ഭൂമി തരംമാറ്റ അപേക്ഷ: ഹൈകോടതിയെ സമീപിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പ്; ഇടനിലക്കാർ തട്ടിയെടുക്കുന്നത് ലക്ഷങ്ങൾ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കൃഷി ഓഫീസറുടെ പ്രതികൂല റിപ്പോർട്ട് ലഭിച്ചവരെയാണ് ഇവർ വലയിലാക്കുന്നത്.
● വക്കാലത്ത് റവന്യൂ നടപടികൾക്ക് ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
● ആർ ഡി ഓ, താലൂക്ക്, വില്ലേജ് ഓഫീസുകൾക്ക് സമീപവും സാമൂഹിക മാധ്യമങ്ങളിലുമാണ് പരസ്യം.
● സംസ്ഥാനത്ത് തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് അപേക്ഷകൾ തട്ടിപ്പിന് കാരണമാകുന്നു.
അജോ കുറ്റിക്കൻ
കോട്ടയം: (KVARTHA) നിരസിക്കപ്പെട്ട ഭൂമി തരംമാറ്റ അപേക്ഷകളിൽ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഇടനിലക്കാർ നടത്തുന്ന വൻ തട്ടിപ്പിൽ കുടുങ്ങുന്നത് നൂറുകണക്കിനാളുകൾ.
ഒരു ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് ഇത്തരം സംഘങ്ങൾ സാധാരണക്കാരിൽ നിന്ന് ഈടാക്കുന്നത്. സ്വകാര്യ കൺസൾട്ടൻസികളുടെ മറവിലാണ് ഈ തട്ടിപ്പ് അരങ്ങേറുന്നത്. കൃഷി ഓഫീസർ പ്രതികൂല റിപ്പോർട്ട് നൽകി അപേക്ഷ തള്ളിയവരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നത്.

അപേക്ഷ നിരസിച്ച വിവരം ലഭിക്കുന്ന ഉടൻ ഇവർ ഭൂവുടമയെ സമീപിച്ച്, ഹൈക്കോടതിയിൽ ഒരു പുനഃപരിശോധനാ ഹർജി നൽകിയാൽ എളുപ്പത്തിൽ കാര്യം സാധിക്കാമെന്ന് വിശ്വസിപ്പിക്കുന്നു. ഇതിനായി വൻ തുക ഫീസായി കൈപ്പറ്റും.
തുടർന്ന്, ഉടമയ്ക്കുവേണ്ടി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യും. കോടതിയുടെ നിർദ്ദേശപ്രകാരം അപേക്ഷ വീണ്ടും പരിശോധിക്കാൻ കൃഷി ഓഫീസറോട് ആവശ്യപ്പെടുകയും ചെയ്യും.
എന്നാൽ, നിയമപരമായ കാരണങ്ങളാൽ പഴയ റിപ്പോർട്ട് തന്നെയാകും കൃഷി ഓഫീസർ മിക്കവാറും വീണ്ടും സമർപ്പിക്കുക. ഇതോടെ കോടതി വ്യവഹാരത്തിനായി മുടക്കിയ പണം ഭൂവുടമയ്ക്ക് പൂർണ്ണമായും നഷ്ടമാകും.
പണം നഷ്ടപ്പെട്ടവർ ഇവരോട് കാര്യം തിരക്കുമ്പോൾ, 'ഞങ്ങൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തില്ലേ, കോടതി ഇടപെട്ട് വീണ്ടും പരിശോധിക്കാൻ ഉത്തരവിട്ടില്ലേ' എന്ന് ചോദിച്ച് കൈമലർത്തുകയാണ് ഇവരുടെ പതിവ് രീതിയെന്നാണ് പറയപ്പെടുന്നത്.
പുനഃപരിശോധനാ ഹർജി നൽകിയിട്ടും കാര്യമില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഇത്തരക്കാർ ആളുകളെ വലയിലാക്കുന്നത്. അഭിഭാഷകർ ഉൾപ്പെടുന്ന ഒരു സംഘം തന്നെ ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.
ആർ ഡി ഓ, താലൂക്ക്, വില്ലേജ് ഓഫീസുകൾക്ക് സമീപം ബോർഡുകൾ സ്ഥാപിച്ചും സാമൂഹിക മാധ്യമങ്ങളിൽ പരസ്യം നൽകിയുമാണ് ഇവർ ഇരകളെ കണ്ടെത്തുന്നത്. ഭൂമി തരംമാറ്റൽ എളുപ്പത്തിൽ നടത്തിക്കൊടുക്കുമെന്ന വാഗ്ദാനങ്ങളിൽ സാധാരണക്കാർ വീണുപോവുകയാണ്.
തട്ടിപ്പിനിരയായവർ പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ, ഭൂവുടമകൾ വക്കാലത്ത് നൽകിയെന്നും കോടതി ഫീസായാണ് പണം വാങ്ങിയതെന്നും ഇവർ അവകാശപ്പെടുന്നു.
എന്നാൽ, സിവിൽ-ക്രിമിനൽ കേസുകൾക്ക് മാത്രമാണ് വക്കാലത്ത് ആവശ്യമുള്ളതെന്നും ഭൂമി തരംമാറ്റുന്നതുപോലുള്ള റവന്യൂ നടപടികൾക്ക് ഇതിന്റെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ലക്ഷക്കണക്കിന് ഭൂമി തരംമാറ്റ അപേക്ഷകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് തട്ടിപ്പുകാർക്ക് വളക്കൂറുള്ള മണ്ണൊരുക്കുകയാണ്. വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇടനിലക്കാരുടെ ശൃംഖല ഇപ്പോഴും സജീവമായി തുടരുകയാണ്.
ഏതാനും വർഷങ്ങൾക്കുമുമ്പ് സമാനമായ സംഘങ്ങൾ ഇടുക്കി കട്ടപ്പനയിൽ ഓഫീസ് തുറന്നിരുന്നു. വ്യാപകമായ പരാതികളെ തുടർന്ന് അന്നത്തെ സബ് കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് പിൻവാങ്ങിയ സംഘം ഇപ്പോൾ കട്ടപ്പനയിൽ വീണ്ടും രംഗപ്രവേശം ചെയ്തിട്ടുണ്ട്.
ഭൂമി തരംമാറ്റ തട്ടിപ്പിൽ ലക്ഷങ്ങൾ നഷ്ടപ്പെടുന്നവരെക്കുറിച്ച് നിങ്ങൾക്കറിയാമോ? ഈ മുന്നറിയിപ്പ് എല്ലാവരിലേക്കും എത്തിക്കുക.
Article Summary: Major land reclassification scam involving middlemen charging lakhs to file useless High Court petitions.
#LandScam #KeralaFraud #BhoomiTharamMattam #HighCourtScam #KottayamNews #Vigilance