കാലിഫോർണിയയിൽ 2 മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി പൊലീസ് കസ്റ്റഡിയിൽ
ADVERTISEMENT
● തൃശൂർ മണ്ണുത്തി സ്വദേശിനി അഞ്ജന, തിരുവനന്തപുരം സ്വദേശിനി എൻജി. ആൻ മേരി മാത്യു എന്നിവരാണ് മരിച്ചത്
● ഇരുവരെയും കൊലപ്പെടുത്തിയത് സുഹൃത്തായ അനിലയാണെന്നാണ് പ്രാഥമിക വിവരം
● ആനിനെ ഫ്ലാറ്റിൽ വെച്ചും അഞ്ജനയെ കാറിടിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ
● തൊഴിലുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു
കാലിഫോർണിയ: (KVARTHA) യുഎസിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു. ഇവരുടെ സുഹൃത്തായ മറ്റൊരു മലയാളി യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ചിട്ടുള്ള വിവരം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തായ അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തൃശ്ശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസ്-സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരേ ഫ്ലാറ്റിലാണ് മൂവരുടെയും കുടുംബങ്ങൾ താമസിച്ചിരുന്നത്. അമേരിക്കൻ സമയം വെള്ളിയാഴ്ച (ഓഗസ്റ്റ് 28) ഉച്ചയ്ക്കാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് (ഓഗസ്റ്റ് 29) കുടുംബം വിവരമറിയുന്നത്.
കാറിടിച്ചും കുത്തിയും കൊലപ്പെടുത്തി
ആൻ മേരി മാത്യുവിനെ ഫ്ലാറ്റിലെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്ലാറ്റിന് താഴെ വിളിച്ചുവരുത്തി കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. അഞ്ജനയെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. ആനിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ഭർത്താവ് ഫ്ലാറ്റിലെത്തിയപ്പോഴാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തൊഴിൽ തർക്കമെന്ന് സൂചന
ജോലിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ആനിന് അനിലയുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന് ലഭിച്ച വിവരമെന്ന് കുടുംബ സുഹൃത്തായ ജെറി സാം ജോസഫ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതേസമയം അഞ്ജനയുടെ കുടുംബത്തിന് ഇതുവരെയും കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബിൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ട ആൻ. ജേക്കബും യുഎസിൽ തന്നെയാണ് ജോലിചെയ്യുന്നത്. എൻജി. ആൻ കഴിഞ്ഞ 10 വർഷമായി യുഎസിലാണ് താമസിക്കുന്നതെന്ന് ബന്ധുക്കൾ പറയുന്നു. വിലങ്ങൂർ സ്വദേശി വിജീഷാണ് അഞ്ജനയുടെ ഭർത്താവ്.
അദ്ദേഹവും യുഎസിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ എട്ട് വർഷമായി യുഎസിൽ താമസിക്കുന്ന അഞ്ജന കാലിഫോർണിയയിൽ സ്കൂൾ അധ്യാപികയായിരുന്നു. ഇവർക്ക് ആറ് വയസ്സുള്ള മകളുണ്ട്. സംഭവത്തിൻ്റെ പൂർണവിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.
Article Summary: Two Malayali women, Anjana (35) and Ann Mary Mathew (40), were allegedly murdered by their friend Anila in California on Friday, August 28, 2026, reportedly due to work-related disputes, and the suspect is now in police custody.
#Kvartha #CaliforniaNews #MalayaliWomenKilled #USAMalayalees #KeralaNews #MalayalamNews #CrimeNews #Thrissur #Thiruvananthapuram #AmmuNews
