

● അക്രമികൾ ആൾക്കൂട്ടത്തിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി.
● സംഭവത്തിൽ നാല് പ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
● പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളേജ്, ശ്രീചിത്ര ആശുപത്രികളിൽ ചികിത്സയിൽ.
● പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചിറയിൻകീഴ്: (KVARTHA) ഓണാഘോഷങ്ങൾക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേൽക്കുകയും ചെയ്തു. സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവീൺലാൽ (34), ഉണ്ണി (28), കിരൺപ്രകാശ് (29), ജയേഷ് (24) എന്നിവരാണ് പൊലീസ് പിടിയിലായത്.

തിങ്കളാഴ്ച (08.09.2025) രാത്രി ഒൻപതര മണിയോടെയാണ് ചിറയിൻകീഴ് കുറട്ടുവിളാകം പൗരസമിതിയുടെ നേതൃത്വത്തിൽ നടന്ന ഓണാഘോഷങ്ങൾക്കിടെ അക്രമികൾ പ്രശ്നമുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് മാരകായുധങ്ങളുമായി അഴിഞ്ഞാടിയ സംഘം പരിപാടികൾ കാണാനെത്തിയ ആളുകൾക്കിടയിലേക്ക് ബൈക്കുകൾ ഓടിച്ചുകയറ്റുകയായിരുന്നു. തുടർന്ന് സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറഞ്ഞ് വാളുകാട്ടി ഭീഷണിപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ഇത് തടയാൻ ശ്രമിച്ച സംഘാടകരുമായി സംഘർഷമുണ്ടാവുകയായിരുന്നു.
ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനിടെയാണ് മൂന്നുപേർക്ക് വെട്ടേറ്റത്. ചിറയിൻകീഴ് കുറട്ടുവിളാകം തവളാത്ത് വീട്ടിൽ അച്ചുലാൽ (35), കുറട്ടുവിളാകം കല്ലുതട്ടിൽ വീട്ടിൽ അജിത്ത് (37), ഇവരെ പിന്തിരിപ്പിക്കാൻ എത്തിയ അച്ചുലാലിന്റെ സഹോദരി മോനിഷ (37) എന്നിവർക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ അച്ചുലാലിനെയും അജിത്തിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഹൃദ്രോഗിയായ മോനിഷയെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ സെൻ്റർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 2022-ൽ സമാനമായ ആക്രമണം ഓണാഘോഷത്തിനിടെ നടന്നിരുന്നുവെന്നും, അന്നത്തെ സംഭവത്തിലെ പ്രതികൾ തന്നെയാണ് ഇപ്പോഴത്തെ ആക്രമണത്തിന് പിന്നിലെന്നും നാട്ടുകാർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇത്തരം അക്രമങ്ങൾ തടയാൻ എന്ത് നടപടികളാണ് വേണ്ടത്? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Three people injured in attack during Onam celebrations in Chirayinkeezhu.
#Onam #Chirayinkeezhu #Attack #KeralaCrime #Thiruvananthapuram #KeralaPolice