Murder | കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ്റെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി കസ്റ്റഡിയിൽ
കണ്ണൂർ: (KVARTHA) സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസിൽ കരുണാകരനാണ് (86) ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് ജയിലിലെ പത്താം ബ്ലോക്കിലെ തടവുകാരനായ കരുണാകരനെ വീണ് പരിക്കേറ്റ് ചോരയിൽ കുളിച്ച നിലയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. രാത്രി 10.10ന് ഇയാൾ ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.
തലയ്‌ക്കേറ്റ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതമാണെന്ന് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് സഹതടവുകാരനായ പാലക്കാട് സ്വദേശി അയ്യപ്പനെന്ന വേലായുധനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
വേലായുധൻ ഇയാളെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് അടിച്ചതായാണ് വിവരം. 86കാരനായ കരുണാകരൻ മാവേലിക്കര ചന്ദ്രൻ വധക്കേസ് കേസിൽ പ്രതിയായാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിരുന്നത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയാണ് കേസ് അന്വേഷണം നടത്തിവരുന്നത്.