School Abuse | കണ്ണൂരിൽ ബഡ്സ് സ്കൂളിൽ വിദ്യാർഥിനിയെ കസേരയിൽ കെട്ടിയിട്ടതായി പരാതി


● 'കുട്ടിയുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നു'
● 'മറ്റുകുട്ടികളും സമാനമായ ദുരനുഭവം നേരിടുന്നു'
● രക്ഷിതാക്കൾ ഭിന്നശേഷി കമ്മീഷണർക്ക് പരാതി നൽകി.
കണ്ണൂർ: (KVARTHA) കൂത്തുപറമ്പ് നഗരസഭയ്ക്കടുത്തെ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിലെ ബഡ്സ് സ്കൂളിൽ ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിനിയോട് ബഡ്സ് സ്കൂൾ അധികൃതർ ക്രൂരത കാണിച്ചതായി രക്ഷിതാക്കളുടെ പരാതി. മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിൽ പ്രവർത്തിക്കുന്ന ശിശുമിത്ര ബഡ്‌സ് സ്കൂളിലെ ക്ലാസ് മുറിയിലാണ് ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ കെട്ടിയിട്ടതായി പരാതി ഉയർന്നത്. വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് ദുരനുഭവത്തെക്കുറിച്ച് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മീഷണർക്ക് പരാതി നൽകിയത്.
രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്: '75-ഓളം ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്നവളാണ് മകൾ. ഫെബ്രുവരി നാലിന് രാവിലെ 11-ന് പി.ടി.എ. യോഗത്തിൽ പങ്കെടുക്കാൻ ഞാൻ സ്കൂളിൽ 20 മിനിറ്റ് നേരത്തെ എത്തി. അപ്പോൾ എൻ്റെ മകളെ അനങ്ങാൻപോലും കഴിയാത്ത വിധം കസേരയോട് വരിഞ്ഞു മുറുക്കി കെട്ടിയിരിക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങൾ മൂത്രത്തിൽ നനഞ്ഞിരുന്നു. എന്നെ കണ്ടതും മകൾ കരയാൻ തുടങ്ങി. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പെട്ടെന്ന് വന്ന് കെട്ടഴിച്ചു. കെട്ടിയതെന്തിനെന്ന് ചോദിച്ചപ്പോൾ എഴുന്നേറ്റു നടക്കാതിരിക്കാൻ പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം ചെയ്തതാണെന്നായിരുന്നു അധ്യാപികയുടെ മറുപടി.
ബാത്റൂമിൽ പോയി വസ്ത്രം മാറ്റിയപ്പോൾ വയറിൽ ചരടുകൊണ്ട് വരിഞ്ഞുകെട്ടിയതിന്റെ നീലിച്ച പാടുകൾ ഉണ്ടായിരുന്നു. സംസാരിക്കാൻ അറിയാവുന്ന മറ്റു കുട്ടികളോട് ചോദിച്ചപ്പോൾ മകളെ എപ്പോഴും കെട്ടിയിടാറാണെന്ന് അറിയാൻ കഴിഞ്ഞു. ഈ സമയത്ത് സ്‌കൂളിൽ 14 കുട്ടികളും മൂന്ന് അധ്യാപികമാരും ഒരു ആയയും പാചകക്കാരിയും ഉണ്ടായിരുന്നു. മുൻപും മകൾക്ക് സ്‌കൂളിൽനിന്ന് ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കൽ സ്‌കൂളിൽനിന്ന് വന്ന് വസ്ത്രം മാറ്റുമ്പോൾ തുടയിൽ വടികൊണ്ട് അടിച്ചതിന്റെ തിമിർത്ത പാടുകൾ കണ്ടിരുന്നു. സ്കൂളിലെ ജീവനക്കാരോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വ്യക്തമായി മറുപടി ലഭിച്ചില്ല.
മകൾ സംസാരിക്കില്ലെന്ന ധൈര്യംകൊണ്ടാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്. ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റംകൊണ്ട് പല കുട്ടികളും സ്കൂളിൽ വരാറില്ല. പരാതിപ്പെടുന്ന കുട്ടികളോട് മോശമായ വിധത്തിലാണ് സ്കൂളിലെ ജീവനക്കാർ പെരുമാറുന്നത്. മകൾക്കുണ്ടായ ക്രൂരമായ പീഡനത്തിന് ഉത്തരവാദികളായവർക്കെതിരേ കർശനമായ നടപടിയെടുക്കണം'.
മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥികളെ മാനസികമായി സ്കൂൾ ജീവനക്കാർ പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് മറ്റു രക്ഷിതാക്കളും ഭിന്നശേഷിവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി സി ഗംഗാധരൻ പറഞ്ഞു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
A complaint has been filed by the parents of a differently-abled student, accusing the Buds School in Kannur of cruelty and physical abuse towards their child.
#BudsSchool #KannurNews #StudentAbuse #DisabledStudent #SchoolAbuse #Kannur