റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിന് അബ്കാരി കേസിൽ ഹൈകോടതി ജാമ്യം അനുവദിച്ചു; വാഴവറ്റയിലെ വീട്ടിൽ നിന്ന് പിടികൂടിയത് 67 ലിറ്ററോളം മദ്യം
ADVERTISEMENT
● ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
● അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിനിടയിലാണ് കേസ് ഉണ്ടായത്
● വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് ഏകദേശം 67 ലിറ്ററോളം മദ്യവും വൈനുമാണ് എക്സൈസ് പിടികൂടിയത്
● കെട്ടിടം വിറ്റതാണെന്നും തനിക്ക് കൈവശാവകാശമില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു
കൊച്ചി: (KVARTHA) അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആൻ്റോ അഗസ്റ്റിന് ഹൈകോടതി ജാമ്യം അനുവദിച്ചു. ആദ്യഘട്ടത്തിൽ സുൽത്താൻ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആൻ്റോ അഗസ്റ്റിൻ ഹൈകോടതിയെ സമീപിച്ചത്.
നേരത്തെ ഇടക്കാല ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച (സെപ്റ്റംബർ 22) കേസ് പരിഗണിച്ചപ്പോൾ പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നിരത്തിയെങ്കിലും ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ സാധാരണ ജാമ്യം നൽകാറുള്ളതും, മുൻ കേസുകളില്ലാത്തതുമാണ് ജാമ്യം അനുവദിക്കാൻ കോടതി പരിഗണിച്ചതെന്നാണ് കരുതുന്നത്. ഉത്തരവുമായി ബന്ധപ്പെട്ട വിധിന്യായം പുറത്തുവന്നാൽ മാത്രമേ വിശദാംശങ്ങൾ വ്യക്തമാകൂ.
പ്രതിഭാഗവും പ്രോസിക്യൂഷനും കോടതിയിൽ
മദ്യം കണ്ടെത്തിയ കെട്ടിടം 2022-ൽ ബാങ്ക് ജപ്തി നടപടികൾ വഴി മറ്റൊരാൾക്ക് വിറ്റതാണെന്നും കഴിഞ്ഞ നാല് വർഷമായി ഈ വീടുമായി ആൻ്റോയ്ക്ക് കൈവശാവകാശമോ ബന്ധമോ ഇല്ലെന്നുമാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എന്നാൽ 2026 മാർച്ചിലും ഈ കെട്ടിടത്തിൻ്റെ നികുതി അടച്ചിരിക്കുന്നത് ആൻ്റോ അഗസ്റ്റിൻ്റെ പേരിലാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത്രയും വലിയ അളവിലുള്ള വിദേശമദ്യത്തിൻ്റെ ഉറവിടം കണ്ടെത്താനും നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും വിശദമായ അന്വേഷണം ആവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം.
കേസിനാസ്പദമായ സംഭവം
അർജൻ്റീന ഫുട്ബോൾ ടീമിൻ്റെയും ലയണൽ മെസ്സിയുടെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് അബ്കാരി കേസ് ഉയർന്നുവന്നത്. ആൻ്റോ അഗസ്റ്റിൻ്റെ വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് വൻതോതിൽ മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് വിവരം എക്സൈസ് വകുപ്പിന് കൈമാറുകയും എക്സൈസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് ആൻ്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടിച്ചെടുത്തത് 67 ലിറ്റർ മദ്യം
വീട്ടിൽ നടത്തിയ പരിശോധനയിൽ 43 ലിറ്ററിലധികം വിദേശ നിർമിത വിദേശമദ്യവും, 4.8 ലിറ്ററോളം വിദേശ നിർമിത വൈനും, 5.5 ലിറ്റർ കേരള നിർമിത വൈനും, 860 മില്ലി ലിറ്റർ മിലിട്ടറി മദ്യവും ഉൾപ്പെടെ ഏകദേശം 67 ലിറ്ററോളം മദ്യവും വൈനുമാണ് എക്സൈസ് പിടിച്ചെടുത്തത്. അബ്കാരി ആക്ടിലെ 55(ഐ), 55(എ), 58 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: The Kerala High Court granted conditional bail to Reporter TV MD Anto Augustine in an Abkari case involving the seizure of 67 liters of liquor from his Wayanad residence.
#Kvartha #AntoAugustine #ReporterTV #KeralaHighCourt #AbkariCase #Wayanad #KeralaNews #MalayalamNews
