എഡിഎം നവീൻ ബാബു കേസ്: 'തെറ്റുപറ്റിയെന്ന് അദ്ദേഹം സമ്മതിച്ചു,' കളക്ടറുടെ നിർണായക മൊഴി പുറത്ത്


● പി.പി. ദിവ്യയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ എ.ഡി.എം സമ്മതിച്ചു.
● 'കയ്യിൽ റെക്കോർഡിംഗുണ്ടെന്ന് തോന്നുന്നു' എന്നും നവീൻ ബാബു പറഞ്ഞു.
● പി.പി. ദിവ്യ മാത്രമാണ് കേസിൽ ഏക പ്രതിയെന്ന് കുറ്റപത്രം.
● ദിവ്യയുടെ പ്രസംഗം ആത്മഹത്യാപ്രേരണയായി മാറിയെന്ന് കണ്ടെത്തൽ.
കണ്ണൂർ: (KVARTHA) മുൻ കണ്ണൂർ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ നേരത്തെ പറഞ്ഞ മൊഴിയിൽ ഉറച്ചുനിൽക്കുന്നു. തനിക്ക് തെറ്റുപറ്റിയെന്ന് യാത്രയയപ്പ് സമ്മേളനത്തിന് ശേഷം നവീൻ ബാബു തന്നോട് നേരിട്ട് പറഞ്ഞതായി കളക്ടർ അരുൺ കെ. വിജയൻ കുറ്റപത്രത്തിൽ മൊഴി നൽകി.
നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രത്തിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതോടെയാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവന്നത്. സ്ഥലം മാറിപ്പോകുന്ന നവീൻ ബാബു അവസാനമായി പറഞ്ഞ കാര്യങ്ങൾ റവന്യൂ വകുപ്പ് മന്ത്രി കെ. രാജനെ അറിയിച്ചിരുന്നതായും കളക്ടർ മൊഴി നൽകിയിട്ടുണ്ട്.
യാത്രയയപ്പിനെക്കുറിച്ചും എ.ഡി.എം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും താൻ മന്ത്രിയോട് സംസാരിച്ചുവെന്നും, പരാതി ലഭിച്ചാൽ അന്വേഷണം നടത്താമെന്ന് മന്ത്രി ഉറപ്പുനൽകിയതായും കളക്ടർ കൂട്ടിച്ചേർത്തു. യാത്രയയപ്പ് ചടങ്ങിന് ശേഷം നവീൻ ബാബു തന്റെ ചേംബറിൽ എത്തിയിരുന്നുവെന്നും, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യയുടെ ആരോപണത്തെക്കുറിച്ച് താൻ എ.ഡി.എമ്മിനോട് ചോദിച്ചുവെന്നും കളക്ടർ മൊഴിയിൽ പറയുന്നു.
ഫയലിൽ ഒരു പ്രശ്നമുണ്ടായിരുന്നത് കൊണ്ടാണ് വൈകിയതെന്നായിരുന്നു നവീൻ ബാബുവിന്റെ ആദ്യ മറുപടി. എന്നാൽ, മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോൾ അര നിമിഷം തലതാഴ്ത്തി തനിക്ക് തെറ്റുപറ്റിയെന്ന് എ.ഡി.എം സമ്മതിച്ചതായി കളക്ടർ വെളിപ്പെടുത്തി.
പിന്നീട്, ചേംബറിന്റെ വാതിൽ വരെ പോയ ശേഷം തിരികെ വന്ന് അവരുടെ (പി.പി. ദിവ്യയുടെ) കയ്യിൽ റെക്കോർഡിംഗുണ്ടെന്ന് തോന്നുന്നതായും നവീൻ ബാബു പറഞ്ഞുവെന്ന് കളക്ടർ മൊഴി നൽകി. തുടർന്ന്, എന്തുവന്നാലും ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറഞ്ഞ് താൻ അദ്ദേഹത്തെ ആശ്വസിപ്പിച്ച് മടക്കി അയച്ചതായും കളക്ടർ അറിയിച്ചു. ഈ വിവരങ്ങളെല്ലാം താൻ പിന്നീട് മന്ത്രിയെ ധരിപ്പിച്ചു എന്നും കളക്ടർ വ്യക്തമാക്കി.
യാത്രയയപ്പിന് ശേഷം പി.പി. ദിവ്യയും തന്നെ വിളിച്ചിരുന്നുവെന്നും, ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞുവെന്നും കളക്ടർ മൊഴി നൽകിയിട്ടുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നും കുറ്റപത്രത്തിൽ പറയുന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പി.പി. ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാപ്രേരണയായി മാറിയെന്നാണ് കണ്ടെത്തൽ.
ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് കളക്ടറേറ്റ് ജീവനക്കാർ മൊഴി നൽകി. ഫയലിൽ അനാവശ്യ കാലതാമസം വന്നിട്ടില്ലെന്നും കൈക്കൂലി നൽകിയതിന് നേരിട്ടുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പി.പി. ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാൻ പ്രാദേശിക ചാനലുകാരെ ഏർപ്പാടാക്കിയത്. പരിപാടിക്ക് മുൻപും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എ.ഡി.എം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ മൊഴിയുണ്ട്.
കേരളമാകെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യാ കേസ്. സ്ഥലം മാറിപ്പോകുന്ന എ.ഡി.എമ്മിന് കളക്ടറേറ്റ് ഹാളിൽ ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിനിടെ, ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുവന്ന് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നാണ് കേസ്. പൊതുവേദിയിലുണ്ടായ അപമാനം താങ്ങാനാവാതെയാണ് നവീൻ ബാബു കണ്ണൂർ പള്ളിക്കുന്നിലുള്ള വാടക വീട്ടിൽ തൂങ്ങിമരിച്ചത്.
ആത്മഹത്യാപ്രേരണാ കേസിൽ ദിവ്യ മാത്രമാണ് ഏക പ്രതി. എ.ഡി.എമ്മിന് പെട്രോൾ പമ്പ് നിരാക്ഷേപപത്രത്തിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ചെങ്ങളായിയിലെ ടി.വി. പ്രശാന്തനെ കുറ്റവിമുക്തനാക്കിയിരുന്നു.
എ.ഡി.എം നവീൻ ബാബുവിന്റെ കേസിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Collector's statement in ADM Naveen Babu assault case revealed.
#NaveenBabu #Kannur #ADMAssault #PPDivya #CollectorArunKVijayan #KeralaPolitics