ലഹരി വിരുദ്ധ പ്രചാരകൻ എംഡിഎംഎയുമായി പിടിയിൽ: സിപിഎം ലോക്കൽ കമ്മിറ്റിയംഗത്തെ പുറത്താക്കി!


● ബെംഗളൂരിൽ നിന്ന് കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് അറസ്റ്റ്.
● ഷമീറിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു.
● വളപട്ടണം ലഹരിവിരുദ്ധ റാലിയുടെ പ്രധാന സംഘാടകനായിരുന്നു ഷമീർ.
● പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കണ്ണൂർ: (KVARTHA) പാർട്ടിയും ഡി.വൈ.എഫ്.ഐയും വർഗ്ഗബഹുജന സംഘടനകളും വളപട്ടണം മേഖലയിൽ നടത്തിവന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന സി.പി.എം പ്രവർത്തകൻ ഒടുവിൽ മയക്കുമരുന്ന് കടത്തിനിടെ പിടിയിലായി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ്. ഡി.വൈ.എഫ്.ഐ പ്രാദേശിക ഭാരവാഹിയും വളപട്ടണത്തെ സി.പി.എം ലോക്കൽ കമ്മിറ്റിയംഗവുമായ വി.കെ. ഷമീറിനെയാണ് എം.ഡി.എം.എയുമായി പിടികൂടിയത്. ഇത് വളപട്ടണം മേഖലയിലെ പാർട്ടിക്കാകെ നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
പാർട്ടിയും ഡി.വൈ.എഫ്.ഐയും വർഗ്ഗബഹുജന, സാംസ്കാരിക സംഘടനകളും വളപട്ടണത്ത് നടത്തിവന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെയും ബോധവൽക്കരണ പരിപാടികളുടെയും ചുക്കാൻ പിടിച്ചിരുന്നയാളാണ് ലോക്കൽ കമ്മിറ്റിയംഗമായ വി.കെ. ഷമീർ. കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ 18 ഗ്രാം എം.ഡി.എം.എയുമായാണ് ഇയാളും സുഹൃത്തും പിടിയിലായത്.
ബെംഗളൂരിൽ നിന്നും കൂട്ടുപുഴ വഴി കണ്ണൂരിലേക്ക് എം.ഡി.എം.എ കടത്തുന്നതിനിടെയാണ് ഷമീറിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറിൻ്റെ രഹസ്യ അറയിലാണ് പ്രതികൾ എം.ഡി.എം.എ സൂക്ഷിച്ചിരുന്നത്.
ബംഗളൂരിൽ നിന്നും സുഹൃത്തിനൊപ്പം കാറിൽ എം.ഡി.എം.എ കടത്തുമ്പോഴാണ് ഷമീർ പിടിയിലാകുന്നത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് ഷമീറിനെ വാഹന പരിശോധന നടത്തി പിടികൂടിയത്.
ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായ ഷമീർ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണത്ത് നിന്നുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം വളപട്ടണത്ത് സംഘടിപ്പിച്ച ലഹരിവിരുദ്ധ റാലിയുടെ മുഖ്യ സംഘാടകൻ കൂടിയായിരുന്നു ഷമീർ. ഷമീറിനെ പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി സി.പി.എം ജില്ലാ നേതൃത്വം അറിയിച്ചു.
വളപട്ടണം മന്ന സൗജാസിലെ കെ.വി. ഹഷീമിനും (40), വളപട്ടണം വി.കെ. ഹൗസിൽ വി.കെ. ഷമീറിനും (38) വൻതോതിൽ കണ്ണൂരിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി നേരത്തെ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതു കാരണം കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ ഇരിട്ടി എസ്.ഐ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇവരില്‍ നിന്ന് 18.815 ഗ്രാം എം.ഡി.എം.എയാണ് വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്.
ഞായറാഴ്ച രാവിലെ 9:10-ന് കൂട്ടുപുഴ ചെക്ക്പോസ്റ്റിന് സമീപമുള്ള പുതിയ പാലത്തിന് അടുത്ത് വെച്ചാണ് കെ.എൽ.13 ഇസഡ്-2791 ഹോണ്ട ജാസ് കാറിൽ എത്തിയ ഇവരിൽ നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തത്. ബംഗളൂരിൽ നിന്ന് 16,000 രൂപയ്ക്ക് വാങ്ങിയതാണ് എം.ഡി.എം.എയെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
സീനിയർ സി.പി.ഒ ദീപു, ഡ്രൈവർ സി.പി.ഒ ആദർശ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തുടർ നടപടികൾ വടകര എൻ.ഡി.പി.എസ് കോടതിയിൽ നടക്കും.
ലഹരി വിരുദ്ധ പ്രചാരകൻ ലഹരിയുമായി പിടിയിലായതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Anti-drug campaigner and CPM leader arrested with MDMA, party suspends him.
#DrugArrest #CPM #KeralaPolice #MDMA #AntiDrugCampaign #KannurNews