കടലിൽ കാണാതായവരെ കിട്ടിയോ സാറേ? കണ്ണൂർ നഗരത്തിൽ നിന്നും തൂക്കിയപ്പോൾ പൊലീസിനോട് അർജുൻ ആയങ്കിയുടെ ചോദ്യം
ADVERTISEMENT
● രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു
● പ്രതിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയ സഹോദരൻ അജയ്‌യെ കോഴിക്കോട്ട് അറസ്റ്റ് ചെയ്തു
● സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെയും ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ചതിനാണ് കേസ്
● വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കും
കണ്ണൂർ: (KVARTHA) നീണ്ട തിരച്ചിലിനൊടുവിൽ ഒളിവില്‍ കഴിയുകയായിരുന്ന സ്വർണക്കടത്ത് കേസിലെ പ്രതി അഴീക്കോട് കപ്പക്കടവ് സ്വദേശി അര്‍ജുന്‍ ആയങ്കിയെ (31) പൊലീസ് പിടികൂടി. കണ്ണൂർ നഗരത്തിലെ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെൻ്റിൽ നിന്നാണ് ഉത്തരമേഖല റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഞായറാഴ്ച (ഓഗസ്റ്റ് 9) പുലർച്ചെ രണ്ട് മണിയോടെ പ്രതിയെ കസ്റ്റഡിയിലെടുത്തത്. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു അഭിഭാഷക ദമ്പതികൾ തുടക്കത്തിൽ സ്വീകരിച്ചത്.
ഇതിനിടയിൽ പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുൻ ആയങ്കിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ കൂട്ടായ പരിശ്രമം കൊണ്ടാണെന്ന് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ബി വി വിജയ് ഭരത് റെഡ്ഡി വ്യക്തമാക്കി. 'കടലിൽ കാണാതായവരെ കിട്ടിയോ സാറേ' എന്നായിരുന്നു കസ്റ്റഡിയിൽ എടുത്ത പൊലീസുകാരോടുള്ള ആയങ്കിയുടെ പരിഹാസ രൂപേണയുള്ള ചോദ്യം.
വൈദ്യപരിശോധന പൂർത്തിയാക്കിയ പ്രതിയെ കോടതിയിൽ ഹാജരാക്കും. കണ്ണൂർ ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചതിനും കാലാപാഹ്വാനം നടത്തിയതിനും കണ്ണൂർ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒളിവുജീവിതത്തിൻ്റെ നാൾവഴികൾ
കഴിഞ്ഞ മെയ് മാസമാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തി എന്ന കേസില്‍ സുഹൃത്തിൻ്റെ വിവാഹത്തിനെത്തിയ അര്‍ജുന്‍ ആയങ്കിയേയും മറ്റ് 6 പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്.
പിന്നാലെ 21 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ എസ്എച്ച്ഒയ്‌ക്കെതിരെ ഭീഷണി സന്ദേശം മുഴക്കുന്ന കുറിപ്പ് അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ഇതിലാണ് ഊന്നുകല്‍ പൊലീസ് കേസെടുത്തത്. തുടർന്ന് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞത് തളിപ്പറമ്പിലെ ലോഡ്ജിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ ഇയാൾ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചുവരുത്തുകയായിരുന്നു. ഈ കാറിലാണ് അർജുൻ ആയങ്കി കണ്ണൂരിലേക്ക് എത്തിയത്.
പയ്യന്നൂരിൽ കൊണ്ടിറക്കിയ ഓട്ടോ ഡ്രൈവർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് കാറിൻ്റെ സിസിടിവി പിന്തുടർന്നാണ് പൊലീസ് അഭിഭാഷകയുടെ ഫ്ലാറ്റിലെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് ഇയാൾ ഫ്ലാറ്റിലെത്തിയത്. അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായും നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.
ക്രൗഡ് ഫണ്ടിങ്; സഹോദരനും പിടിയിൽ
അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ് നടത്തിയതിന് സഹോദരൻ അജയ്‌യെ കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിലൂടെ അജയ് ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കുന്നത്. ഞായറാഴ്ച പുലർച്ചെ 12.30-ന് ഈസ്റ്റ് നടക്കാവിലെ ഒരു സ്ഥാപനത്തിന് മുന്നിൽ വെച്ചാണ് നിയമാനുസരണം മുൻകരുതൽ അറസ്റ്റ് ചെയ്തത്.
കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് അർജുൻ ആയങ്കി. അഴീക്കോട്ടെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഇയാളെ നാല് വർഷം മുൻപ് സംഘടന ഔദ്യോഗികമായി മാറ്റിനിർത്തിയെങ്കിലും പാർട്ടിയെ മറയാക്കിയായിരുന്നു പിന്നീടുള്ള പ്രവർത്തനങ്ങൾ. ഇതിനോടകം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സിപിഎമ്മിന് വേണ്ടിയുള്ള സൈബർ പ്രചാരണങ്ങളിൽ സജീവമായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Arjun Ayanki was arrested dramatically by the police from a Kannur flat.
#ArjunAyanki #KannurNews #KeralaPolice #CrimeNews #MalayalamNews #KeralaPolitics #AmmuNews
