SWISS-TOWER 24/07/2023

സ്വരുക്കൂട്ടിയ പണം നിക്ഷേപിച്ചവർ പെരുവഴിയിൽ; ചക്കരക്കൽ ബിൽഡിങ് സൊസൈറ്റി നിക്ഷേപകർ നീതിക്കായി തെരുവിൽ

 
Investors of Chakkarakkal Building Society protesting in front of the DCC office in Kannur.
Investors of Chakkarakkal Building Society protesting in front of the DCC office in Kannur.

Photo: Special Arrangement

● തട്ടിപ്പിന് പിന്നിൽ സൊസൈറ്റി സെക്രട്ടറിയെന്ന് ആരോപണം.
● ക്രമക്കേടുകളെക്കുറിച്ച് പാർട്ടി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
● വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടിയാകാൻ സാധ്യത.
● സമരം കൂടുതൽ ശക്തമാക്കാൻ നിക്ഷേപകരുടെ തീരുമാനം.

കണ്ണൂർ: (KVARTHA) വിവിധ ആവശ്യങ്ങൾക്കായി ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ പണം നിക്ഷേപിച്ചവർ ഇപ്പോൾ പെരുവഴിയിലായിരിക്കുകയാണ്. ചക്കരക്കല്ലിലെ നൂറിലേറെ വരുന്ന നിക്ഷേപകരാണ് തങ്ങളുടെ പണം നഷ്ടപ്പെട്ടതിലുള്ള വേവലാതിയിൽ പല വാതിലുകളും മുട്ടുന്നത്. 

കോൺഗ്രസ് നിയന്ത്രിക്കുന്ന ചക്കരക്കൽ ബിൽഡിങ് സൊസൈറ്റിയിൽ ചിട്ടിയായും നിക്ഷേപമായും പണം അടച്ചവരാണ് എപ്പോൾ പണം തിരികെ ലഭിക്കുമെന്നറിയാതെ ആശങ്കയിലായിരിക്കുന്നത്.

Aster mims 04/11/2022

പെൻഷനായി ലഭിച്ച തുക മുഴുവനായും സൊസൈറ്റിയിൽ നിക്ഷേപിച്ച് നഷ്ടപ്പെട്ടവരുണ്ട്. ദിവസക്കൂലിക്കാരായ കച്ചവടക്കാരും, ഓട്ടോറിക്ഷ തൊഴിലാളികളും, കർഷകരും, ചുമട്ടുതൊഴിലാളികളും ഉൾപ്പെടെ സാധാരണക്കാരാണ് തട്ടിപ്പിനിരയായവരിൽ അധികവും. 

കോൺഗ്രസ് അനുഭാവി കുടുംബങ്ങളാണ് സൊസൈറ്റി അംഗങ്ങളിൽ കൂടുതലും. ഡി.സി.സി. നേതാവ് പ്രസിഡന്റായതിനാൽ തങ്ങളുടെ പണം സുരക്ഷിതമാണെന്ന് ഇവർ വിശ്വസിച്ചു. എന്നാൽ, സെക്രട്ടറിയുടെ നേതൃത്വത്തിൽ നിക്ഷേപ കൊള്ള നടന്നപ്പോൾ അത് മുൻകൂട്ടി അറിയാനോ തടയാനോ ഡി.സി.സി. നേതാവിനോ പാർട്ടിക്കോ കഴിഞ്ഞില്ല.

രണ്ടാഴ്ച മുൻപ് എറണാകുളത്തെ രഹസ്യകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ സെക്രട്ടറിയുടെയും വനിതാ അറ്റൻഡറുടെയും തലയിൽ കുറ്റം കെട്ടിവെച്ച് കൈകഴുകാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നതെന്നാണ് നിക്ഷേപകരുടെ ആരോപണം. 

സൊസൈറ്റിയിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി പാർട്ടി നേതാവായ ചന്ദ്രൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഒരു മൂന്നംഗ സമിതിയെ ഡി.സി.സി. നിയമിച്ചിരുന്നെങ്കിലും ഈ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. കോടികളുടെ തട്ടിപ്പ് നടന്ന സൊസൈറ്റിയുടെ തലപ്പത്തിരുന്ന നേതാവിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല.

ഗത്യന്തരമില്ലാതെയാണ് ഇന്ന് ഡി.സി.സി. ഓഫീസിലേക്ക് നിക്ഷേപകർ പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്. ജില്ലാ കോൺഗ്രസ് ആസ്ഥാനത്തെ ഗേറ്റ് അടച്ച് പോലീസ് നിക്ഷേപകരെ തടഞ്ഞെങ്കിലും, രോഷാകുലരായ ജനങ്ങളോട് സംസാരിക്കാൻ ഉത്തരവാദിത്തപ്പെട്ട നേതാക്കളാരും തയ്യാറായില്ല. 

ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമായി. കോൺഗ്രസ് നേതാക്കളെ ചക്കരക്കൽ ടൗണിൽ ഇതിനൊരു പരിഹാരം കാണാതെ ഇറങ്ങാൻ അനുവദിക്കില്ലെന്ന് നിക്ഷേപകർ മുന്നറിയിപ്പ് നൽകി.

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ചക്കരക്കൽ മേഖലയിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. കോടികളാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇവിടെ നിന്ന് അപഹരിച്ചത്. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം. 

ബിൽഡിങ് സൊസൈറ്റിയിലെ ക്രമക്കേടുകളെക്കുറിച്ച് സഹകരണ വകുപ്പ് ഓഡിറ്റ് ജീവനക്കാർ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഓഫീസ് കംപ്യൂട്ടർവത്ക്കരിക്കുകയോ ഡാറ്റകൾ സൂക്ഷിക്കുകയോ ചെയ്തിട്ടില്ല. പണം വാങ്ങിയതിനും കൊടുത്തതിനും വൗച്ചറുകളോ ലെഡ്ജർ ബുക്കുകളോ ഇല്ല. ആരുടെയൊക്കെയോ പണമെടുത്ത് തോന്നിയതുപോലെ വിനിയോഗിക്കുകയായിരുന്നു. 

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ, കോടികളുടെ വിലമതിക്കുന്ന വീട് നിർമ്മാണം തുടങ്ങി നിരവധി വഴിവിട്ട ഇടപാടുകളാണ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്നതെന്നാണ് ആരോപണം.

 

ചക്കരക്കൽ ബിൽഡിങ് സൊസൈറ്റിയിലെ തട്ടിപ്പിനെക്കുറിച്ചുള്ള ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Article Summary: Investors lose savings in a cooperative society and protest.

#Kannur, #Kerala, #CooperativeSociety, #Scam, #Investors, #Protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia