ശിവസൂര്യയുടെ തിരോധനം; അന്വേഷണം ഊർജിതമാക്കി എട്ടംഗ പ്രത്യേക അന്വേഷണ സംഘം, തെരച്ചിൽ മൈസൂരിൽ
ADVERTISEMENT
● മൊബൈൽ ഫോൺ വാങ്ങിവച്ചതിൻ്റെ പേരിലാണ് ശിവസൂര്യ നാടുവിട്ടതെന്നാണ് വിവരം
● കാശിയിലേക്ക് പോകുകയാണെന്നും ഇനി ദൈവത്തോട് അലിയുമെന്നും കത്തെഴുതിവച്ചാണ് കുട്ടി പോയത്
● ഓഗസ്റ്റ് 8 ശനിയാഴ്ചയാണ് കുട്ടിയെ അവസാനമായി നാട്ടുകാർ കണ്ടത്
● കുട്ടി മൈസൂരിൽ പോയേക്കാമെന്ന സംശയത്തെ തുടർന്ന് പൊലീസ് അവിടെ തെരച്ചിൽ നടത്തുന്നുണ്ട്
തലശ്ശേരി: (KVARTHA) ചൊക്ലിയിലെ 17 വയസ്സുകാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ തുടങ്ങി. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയെ കാണാതായിട്ട് 10 ദിവസം പിന്നിട്ടിട്ടും ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
തലശ്ശേരി എഎസ്പി ഡോ. എം നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നുവരുന്നത്. ചൊക്ലി എസ്ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ട് പേരാണുള്ളത്. ശിവസൂര്യയെ തേടി പൊലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ബംഗ്ളൂരിൽ കൂടി അന്വേഷണം വ്യാപിപ്പിക്കും.
മൊബൈൽ ഫോൺ വാങ്ങിവച്ചതിന് നാടുവിട്ടു
മൊബൈൽ ഗെയിം അഡിക്ഷൻ ഒഴിവാക്കുന്നതിനായി പിതാവ് ഫോൺ വാങ്ങിവച്ചതിൻ്റെ പേരിലാണ് ശിവസൂര്യ നാടുവിട്ടതെന്നാണ് വിവരം. വിദ്യാർഥി എവിടെയെന്നതിൽ പത്താം ദിനവും ഉത്തരമില്ലാതെ പൊലീസും വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും കുഴങ്ങുകയാണ്. 2026 ഓഗസ്റ്റ് 8 ശനിയാഴ്ച ഉച്ചക്ക് 12.45-ന് ശേഷം ശിവസൂര്യ അതിവേഗം വീടുവിട്ടിറങ്ങി തൊട്ടടുത്തുള്ള പൂമരം ജങ്ഷനിലേക്ക് പോകുന്നത് രണ്ട് പേർ കണ്ടിരുന്നു.
സ്കൂൾ ബാഗും വിദ്യാർഥിയുടെ കൈവശം ഉണ്ടായിരുന്നു. എന്നാൽ കുട്ടി തനിയെ സ്ഥിരമായി പോകുന്നതിനാൽ സംശയം തോന്നിയില്ലെന്നാണ് അയൽവാസികളുടെ മൊഴി. ജങ്ഷനിലുള്ള ഒരു സിസിടിവിയിൽ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
കാശിയിലേക്ക് പോകുന്നുവെന്ന് കത്ത്
3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമെടുത്ത് കാശിയിലേക്ക് പോകുകയാണെന്നും ഇനി ദൈവത്തോട് അലിയുമെന്നും കത്ത് എഴുതിവച്ചാണ് കുട്ടി നാടുവിട്ടത്. കാശിയിലേക്കെന്ന് പറഞ്ഞിറങ്ങിയ കുട്ടി ഒരുപക്ഷേ മൈസൂരിൽ പോയേക്കാം എന്നൊരു സംശയം വീട്ടുകാർ പൊലീസിനോട് പങ്കുവച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് മൈസൂരിലേക്ക് എത്തിയത്.
നേരത്തെ ചൊക്ലി പൊലീസ് ഒറ്റപ്പാലം, ഷൊർണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ എത്തി നടത്തിയ അന്വേഷണത്തിൽ സൂചനകളൊന്നും കിട്ടിയിരുന്നില്ല. തെരച്ചിൽ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം എസ്ഐടിക്ക് കൈമാറിയത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: Kerala Police formed an 8-member SIT to trace 17-year-old Sivasoorya missing from Chokli.
#Kvartha #ThalasseryNews #MissingCase #KeralaPolice #Chokli #Sivasoorya #MalayalamNews #LocalNews #AmmuNews
