Arrested | 'ഗര്‍ഭിണിയായ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിച്ചു'; ഭര്‍ത്താവ് അറസ്റ്റില്‍
ബെംഗ്‌ളൂറു: (www.kvartha.com) ആറുമാസം ഗര്‍ഭിണിയായ യുവതിയെ വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മോഹന്‍കുമാര്‍ (25) ആണ് അറസ്റ്റിലായത്. ചന്ദ്രകല (രശ്മി-21) ആണ് കൊല്ലപ്പെട്ടത്. മോഹനന്റെ മാതാപിതാക്കള്‍ ഒളിവിലാണെന്നും ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വര്‍ഷമാണ് മോഹന്‍കുമാറും ചന്ദ്രകലയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിനു തൊട്ടു പിന്നാലെതന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ചന്ദ്രകലയുമായി മോഹന്‍കുമാറും കുടുംബവും വഴക്ക് ആരംഭിച്ചിരുന്നു. ഒന്നരമാസം മുമ്പ് വഴക്കിനിടയില്‍ മോഹന്‍കുമാര്‍ ചന്ദ്രകലയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.
തുടര്‍ന്ന് ചിക്കമംഗ്‌ളൂറു ജില്ലയിലെ അജ്ജംപുര ഹുനഗട്ട വനമേഖലയില്‍ കുഴിയെടുത്ത് അതിലിട്ട് കത്തിക്കുകയായിരുന്നു. ഒക്ടോബര്‍ 10ന് ചന്ദ്രകലയെ കാണാനില്ലെന്ന് മോഹന്‍കുമാര്‍ ചന്ദ്രകലയുടെ മാതാപിതാക്കളെ അറിയിക്കുകയും മറ്റാരുടെയോ കൂടെ ഒളിച്ചോടിയെന്ന് പൊലീസില്‍ പരാതിയും നല്‍കി.
എന്നാല്‍, ചന്ദ്രകലയുടെ മാതാപിതാക്കള്‍ മകളെ കാണാതായതിനു പിന്നില്‍ മോഹന്‍കുമാറിനു പങ്കുള്ളതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് മോഹന്‍കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
Keywords: News, National, Woman, Killed, Death, Police, Custody, Bengaluru: Pregnant woman killed by man, arrested.