Theft Case | യുവതിയെ ബൈക്കിൽ പിന്തുടർന്ന് സ്വർണം മോഷ്ടിച്ചെന്ന കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയിൽ


● പ്രതി ഉപേക്ഷിച്ച ബൈക്ക് കൊണ്ടോട്ടി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.
● പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊണ്ടോട്ടി: (KVARTHA) സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി സ്വർണം മോഷ്ടിച്ചെന്ന കേസിലെ പ്രതി ഒരു വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. മുഹമ്മദ് ഫവാസ് (25) നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഫവാസ്, സംഭവത്തിനു ശേഷം മറ്റൊരു മോഷണക്കേസിൽ പിടിയിലായി ജാമ്യത്തിൽ ഇറങ്ങി വിദേശത്തേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം മുംബൈയിൽ എത്തിയ ഇയാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടോട്ടി പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നതനുസരിച്ച്, 2023 നവംബറിൽ നടന്ന ഈ സംഭവത്തിൽ, പുളിക്കൽ പഞ്ചായത്ത് അംഗം അഷ്‌റഫിന്റെ മരുമകൾ മനീഷ പർവീനെ (27) ബൈക്കിൽ പിന്തുടർന്ന് വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച് ഒമ്പത് പവൻ സ്വർണം മോഷ്ടിച്ചതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തുനിന്ന് കടന്ന പ്രതി ഉപേക്ഷിച്ച ബൈക്ക് കൊണ്ടോട്ടി പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് കണ്ടെത്തിയതോടെയാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. തൊട്ടടുത്ത ദിവസം മറ്റൊരു മോഷണക്കേസിൽ കോടഞ്ചേരി പൊലീസ് ഫവാസിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വിദേശത്തേക്ക് കടന്നു.
പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഫവാസിനെ വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയും മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
#GoldTheft #Arrest #CrimeNews #Kandotti #MumbaiPolice #CCTV