Assault | 'പത്തനംതിട്ടയിൽ പെൺകുട്ടി ബസ് സ്റ്റാൻഡിൽ വച്ചും പീഡനത്തിന് ഇരയായി'; ഇതുവരെ അറസ്റ്റിലായത് 20 പേർ; നവവരനും വിവാഹ ഉറപ്പിച്ച യുവാവുമടക്കം പിടിയിൽ


● 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി.
● 'സുബിൻ എന്നയാളാണ് പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു കൊടുത്തത്.
● പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഈ കുറ്റകൃത്യം കൂടുതലും നടന്നത്.
പത്തനംതിട്ട: (KVARTHA) കൗമാര കായികതാരം കൂട്ട ലൈംഗിക ചൂഷണത്തിനിരയായ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നതോടെ ഇതുവരെ അറസ്റ്റിലായത് 20 പേർ. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 13 വയസുള്ളപ്പോൾ ഒരു ആൺസുഹൃത്തിൽ നിന്നാണ് പെൺകുട്ടിക്ക് ദുരനുഭവം തുടങ്ങിയതെന്നാണ് വെളിപ്പെടുത്തൽ.
പൊലീസ് കണ്ടെത്തൽ ഇങ്ങനെ: 'സുബിൻ എന്നയാളാണ് പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു കൊടുത്തത്. പിന്നീട് ഇത് ലൈംഗിക പീഡനത്തിലേക്ക് വഴിമാറി. പ്രതികൾ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി കൂടുതൽ ചൂഷണത്തിന് ഇരയാക്കി. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോണിലേക്ക് പ്രതികൾ അശ്ലീല ദൃശ്യങ്ങൾ അയച്ചിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കൂടുതൽ പേർ പെൺകുട്ടിയെ പീഡിപ്പിച്ചത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് ഈ കുറ്റകൃത്യം കൂടുതലും നടന്നത്. ബസ് സ്റ്റാൻഡിലെ ഒഴിഞ്ഞ കോണുകളും മുകൾനിലയും കേന്ദ്രീകരിച്ച് സമൂഹവിരുദ്ധർ പെൺകുട്ടിയെ പലർക്കും കാഴ്ചവെച്ചു. മയക്കുമരുന്നിന്റെ വിപണന കേന്ദ്രം കൂടിയായ ഇവിടെ കാര്യമായ പൊലീസ് നിരീക്ഷണമോ സിസിടിവി ക്യാമറകളോ ഇല്ലാത്തത് പ്രതികൾക്ക് സഹായകമായി. പെൺകുട്ടിയെ ഇവിടെ വിളിച്ചുവരുത്തി പലർക്കും പരിചയപ്പെടുത്തി കൊടുക്കുകയും പിന്നീട് വാഹനങ്ങളിൽ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുകയും ചെയ്തു'.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വച്ചും പെൺകുട്ടി പീഡനത്തിന് ഇരയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, കോന്നി, ആറന്മുള എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലേക്ക് കേസ് വ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ സാധ്യതയുണ്ട്.
ഇതുവരെ അറസ്റ്റിലായവരിൽ ഓടോറിക്ഷ ഡ്രൈവർമാർ, മത്സ്യവ്യാപാരികൾ, പ്ലസ് ടു വിദ്യാർത്ഥി, നവവരൻ തുടങ്ങിയവരുണ്ട്. അടുത്ത ദിവസം വിവാഹ നിശ്ചയം തീരുമാനിക്കപ്പെട്ട യുവാവും പിടിയിലായിട്ടുണ്ട്. എല്ലാ പ്രതികളുടെയും പേരിൽ പോക്സോ നിയമപ്രകാരവും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
#PatanamthittaNews, #Assault, #Case, #PoliceInvestigation, #ArrestNews, #POCSOLaw