അതൊരു യതീംഖാന ആയിരുന്നെങ്കിൽ! ‘നന്മ മരങ്ങൾ’ വേരറ്റ് വീഴുമ്പോൾ; സാമൂഹിക മാധ്യമങ്ങളിലെ 'പുണ്യബിംബങ്ങളെ' സൂക്ഷിക്കുക


● പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
● 24 പെൺകുട്ടികളെ മാറ്റിപ്പാർപ്പിച്ചു.
● CWCയുടെ കാര്യക്ഷമത ചോദ്യം ചെയ്യപ്പെടുന്നു.
● സമാന സംഭവങ്ങളിൽ ഇരട്ടത്താപ്പ് നിലനിൽക്കുന്നു.
കാർത്തിക് മോഹൻ
(KVARTHA) ഒരുദിവസം പൊട്ടിമുളയ്ക്കുകയും അടുത്തദിവസം വാഴ്ത്തപ്പെടുകയും ചെയ്യുന്ന 'നന്മ മരങ്ങൾ' ഇന്ന് കേരളത്തിൽ ഒരു സാധാരണ കാഴ്ചയാണ്. ദുരിതത്തിലായവർക്ക് സഹായം എത്തിക്കുന്നവരായും, അശരണർക്ക് തണലാകുന്നവരായും അവതരിക്കപ്പെടുന്ന പല വ്യക്തികളും സ്ഥാപനങ്ങളും പൊതുസമൂഹത്തിന്റെ സ്നേഹവും സഹാനുഭൂതിയും ചൂഷണം ചെയ്ത് ലാഭം കൊയ്യുന്നതിന്റെ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ദിനംപ്രതി പുറത്തുവരുന്നത്. അടൂരിലെ ഒരു അനാഥാലയവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ഈ ‘പുണ്യബിംബങ്ങളുടെ’ യഥാർത്ഥ മുഖം തുറന്നുകാട്ടുന്ന ഒന്നാണ്.
അടുത്തിടെ അടൂരിൽ നടന്ന ഒരു സംഭവം കേരളത്തിന്റെ പൊതുബോധത്തെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. അനാഥാലയം നടത്തുന്ന ഒരു സ്ത്രീ സ്വന്തം മകന് അവിടത്തെ അന്തേവാസിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തുകൊടുത്ത സംഭവം സാമൂഹിക മാധ്യമങ്ങളിൽ വലിയ വാർത്തയായി. ‘മാതൃകാപരം’ എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ വിവാഹം അതിവേഗം വൈറലായി.
അഭിമുഖങ്ങളും, ഫോട്ടോഷൂട്ടുകളും, യൂട്യൂബ് ചാനലുകളും, ഗർഭകാല വിശേഷങ്ങളുമെല്ലാം ആഘോഷിക്കപ്പെട്ടു. ആരെയും സംശയിക്കാത്ത സാധാരണക്കാരായ ജനങ്ങൾ ഈ കെണിയിൽ വീഴുകയും, ‘നന്മ മരങ്ങളെ’ വാഴ്ത്തിപ്പാടുകയും ചെയ്തു.
എന്നാൽ, പിന്നാമ്പുറം പുറംലോകം അറിഞ്ഞത് വൈകാതെയാണ്. വിവാഹം കഴിഞ്ഞ് ഏഴുമാസം തികയുന്നതിന് മുൻപ് പൂർണവളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകിയ പെൺകുട്ടിയുടെ കഥയിലെ അസ്വാഭാവികതകളാണ് സംശയങ്ങൾക്ക് വഴിവെച്ചത്. ഒരു കുട്ടിക്ക് 18 വയസ് പൂർത്തിയാകുന്നതിന് മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും ഗർഭിണിയാകുന്നതും പോക്സോ നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്.
