Fraud | തേക്ക്, ആട്, മാഞ്ചിയം മുതൽ സീഡ് വരെ; ദുരമൂത്ത മലയാളികൾക്ക് മുൻപിൽ അനന്തു കൃഷ്ണന്മാർ ഇനിയും അവതരിച്ചു കൊണ്ടേയിരിക്കും


● രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് ആളുകളെ വിശ്വസിപ്പിക്കാൻ ഇയാൾക്ക് കഴിഞ്ഞു.
● ആയിരം കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
● ലാഭമോഹമാണ് പലരെയും ഇത്തരം തട്ടിപ്പുകളിൽ കൊണ്ടെത്തിക്കുന്നത്.
ഭാമനാവത്ത്
(KVARTHA) തേക്ക്, ആട്, മാഞ്ചിയം തുടങ്ങി ഒട്ടേറെ തട്ടിപ്പുകൾക്ക് തലവെച്ചു കൊടുത്തവരാണ് മലയാളികൾ. ലാഭമെന്ന ചിന്തയാണ് സാധാരണക്കാർ മുതൽ സമ്പന്നരായവരെ ഇത്തരം വ്യാജ സംരഭങ്ങളിൽ പോയി വീഴാൻ കാരണമാകുന്നത്. കണ്ണൂർ ജില്ലയിലാകട്ടെ കഴിഞ്ഞ കുറെക്കാലമായി തട്ടിപ്പുകളുടെ മഹാ പ്രളയം തന്നെയാണ് നടക്കുന്നത്. അർബൻ നിധി, സേഫ് ആൻഡ് സ്ട്രോങ്, റോയൽ ട്രാവൻകൂർ, പേരാവൂർ ഹൗസിങ് സൊസൈറ്റി, ചക്കരക്കൽ ബിൽഡിങ് സൊസൈറ്റി, ആയിക്കരയിലെ 'എടക്കാട് വെൽഫെയർ സൊസൈറ്റി വരെ അതു നീളുകയാണ്.
കേരളത്തിൽ ഓൺലൈൻ ഷെയർ ട്രേഡിൻ്റെ മറവിൽ നിക്ഷേപകരിൽ നിന്നും പണം തട്ടുന്ന സംഘവും നാൾക്കുനാൾ വിലസുകയാണ്. ഇതിന് പുറമേ ഭൂലോക തട്ടിപ്പുകാരനായ മറ്റൊരു അവതാരം കൂടി പിറവിയെടുത്തിരിക്കുകയാണ്. സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പായിരുന്നു അനന്തു കൃഷ്ണന്റേത്. വ്യാജ പദവി ചമഞ്ഞ് ആയിരക്കണക്കിന് ജനങ്ങളെ പറഞ്ഞുപറ്റിച്ച് സമർത്ഥമായി നടത്തിയ തട്ടിപ്പാണിത്. 1000 കോടിയിലേറെ രൂപ ഇപ്പോൾ തന്നെ തട്ടിച്ചതായി പുറത്ത് അറിഞ്ഞുകഴിഞ്ഞു. പല ജില്ലകളിലും കേസുകൾ കുമിഞ്ഞുകൂടുന്നതിനാൽ തുക ഇനിയും കൂടുമെന്നുറപ്പാണ്.
എന്തായിരുന്നു അനന്തുവിന്റെ ആ മാസ്റ്റർ പ്ലാൻ? ആരാണ് യഥാർത്ഥത്തിൽ അനന്തു കൃഷ്ണൻ? ഇതിനോടൊപ്പം ഉയരുന്ന ചോദ്യങ്ങളും ഇതാണ്. നാഷണല്‍ എന്‍ജിഒ ഫെഡറേഷന്‍ എന്ന സംഘടനയുടെ നാഷനല്‍ കോ-ഓഡിനേറ്ററാണെന്നും ഇന്ത്യയിലെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്യാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിശ്വസിപ്പിച്ചായിരുന്നു ഇടുക്കി സ്വദേശിയായ അനന്തു കൃഷ്ണന്റെ തട്ടിപ്പ്. തുടർന്ന് ഇരുചക്രവാഹങ്ങൾക്ക് നിങ്ങൾ പകുതി തുക നൽകിയാൽ, ബാക്കി തുക ബഹുരാഷ്ട്രകമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് ലഭിക്കുമെന്നും ജനങ്ങളോട് ഇയാൾ പറഞ്ഞു.
