Crime | മണ്ണഞ്ചേരിയിലെ മോഷണ ശ്രമങ്ങൾ: പൊലീസ് അന്വേഷണം ഊർജിതം; നാട്ടുകാരുടെ ജാഗ്രതയും!
● മണ്ണഞ്ചേരി പ്രദേശത്ത് മോഷണ ശ്രമങ്ങൾക്ക് നാട്ടുകാരുടെ ജാഗ്രത
● പൊലീസ് സംഘം മോഷണ ശ്രമങ്ങളുടെ അന്വേഷണം ഊർജിതം
● സന്നദ്ധസംഘടനകളും നാട്ടുകാരും ചേർന്ന് പട്രോളിങ് ശക്തമാക്കി
മണ്ണഞ്ചേരി: (KVARTHA) കുറുവ സംഘം എന്നു സംശയിക്കുന്നവർ വീടുകളിൽ അതിക്രമിച്ചുകയറി മോഷണ ശ്രമം നടത്തിയെന്ന പരാതിയെ തുടർന്ന് പ്രദേശവാസികൾ ജാഗ്രതയിൽ. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച പുലർച്ചെ 12 മണി മുതലാണ് മോഷണ ശ്രമങ്ങളുടെ പരമ്പര തുടങ്ങിയതെന്നാണ് പരാതിയിൽ പറയുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്, രണ്ടാഴ്ച മുമ്പ് മണ്ണഞ്ചേരി നേതാജി ജങ്ക്ഷന് സമീപം മോഷണ ശ്രമം നടത്തിയ സംഘമാണ് ഇത്തവണയും ഇതിന് പിന്നിൽ എന്ന സംശയം പൊലീസിനുണ്ട്.
കോമളപുരം സ്പിന്നിങ് മില്ലിന് പടിഞ്ഞാറ് നായിക്യംവെളി അജയകുമാറിന്റെ ഭാര്യ വി.എസ്.ജയന്തിയുടെ (52) 4000 രൂപ വിലയുള്ള മുക്കുപണ്ടവും, റോഡുമുക്ക് പടിഞ്ഞാറ് മാളിയേക്കൽ കുഞ്ഞുമോന്റെ ഭാര്യ ഇന്ദുവിന്റെ (44) മൂന്നര പവൻറെ മാലയുമാണ് മോഷ്ടിക്കപ്പെട്ടതെന്നാണ് പരാതിയിൽ പറയുന്നത്.
സമീപത്തെ വീടുകളായ പോട്ടയിൽ സിനോജ്, കോമളപുരം ടാറ്റാ വെളിക്ക് പടിഞ്ഞാറ് അഭിനവം വീട്ടിൽ വിനയചന്ദ്രൻ എന്നിവരുടെ വീടുകളുടെ അടുക്കള വാതിലുകളും പൊളിച്ച നിലയിലായിരുന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
മണ്ണഞ്ചേരിയിലെ റെസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ചേർന്ന് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
11, 12, 16 വാർഡുകളിലെ ടാഗോർ വായനശാല, നൈപുണ്യ ക്ലബ് എന്നിവിടങ്ങളിൽ നടന്ന ജനകീയ കൂട്ടായ്മയിൽ നിരവധി പേർ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങളായ കെ.പി. ഉല്ലാസ്, ദീപ്തി അജയകുമാർ, ബിന്ദു സതീശൻ എന്നിവർ നേതൃത്വം നൽകി. പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടോള്‍സണ്‍ ജോസഫ്, സബ് ഇൻസ്‌പെക്ടർ കെ. ആർ.ബിജു എന്നിവർ ബോധവത്കരണ ക്ലാസ് നയിച്ചു.
#Mannanchery, #BurglaryAttempt, #KeralaCrime, #PoliceInvestigation, #CommunityVigilance, #SecurityPatrol