വിശദമായ അന്വേഷണത്തിൽ, ഈ അനാഥാലയം ഒരു സാമ്പത്തിക തട്ടിപ്പിന്റെയും, അന്തേവാസികളെ ചൂഷണം ചെയ്യുന്നതിന്റെയും മറ മാത്രമായിരുന്നുവെന്ന് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ആരോപണം. ‘നന്മ മരങ്ങൾ’ എന്ന് വിശേഷിപ്പിച്ചവരുടെ നിയമലംഘനങ്ങൾ ഒന്നൊന്നായി പുറത്തുവന്നതോടെ പൊതുജനം ഞെട്ടിത്തരിച്ചു. 24 ഓളം പെൺകുട്ടികളെയാണ് ഈ സ്ഥാപനത്തിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്.
സമാനമായ ഒരു സംഭവം യതീംഖാനയിലോ (മുസ്ലിം അനാഥാലയം) മറ്റൊരു മതസ്ഥാപനത്തിലോ ആയിരുന്നു സംഭവിച്ചതെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. അത്തരം സാഹചര്യങ്ങളിൽ, ഈ വിഷയത്തെ മതവുമായി ബന്ധപ്പെടുത്തി ഒരു വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുമായിരുന്നു. ‘മതസ്ഥാപനങ്ങളുടെ തട്ടിപ്പുകൾ’, ‘മതത്തിന്റെ മറവിലുള്ള ചൂഷണങ്ങൾ’ എന്നിങ്ങനെ വാദപ്രതിവാദങ്ങൾ സമൂഹമാധ്യമങ്ങളിലും പൊതുവേദികളിലും നിറഞ്ഞുനിൽക്കുമായിരുന്നു.
ഒരു വിഭാഗം ആളുകൾ ഒരു മത വിഭാഗത്തിന്റെ സ്ഥാപനങ്ങളെ ഒന്നടങ്കം സംശയത്തിന്റെ നിഴലിൽ നിർത്താനും ശ്രമിച്ചേനെ. ഇത്തരം ഇരട്ടത്താപ്പുകൾ നമ്മുടെ സമൂഹത്തിൽ പതിവാണ്. ഒരു വിഭാഗത്തിനെതിരെയുള്ള വിമർശനങ്ങൾ അതിവേഗം പൊതുസമൂഹത്തിൽ പടരുമ്പോൾ, മറ്റ് വിഭാഗങ്ങളുടെ വിഷയങ്ങൾ അത്രയധികം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഈ അവസരത്തിൽ ‘അശ്വതി ജോയ് അറക്കൽ’ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു പോസ്റ്റ് വലിയ ചർച്ചയായിരിക്കുകയാണ്.
അശ്വതിയുടെ പോസ്റ്റിന്റെ പൂർണരൂപം:
സോഷ്യൽമീഡിയയിൽ കിടന്നു മിന്നുന്നതും, മിന്നിക്കുന്നതുമെല്ലാം പൊന്നല്ലകെട്ടോ...
2024 ഒക്ടോബറിൽ പത്തനംതിട്ട ജില്ലയിലെ അടൂരിൽ ഒരനാഥലയം നടത്തുന്ന സ്ത്രീ തന്റെ മകനെക്കൊണ്ട് അവിടത്തെ അന്തേവാസിയായ ഒരു പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നു. വിവാഹം നടക്കുമ്പോൾ ആ പെൺകുട്ടിക്ക് 18 വയസ്സും ഏതാനും ദിവസങ്ങളുമാണ് പ്രായം. തന്റെ മകനെക്കൊണ്ട് ഒരു അനാഥപെൺകുട്ടിയെ വിവാഹം കഴിപ്പിച്ച ആ അമ്മയുടെ നല്ല മനസ്സിനെ സോഷ്യൽമീഡിയ വാഴ്ത്തിപ്പാടുന്നു. പിന്നെ ആ ഫാമിലിയുടെ ഇന്റർവ്യൂകളായി... ഫോട്ടോഷൂട്ടുകളായി... ഇന്റർവ്യൂകളിൽ വന്നിരുന്ന് മകനും മരുമകളും അമ്മയേയും തിരിച്ച് അമ്മ മകനെയും മരുമകളെയും പുകഴ്ത്തുന്നു. അമ്മ നിർബന്ധിച്ചതുകൊണ്ട് മാത്രമാണ് ഈ വിവാഹം നടന്നതെന്നും, അമ്മ ദൈവമാണെന്നും ചാനലുകൾക്ക് മുൻപിൽ മക്കൾ പറയുന്നു. സോഷ്യൽമീഡിയ അതേറ്റു പാടുന്നു. സോഷ്യൽമീഡിയയുടെ സ്നേഹം ഏറ്റുവാങ്ങി പതിവുപോലെ അടുത്തപടിയായി ആ ഫാമിലി യൂട്യൂബ് ചാനൽ തുടങ്ങുന്നു. അധികം വൈകാതെ കേരളക്കരയിലെ മാതൃകാകുടുംബമായി ആ കുടുംബം മാറുന്നു. ചാനലിലൂടെ ആ പെൺകുട്ടിയുടെ ഗർഭകാല വിശേഷങ്ങളും, വ്യാക്കൂണും, വളകാപ്പും, പ്രസവവും, മക്കളെല്ലാവരും കൂടി വിധവയായ അമ്മയെക്കൊണ്ട് പുനർവിവാഹം കഴിപ്പിക്കുന്നതുമൊക്കെ ആഘോഷമാകുന്നു.
