Political Attack | 'പിണറായിയിൽ കെ സുധാകരൻ ഉദ്ഘാടനം ചെയ്യാനിരുന്ന കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസ് പെട്രോൾ ഒഴിച്ചു കത്തിച്ച് നശിപ്പിച്ചു'
● ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയ ശേഷം ഞായറാഴ്ച പുലർച്ചെയാണ് പ്രിയദർശിനി മന്ദിരത്തിന് നേരെ അക്രമം നടന്നത്.
● സംഭവമറിഞ്ഞ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സ്ഥലത്തെത്തി.
കണ്ണൂർ: (KVARTHA) പാനൂരിലെ ഇരട്ട ബോംബ് സ്ഫോടനത്തിന് ശേഷം തലശേരി താലൂക്കിൽ വീണ്ടും രാഷ്ട്രീയ അക്രമം തുടരുന്നു. മുഖ്യമന്ത്രിയുടെ ജന്മനാടായ പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസിന് നേരെ വ്യാപകമായ അക്രമം നടന്നു. വെണ്ടുട്ടായികോഴൂർ കനാൽ കരയിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് അക്രമം ഉണ്ടായത്.
ഞായറാഴ്ച രാവിലെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിന് നേരെയാണ് അക്രമം നടന്നത്. ഓഫീസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് തീയിട്ടുവെന്നാണ് പരാതി. റീഡിംഗ് റൂം ഉൾപ്പടെ തീയിട്ട് നശിപ്പിച്ചു. ഉദ്ഘാടന ചടങ്ങിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി പ്രവർത്തകർ മടങ്ങിയ ശേഷം ഞായറാഴ്ച പുലർച്ചെയാണ് പ്രിയദർശിനി മന്ദിരത്തിന് നേരെ അക്രമം നടന്നത്.
ജനൽ ചില്ലുകളും അടിച്ച് തകർത്തിട്ടുണ്ട്. പെട്രോൾ കുപ്പിയിലാക്കി കൊണ്ടുവന്ന് തീവെച്ച് കെട്ടിടത്തിന് എറിയുകയായിരുന്നു വെന്നാണ് സൂചന. ഓഫീസിനുള്ളിലേക്ക് വാതിലിന് ഉള്ളിലൂടെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നുവെന്ന് പ്രവർത്തകർ പറഞ്ഞു. വാതിൽ ഉൾപ്പടെ ഭാഗികമായി അഗ്നിക്ക് ഇരയായി. സംഭവമറിഞ്ഞ് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും സ്ഥലത്തെത്തി.
പിണറായി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പിണറായിയിൽ കോൺഗ്രസ് ബുത്ത് കമ്മിറ്റി ഓഫിസിന് നേരെയുണ്ടായ അക്രമത്തിൽ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് പ്രതിഷേധിച്ചു.
#Pinarayi, #CongressBooth, #FireAttack, #PoliticalViolence, #KeralaPolitics, #Investigation