Criticism | 'കോടതിയോട് കളിക്കാൻ നിൽക്കണ്ട, ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാൻ ഉത്തരവിടും'; ബോബി ചെമ്മണൂരിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം


● 'ബോബി സൂപ്പർ കോടതി ചമയേണ്ട'.
● 'തനിക്ക് മുകളിൽ ആരുമില്ലെന്ന് കരുതേണ്ട.'
● ബോബിയുടെ നടപടികളെ കോടതി, 'നാടകം' എന്ന് വിശേഷിപ്പിച്ചു.
കൊച്ചി: (KVARTHA) നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതനാകാൻ വൈകിയ വ്യവസായി ബോബി ചെമ്മണൂരിനെതിരെ ഹൈകോടതിയുടെ രൂക്ഷ വിമർശനം. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ബോബിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കോടതിയോടു കളിക്കാൻ നിൽക്കരുതെന്നും ജാമ്യം റദ്ദാക്കി വീണ്ടും അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബോബിയുടെ നടപടികളെ 'നാടകം' എന്ന് വിശേഷിപ്പിച്ച കോടതി, ഇത്തരം പ്രവണതകൾ അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
'ബോബി സൂപ്പർ കോടതി ചമയേണ്ട. തനിക്ക് മുകളിൽ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം', ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ ശക്തമായ ഭാഷയിൽ പറഞ്ഞു. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താൻ കോടതിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാമ്യം ലഭിച്ചിട്ടും ബോബി എന്തിന് ജയിലിൽ തുടർന്നുവെന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപ് അറിയിക്കണമെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചെങ്കിലും ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ബോബി ചെമ്മണൂർ കാക്കനാട് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. ജാമ്യ ഉത്തരവ് ജയിലിൽ എത്തിയിട്ടില്ലെന്നും അതിനാലാണ് മോചനം വൈകുന്നതെന്നുമായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. എന്നാൽ, വിവിധ കേസുകളിൽ പ്രതികളായി ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും സാങ്കേതിക കാരണങ്ങളാലും മറ്റും പുറത്തിറങ്ങാൻ സാധിക്കാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അദ്ദേഹം ജയിൽ മോചിതനാകാൻ തയ്യാറാകാതിരുന്നത്. ജയിലിന് പുറത്തിറങ്ങിയ ശേഷവും അദ്ദേഹം ഈ നിലപാട് ആവർത്തിച്ചു.
#BobyChemmannur #KeralaHighCourt #BailViolation #Assault #LegalBattle