Crime | ഹരിയാനയിലെ കോൺഗ്രസ് വനിതാ നേതാവിന്റെ ദുരൂഹതകൾ നിറഞ്ഞ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ


● സച്ചിൻ നാഗ്‌ലോയിയാണ് അറസ്റ്റിലായത്
● ഹിമാനി നർവാളും സച്ചിൻ നാഗ്‌ലോയിയും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു.
● ഹിമാനി പണം ആവശ്യപ്പെട്ട് ബ്ലാക്ക്മെയിൽ ചെയ്തിരുന്നതായി സച്ചിൻ
ചണ്ഡീഗഡ്: (KVARTHA) യൂത്ത് കോൺഗ്രസ് നേതാവ് ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തതായി ഹരിയാന പൊലീസ് അറിയിച്ചു. സച്ചിൻ നാഗ്‌ലോയി എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും, അതല്ല ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും പറയുന്നു. ഹിമാനി നർവാളുമായി പ്രതി സച്ചിന് ബന്ധമുണ്ടായിരുന്നുവെന്നും പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ചോദ്യം ചെയ്യലിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
'ചോദ്യം ചെയ്യലിൽ സച്ചിൻ കുറ്റം സമ്മതിക്കുകയും ഇരുവരും വളരെക്കാലമായി ബന്ധത്തിലായിരുന്നുവെന്ന് പൊലീസിനോട് പറയുകയും ചെയ്തു. അറസ്റ്റിനിടെ ഹിമാനിയുടെ മൊബൈൽ ഫോൺ സച്ചിന്റെ കൈവശം ഉണ്ടായിരുന്നു. ഹിമാനി ലക്ഷങ്ങൾ തട്ടിയെടുക്കുകയും കൂടുതൽ പണം ആവശ്യപ്പെടുകയും ചെയ്തിരുന്നതായി സച്ചിൻ മൊഴി നൽകി. ഹിമാനി തന്നെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും സച്ചിൻ പറഞ്ഞു. പണത്തിനായുള്ള നിരന്തരമായ ആവശ്യം കാരണം നിരാശനായ സച്ചിൻ റോഹ്തകിലെ വീട്ടിൽ വെച്ച് ഹിമാനിയെ കൊലപ്പെടുത്തുകയായിരുന്നു. റോഹ്തകിലെ വിജയ് നഗറിലെ തറവാട്ട് വീട്ടിലായിരുന്നു ഹിമാനി താമസിച്ചിരുന്നത്', പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
സ്യൂട്ട്കേസിലെ ദുരൂഹതയും കൊലപാതകത്തിന്റെ ചുരുളഴിയുന്നു
ഹിമാനിയുടെ വീട്ടിൽ നിന്നുള്ളതായിരുന്നു മൃതദേഹം കണ്ടെത്തിയ സ്യൂട്ട്കേസെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഹിമാനിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ നിറച്ച് ബസ് സ്റ്റാൻഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് സച്ചിൻ പൊലീസിനോട് പറഞ്ഞു. ശനിയാഴ്ചയാണ് ഹിമാനിയുടെ മൃതദേഹം സ്യൂട്ട്കേസിൽ നിറച്ച നിലയിൽ റോഹ്തകിൽ കണ്ടെത്തിയത്. തുടർന്ന് ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കൊലയാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്കരിക്കില്ലെന്ന് ഹിമാനിയുടെ കുടുംബം അറിയിച്ചിരുന്നു.
രാഷ്ട്രീയ സമ്മർദവും അന്വേഷണവും
കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കൾ ഹിമാനിയുടെ രാഷ്ട്രീയ വളർച്ചയിൽ അസൂയ പൂണ്ടിരുന്നതായും കുടുംബം ആരോപിച്ചു. ഹരിയാന തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ സമ്മർദം അന്വേഷണത്തെ കൂടുതൽ ശക്തമാക്കി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ ഉൾപ്പെടെയുള്ള നിരവധി രാഷ്ട്രീയ നേതാക്കൾ അന്വേഷണം വേഗത്തിലാക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കാനും റോഹ്തക് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഹിമാനിയുടെ വീടിന്റെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്തതിനാൽ അന്വേഷണം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഹിമാനിയുടെ രാഷ്ട്രീയ ജീവിതം
കോൺഗ്രസ് പാർട്ടിയുടെ എല്ലാ പ്രധാന പരിപാടികളിലും പങ്കെടുത്ത മുഴുവൻ സമയ പ്രവർത്തകയായിരുന്നു ഹിമാനി. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും ഹിമാനി പങ്കെടുത്തിരുന്നു. ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്ന ചിത്രങ്ങൾ വൈറലായതിനെ തുടർന്നാണ് ഹിമാനി ശ്രദ്ധേയയായത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Congress leader Himani Narwal's murder case in Haryana saw shocking revelations after the arrest of her friend, Sachin Nagloi.
#HaryanaNews #Congress #PoliticalCrime #MurderMystery #SachinNagloi #HimaniNarwal