Clash | യുപിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷം: ഒരാൾ വെടിയേറ്റ് മരിച്ചു; നിരവധി പേർക്ക് പരുക്ക്
● നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
● സംഘർഷം തടയാൻ പൊലീസ് റൂട്ട് മാർച്ച് നടത്തി.
ലക്നൊ: (KVARTHA) ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലെ മഹ്‌സിയിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ വെടിയേറ്റ് മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
മഹാരാജ് ഗഞ്ച് പ്രദേശത്ത് ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്കിടെ ഇരു വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത തർക്കം സംഘർഷത്തിലേക്ക് എത്തിച്ചുവെന്നാണ് ബഹ്‌റൈച്ച് പൊലീസ് സൂപ്രണ്ട് വൃന്ദ ശുക്ല പറയുന്നത്. തുടർന്ന് ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയും സംഘർഷത്തില്‍ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.
ഈ സംഭവത്തിൽ 30 പേരെ കസ്റ്റഡിയിലെടുത്തതായും ഒളിവിലുള്ള പ്രധാന പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും എസ്.പി കൂട്ടിച്ചേർത്തു. സംഘർഷം ഉണ്ടായ പ്രദേശത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി.
ബഹ്‌റൈച്ച് ജില്ലയിലെ മഹ്‌സിയിൽ സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്നും എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. കലാപകാരികളെയും സംഭവത്തിലേക്ക് നയിച്ചവരെയും കണ്ടെത്തി കർശന നടപടിയെടുക്കാൻ അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.
വിഗ്രഹ നിമജ്ജനം കൃത്യസമയത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് സ്ഥലത്ത് ഹാജരാകാനും മതസംഘടനകളുമായി ആശയവിനിമയം നടത്താനും ജില്ലാ ഭരണാധികാരികള്‍ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
#Bahraich #UttarPradesh #Clash #Violence #CommunityConflict #PoliceResponse