ബസ് കണ്ടക്ടറെ മർദിച്ച സംഭവം: രണ്ട് പ്രതികൾ കൂടി കീഴടങ്ങി; കേസിൽ 10 പേർ പിടിയിൽ


● ടി. അഖിൽ, വി.ടി. അർജുൻ രാജ് എന്നിവരാണ് കീഴടങ്ങിയത്.
● വിദ്യാർഥിനിയെ ഇറക്കിവിട്ടെന്ന് ആരോപിച്ചായിരുന്നു മർദനം.
● ഇടിവളയും താക്കോലും ഉപയോഗിച്ചാണ് മർദിച്ചത്.
● പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.
കണ്ണൂർ: (KVARTHA) ജില്ലയിലെ പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി മർദിച്ച കേസിൽ രണ്ട് പ്രതികൾ കൂടി ചൊക്ലി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ടി. അഖിൽ, വി.ടി. അർജുൻ രാജ് എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 10 ആയി.
തലശ്ശേരി - പെരിങ്ങത്തൂർ - തൊട്ടിൽപാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി കെ. വിഷ്ണുവിനാണ് മർദനമേറ്റത്. വിശ്വജിത്ത്, സവാദ്, വിഷ്ണു, ജിനേഷ് എന്നിവർ കഴിഞ്ഞ ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയിരുന്നു. സൂരജ്, കെ.സി. ബിനീഷ്, കെ.ടി. സിജേഷ് എന്നിവരെ ചൊക്ലി പോലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിൽ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ജൂലൈ 29-നാണ് ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് കണ്ടക്ടർക്ക് ക്രൂരമായ മർദനമേറ്റത്. വിദ്യാർഥിനിയെ ബസിൽനിന്ന് ഇറക്കിവിട്ടെന്ന് ആരോപിച്ച്, വിദ്യാർഥിനിയുടെ ഭർത്താവും സുഹൃത്തുക്കളുമടങ്ങുന്ന ഏഴംഗ സംഘമാണ് കണ്ടക്ടറെ ആക്രമിച്ചത്.
പാസിനെ ചൊല്ലി വിദ്യാർഥിനിയെ ബസിൽനിന്ന് ഇറക്കിവിട്ടു എന്നതായിരുന്നു തർക്കത്തിന് കാരണം. തുടർന്ന് പ്രതികൾ ഇന്നോവ കാറിൽ ബസിനെ പിന്തുടർന്നെത്തി ബസിൽ കയറി ആക്രമിക്കുകയായിരുന്നു.
ഇടിവളയും വാഹനത്തിന്റെ താക്കോലും ഉപയോഗിച്ചാണ് കണ്ടക്ടറുടെ തലയ്ക്കും മൂക്കിനും ഇവർ മർദിച്ചത്. ബസ്സിലെ യാത്രക്കാർ കരഞ്ഞ് പറഞ്ഞിട്ടും അക്രമികൾ മർദനം തുടർന്നു എന്ന് പരിക്കേറ്റ കണ്ടക്ടർ വിഷ്ണു പോലീസിന് മൊഴി നൽകിയിരുന്നു.
അതേസമയം, പ്രശ്നങ്ങളൊന്നുമില്ലാതെ വിദ്യാർഥിനിയും സുഹൃത്തുക്കളും ബസിൽനിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ ബസ് ജീവനക്കാർ പുറത്തുവിട്ടിരുന്നു. കണ്ടക്ടറെ മർദിച്ച പ്രതികൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ജീവനക്കാരനെതിരെ നടന്ന ഈ ആക്രമണത്തിൽ പ്രതിഷേധിച്ച് ദിവസങ്ങളോളം പെരിങ്ങത്തൂർ-വടകര, തലശ്ശേരി-പെരിങ്ങത്തൂർ റൂട്ടിൽ ബസ് പണിമുടക്ക് നടന്നിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം താഴെ കമന്റ് ചെയ്യൂ. നിങ്ങളുടെ സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യാനും മറക്കരുത്.
Article Summary: Two more suspects surrender in Kerala bus conductor assault case. 10 arrested so far.
#KeralaCrime #BusConductor #Kannur #AssaultCase #KeralaPolice #BusStrike