Bombs | എവിടെയും ബോംബുകള്‍; തലശേരി താലൂക്കില്‍ ജനങ്ങള്‍ പരിഭ്രാന്തിയില്‍


ഉത്ഭവകേന്ദ്രം കണ്ടെത്താന്‍ പൊലീസിനു കഴിയുന്നില്ലെന്ന വിമര്‍ശനവും ജനങ്ങളില്‍ ശക്തമാണ്
കണ്ണൂർ: (KVARTHA) തലശേരി താലൂക്കില്‍ ബോംബുകള്‍ കണ്ടെത്തുന്നതിനായി പൊലീസ് നടത്തുന്ന തിരച്ചിലിനിടെ വീണ്ടും ബോംബ് പിടികൂടിയത് ജനങ്ങളെ പരിഭ്രാന്തരാക്കുന്നു. അത്യുഗ്രശേഷിയുളള സ്റ്റീല്‍ ബോംബ് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എവിടെയും ബോംബുകള്‍ കണ്ടെടുക്കുന്ന സാഹചര്യമാണ് തലശേരി മേഖലയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയത്.
ന്യൂമാഹി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പളളൂര്‍ സബ് സ്‌റ്റേഷന് സമീപത്ത് തലശേരി-മാഹി ബൈപ്പാസിന്റെ സര്‍വീസ് റോഡരികിലാണ് സ്റ്റീല്‍ ബോംബു കണ്ടെത്തിയത്. ന്യൂമാഹി എസ് ഐ പ്രമോദിന്റെ നേതൃത്വത്തിലുളള സംഘം ബോംബ് കസ്റ്റഡിയിലെടുത്തു. ഉഗ്രസ്‌ഫോടക ശേഷിയുളള സ്റ്റീല്‍ ബോംബാണ് ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. ഇതിനു ശേഷം കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡ് ബോംബ് നിര്‍വീര്യമാക്കി.
ഇതിനു ശേഷം ഈ മേഖലയില്‍ പൊലീസും ബോംബ് സ്‌ക്വാഡും വ്യാപകപരിശോധന നടത്തിയെങ്കിലും മറ്റുബോംബുകള്‍ കണ്ടെത്തിയിട്ടില്ല. രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ആമ്പിലാട് രണ്ട് ഉഗ്രസ്‌ഫോടക ശേഷിയുളള നാടന്‍ ബോംബ് കണ്ടെത്തിയിരുന്നു. ഇതിനു ശേഷമാണ് റോഡരികില്‍ വീണ്ടും ബോംബ് കണ്ടെത്തിയത്. തലശേരി എരഞ്ഞോളിയില്‍ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ തേങ്ങപെറുക്കുകയായിരുന്ന വയോധികന്‍ ബോംബു പൊട്ടി മരിച്ചതിനെ തുടര്‍ന്ന് പൊലീസ് തലശേരി മേഖലയിലെ വിവിധ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ റെയ്ഡ് നടത്തിവരികയാണ്. എന്നാല്‍ ബോംബ് നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പൊലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല.
റോഡരികില്‍ നിന്നും തുടര്‍ച്ചയായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബോംബുകള്‍ കണ്ടെത്തുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. എരഞ്ഞോളി ബോംബ് നിര്‍മാണ ഹബ്ബായി മാറിയെന്നു മാധ്യമപ്രവര്‍ത്തകരോട് പരസ്യമായി തുറന്നു പറഞ്ഞ അയല്‍വാസിയായ സീനയെന്ന യുവതിക്കെതിരെയും സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ വീടിന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും ബോംബുകള്‍ക്കായി അന്വേഷണം ശക്തമാക്കുമെന്ന് തലശേരി എ.സി.പി ഷഹന്‍ഷാ അറിയിച്ചു.
കോഴിക്കോട്, വയനാട് ജില്ലകളിലെ പൊലീസ് സേനയും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. പൊലീസ് ബോംബുകള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെങ്കിലും പാനൂര്‍ മേഖലയില്‍ ബോംബു സ്‌ഫോടനങ്ങള്‍ തുടരുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെ ചെണ്ടയാടാണ് കഴിഞ്ഞ ദിവസം രാത്രി സ്‌ഫോടനം നടന്നത്. എന്നാല്‍ പൊട്ടിയത് ബോംബു തന്നെയാണോയെന്നു പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തൂണിലും തുരുമ്പിലും ബോംബുകണ്ടെത്തുന്ന സാഹചര്യത്തിലും ഇതിന്റെ ഉത്ഭവകേന്ദ്രം കണ്ടെത്താന്‍ പൊലീസിനു കഴിയുന്നില്ലെന്ന വിമര്‍ശനവും ജനങ്ങളില്‍ ശക്തമാണ്.