ഇനിയാണ് ട്വിസ്റ്റ്...
കഥ മാറുന്നത്, കൃത്യം 18 വയസ്സിൽ വിവാഹിതയായ അനാഥാലായത്തിൽ സർക്കാർ സംരക്ഷണയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി, വിവാഹം കഴിഞ്ഞ് ഏഴുമാസം തികയുന്നതിന് മുൻപ് പൂർണ്ണവളർച്ചയെത്തിയ കുഞ്ഞിന് ജന്മം നൽകിയതിൽ എന്തോ പന്തികേട് മാതൃകാകുടുംബത്തിന്റെ യൂട്യൂബ് സബ്സ്ക്രൈബ്ഴ്സിൽ ചിലർക്ക് തോന്നിയതിൽ നിന്നാണ്. ഏഴാംമാസത്തിൽ പ്രസവം നടക്കാറുണ്ട് പക്ഷേ അങ്ങനെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിചരണം ആവശ്യമായി വരും. എന്നാൽ പ്രസവിച്ച് നാലാംനാൾ കുഞ്ഞുമായി ഇവർ വീട്ടിലെത്തുന്ന വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തതോടെ സബ്സ്ക്രൈബ്ർസ് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. പരാതിയെത്തുടർന്ന് CWC(ചൈൽഡ് വെൽഫയർ കമ്മിറ്റി) നടത്തിയ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടി ഗർഭിണി ആയിരുന്നുവെന്ന് തെളിയുന്നു. അതായത് ആ കുട്ടിക്ക് നിയമപരമായി പ്രായപൂർത്തിയാകുന്നതിനു മുൻപ് ഗർഭിണി ആയിരിക്കുന്നു. അന്വേഷണം തുടർന്നപ്പോൾ അനാഥാലയത്തിന്റെ മറവിൽ നടക്കുന്ന സാമ്പത്തികത്തട്ടിപ്പുകളുടെയും, അന്തേവാസികളെ ഭക്ഷണവും ചികിത്സയുമൊന്നും കൊടുക്കാതെ ദ്രോഹിക്കുന്നതിന്റെയും തുടങ്ങി നന്മമരങ്ങളുടെ പേരിലുള്ള പോലീസ് കേസുകളുടെ അടക്കം വിവരങ്ങൾ പുറത്തുവരുന്നു. അങ്ങനെ ഏഴുമാസംകൊണ്ട് സോഷ്യൽമീഡിയ സൃഷ്‌ടിച്ച പുണ്യവിഗ്രഹങ്ങൾ ഏറെക്കുറെ തകർന്നുവീണുകൊണ്ടിരിക്കുന്നു. പോക്സോ അടക്കം ചാർജ് ചെയ്തിട്ടുണ്ട്. മാത്രമല്ല ആ സ്ഥാപനത്തിൽ മുൻകാലങ്ങളിൽ നടന്ന ചില മരണങ്ങളടക്കം ഇപ്പോൾ ചർച്ചയാകുന്നു. മൂന്നുസെന്റ് സ്ഥലം പോലും തികച്ചില്ലാതിരുന്ന സ്ഥാപനം നടത്തിപ്പുകാരിക്ക് ഇപ്പോൾ മൂന്നോളം വീടുകളും സ്ഥലങ്ങളുമൊക്കെ ഉള്ളതും ചർച്ചയാകുന്നുണ്ട്...