ജനങ്ങൾ ഇത് വിശ്വസിച്ചു. അതിന് കാരണമുണ്ട്. ആദ്യം ഇയാൾ ഇത്തരത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തും തയ്യൽ മെഷീനുകൾ വിതരണം ചെയ്തും വിശ്വാസം നേടിയെടുത്തിരുന്നു. ഇവയുടെ വിതരണോദ്ഘാടനത്തിന് ജനപ്രതിനിധികളായ പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിച്ചിരുന്നു. തുടർന്നായിരുന്നു ആ മഹാതട്ടിപ്പിലേക്ക് കടന്നത്. സ്വന്തം പേരില്‍ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ ഉണ്ടാക്കി അതിന്റെ പേരിലാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍, ഇതുവരെ ഒരു കമ്പനിയില്‍ നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പൊലീസിനോട് സമ്മതിച്ചിരുന്നു.
ഫണ്ട് റോൾ ചെയ്യാൻ സാധിച്ചില്ല എന്നും വിചാരിച്ച പോലെ ഒന്നും നടന്നില്ല എന്നുമൊക്കെയായിരുന്നു അനന്തുവിന്റെ മറുപടി. അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു. അതിൽ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് മാത്രം 400 കോടി രൂപയെത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്ന് 700 കോടി തട്ടിയെടുത്തെന്നാണ് നിലവിൽ പൊലീസിന്റെ വിലയിരുത്തല്‍. നിരവധി രാഷ്ട്രീയ നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനും, കോൺഗ്രസ് വനിതാ നേതാവ് ലാലി വിൻസെൻ്റുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
പ്രധാനമന്ത്രിയുടെ ഒപ്പം നിൽക്കുന്ന പടം വരെ ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. കെ ടി ജലീൽ, വി ഡി സതീശൻ, എം കെ രാഘവൻ, ഹൈബി ഈഡൻ തുടങ്ങിയ നിരവധി രാഷ്ട്രീയനേതാക്കളുമായി ഇയാൾ വേദി പങ്കിട്ടിട്ടിട്ടുമുണ്ട്. ഇവയുടെ ചിത്രങ്ങളും മറ്റുമെല്ലാമാണ് ഇയാൾ തന്റെ വിശ്വാസ്യതയ്ക്കായി ഉപയോഗിച്ചിരുന്നത്. പ്രധാന രഷ്ട്രീയപാർട്ടികൾക്കും അനന്തു പണം നൽകിയിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് വേണ്ടി രണ്ടരലക്ഷം രൂപ സിപിഎമ്മിന് അനന്തു നൽകിയെന്നാണ് ആരോപണം. മൂലമറ്റം ഏരിയാ കമ്മിറ്റിക്ക് വേണ്ടിയായിരുന്നു പണം നല്‍കിയത്. യുഡിഎഫ് ജനപ്രതിനിധികൾക്കും പണം നൽകിയതായി ആരോപണം ഉയർന്നു.
മുഖ്യമന്ത്രിയുടെ നവകേരള സദസിനും അനന്തു പണം നൽകിയിരുന്നുവെന്നും ആരോപണമുണ്ട്. തട്ടിപ്പ് നടത്താൻ അനന്തുകൃഷ്ണൻ അഞ്ച് കമ്പനികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രൊഫഷണൽ സർവീസസ് ഇന്നവേഷൻ കൊറാസോൺ, കളമശേരിയിലെ ഗ്രാസ് റൂട്ട് ഇന്നവേഷൻ, കടവന്ത്രയിലെ സോഷ്യൽബീ വെഞ്ചേഴ്സ് എൽഎൽപി എന്നീ സ്ഥാപനങ്ങൾ വഴിയും അനന്തു പണം തട്ടിയതായി കണ്ടെത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിനായി ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ജനപ്രതിനിധികളെയും സാധാരണ ജനങ്ങളെയും ഒരുപോലെ കബളിപ്പിച്ച്, അനന്തു കൃഷ്ണൻ നടത്തിയ തട്ടിപ്പ് ചില്ലറയേയല്ല. ലാഭക്കൊതിയുള്ള കേരളത്തിന് മുൻപിൽ ഇത്തരം അവതാരങ്ങൾ അവതരിച്ചു കൊണ്ടെയിരിക്കും.
ഈ ലേഖനം പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Ananthu Krishnan's massive scam has deceived many people, and investigations reveal fraud with large sums of money in various districts.
#AnanthuKrishnan #Scam #KeralaNews #Fraud #InvestmentFraud #Takek