നു. തളിപ്പറമ്പ് പൊലീസ് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും മോഷ്ടിക്കപ്പെട്ട ക്രെയിൻ സംബന്ധിച്ച വിവരങ്ങൾ നൽകിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് രാമപുരം പൊലീസ് ക്രെയിൻ കണ്ടെത്തിയത്.
#CraneTheft #Kannur #Kerala #CrimeNews #NationalHighway #Construction