ഇനി രസം എന്തെന്നാൽ, ചില നെന്മമരങ്ങൾ ചോദിക്കുകയാണ്... ‘നിയമപരമായി പ്രായപൂർത്തി ആകുന്നതിനു മുൻപ് ആ പെൺകുട്ടി പ്രെഗ്നന്റ് ആയാൽ എന്താണ് കുഴപ്പം, അവൻ അവളെ ഉപേക്ഷിക്കാതെ കല്യാണം കഴിച്ചില്ലേ?’എന്ന്. നിയമപരമായി പ്രായപൂർത്തി ആയ രണ്ടുപേർക്ക് കല്യാണം കഴിക്കുകയോ, ലിവിങ് ടുഗെതറോ എന്തുമാകാം. പക്ഷേ സർക്കാർ സംരക്ഷണയിൽ മറ്റു കുട്ടികൾക്കൊപ്പം ഒരു സ്ഥാപനത്തിൽ ജീവിക്കുന്ന പെൺകുട്ടി പ്രായപൂർത്തി ആകുന്നതിനു മുൻപ് പ്രെഗ്നന്റ് ആയി എന്നത് ഗൗരവം അർഹിക്കുന്ന കുറ്റമാണ്. അന്വേഷണത്തിൽ പറയുന്നുണ്ട്, സോഷ്യൽമീഡിയ നെന്മമരമായ ആ സ്ത്രീക്ക് ഈ കുട്ടിയെക്കൊണ്ട് മകനെ വിവാഹം കഴിപ്പിക്കാൻ താല്പര്യം ഇല്ലായിരുന്നു, നിവർത്തിയില്ലാത്തതുകൊണ്ട് കല്യാണം നടത്തിയതാണെന്ന്. ആ സ്ഥാപനത്തിൽ ജീവിച്ച ഒരു കുട്ടിക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട് എങ്കിൽ അവിടെ താമസിക്കുന്ന മറ്റ് കുട്ടികളുടെ സുരക്ഷയിൽ എന്താണ് ഉറപ്പ്?... അതുപോലെ വേറെ ചിലർ ചോദിക്കുന്നുണ്ട് ഈ കുറ്റം പറയുന്നവർക്ക് ആരോരുമില്ലാത്ത ഒരാളെ എങ്കിലും സംരക്ഷിക്കാൻ പറ്റുമോ എന്ന്?... ഈ സ്ഥാപനം നടത്തുന്നത് ആരുടെയും കുടുംബസ്വത്ത് വിറ്റിട്ടല്ല... സർക്കാർ ഗ്രാന്റും, പലരിൽനിന്നും ഡോണേഷനുമൊക്കെ സ്വീകരിച്ചാണ്... സർക്കാർ ഗ്രാന്റും, ഡോണേഷനുമൊക്കെ അവിടത്തെ അന്തേവാസികളുടെ ക്ഷേമത്തിനുള്ളതാണ് അല്ലാതെ നടത്തിപ്പുകാരുടെ പള്ള വീർപ്പിക്കാനുള്ളതല്ല. അവിടെ ജീവിക്കുന്നവർക്കും മനുഷ്യാവകാശങ്ങളുണ്ട്. ഇപ്പോൾ സ്ഥാപനത്തിലെ അന്തേവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാൻ ഉത്തരവായിട്ടുണ്ട്... തീർച്ചയായും ഈ വിഷയത്തിൽ തുടരന്വേഷണങ്ങൾ വരണം... ഇതുപോലുള്ള സ്ഥാപനങ്ങൾ വഴി തട്ടിപ്പും വെട്ടിപ്പും നടത്തുന്നവർ വെളിച്ചത്ത് വരട്ടെ.
ഒരു സംശയം ചോദിക്കാതെ വയ്യ, ഒരു സാധാരണ വ്യക്തിക്ക് ഇതുപോലുള്ള സ്ഥാപനങ്ങളിൽ നിന്നും കല്യാണം കഴിക്കണമെങ്കിൽ ഉള്ള നൂലാമാലകൾ ചില്ലറയല്ല. അപ്പോൾ ഇതുപോലെ സംഭവങ്ങൾ അവിടെ നടന്നിട്ടും, ഇങ്ങനെയൊരു കുട്ടി പ്രെഗ്നന്റ് ആയി വിവാഹം നടന്നിട്ടും ഇതൊന്നും CWC ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല എന്നതിൽ അസ്വഭാവികത ഇല്ലേ?.. ആ സ്ഥാപനത്തിൽ ജീവിച്ചിരുന്ന കുട്ടികളിൽ പലരും പറയുന്നുണ്ട് CWC ഉദ്യോഗസ്ഥരോട് പല കാര്യങ്ങളിൽ പരാതി പറഞ്ഞിട്ടും ആക്ഷൻ ഒന്നും ഉണ്ടായില്ല എന്ന്... പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായ പാഡ് പോലും അവർ കൊടുത്തിരുന്നില്ലത്രേ... അതുപോലെ സോപ്പ്, പേസ്റ്റ്, ബ്രഷ്, ഭക്ഷണം, മരുന്ന് അങ്ങനെയൊന്നും കൃത്യമായി കൊടുത്തിരുന്നില്ല എന്നും പരാതികളുണ്ട്... ആ സ്ഥാപനത്തിൽ തന്നെ മുൻപ് ജോലിചെയ്തിരുന്ന ഒരു സ്ത്രീയും സ്ഥാപനത്തിൽ നടക്കുന്ന തട്ടിപ്പുകളെപ്പറ്റി മുൻപ് താൻ കൊടുത്ത കേസ് തേച്ചുമാച്ചു കളഞ്ഞിരുന്നു എന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്... ഇത്രയും ആരോപണങ്ങൾ ഉയർന്നുവരുമ്പോൾ ചോദിച്ചുപോവുകയാണ് പിന്നെ എന്തിനാണ് CWC?... ഏതായാലും എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്... സത്യങ്ങൾ പുറത്തുവരട്ടെ.’
അശ്വതി ഗൗരവമേറിയ വിഷയങ്ങളാണ് കുറിക്കുന്നത്. അശ്വതിയുടെ പോസ്റ്റ് ഉയർത്തുന്ന മറ്റൊരു ചോദ്യം ചൈൽഡ് വെൽഫെയർ കമ്മിറ്റി (CWC)യുടെ കാര്യക്ഷമതയെക്കുറിച്ചാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഓരോ വാർത്തകളെയും, ഓരോ നന്മ മരങ്ങളെയും അന്ധമായി വിശ്വസിക്കുന്നത് അപകടകരമാണ്. ഒരാൾ എത്രത്തോളം പൊതുജനശ്രദ്ധ നേടുന്നു എന്നതിലല്ല, മറിച്ച് അവരുടെ പ്രവർത്തനങ്ങളുടെ സത്യസന്ധതയിലാണ് വിശ്വാസമർപ്പിക്കേണ്ടത്. വൈകാരികമായ പ്രതികരണങ്ങൾക്ക് പ്രസക്തിയുണ്ടെങ്കിലും, കാര്യങ്ങൾ വസ്തുതാപരമായി വിലയിരുത്താനുള്ള ഒരു സാമൂഹിക ബോധം നമുക്ക് ആവശ്യമാണ്. ചൂഷണത്തിന്റെ കേന്ദ്രങ്ങളാകുന്ന സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് കർശന നടപടികൾ സ്വീകരിക്കേണ്ടത് നീതിയുടെ ആവശ്യകതയാണ്.
ഈ വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
Article Summary: Adore orphanage exploitation exposed, highlighting fake 'Good Samaritans'.
#AdoorScam #SocialMediaFraud #ChildExploitation #OrphanageScam #KeralaCrime #FakePhilanthropy