Murder | 'ചെന്താമര മന്ത്രവാദത്തിന് അടിമ', അരുംകൊല നടത്തിയ പ്രതി കാണാമറയത്ത് തന്നെ; സുധാകരന്റെയും ലക്ഷ്മിയുടെയും ശരീരത്തിൽ 10ലധികം മാരക മുറിവുകള്‍

 
Sign Board Writtern
Sign Board Writtern

Representational Image Generated by Meta AI

● 100-ലധികം പൊലീസുകാരാണ് പ്രതിക്ക് വേണ്ടി തെരച്ചിൽ നടത്തുന്നത്.
● 2019-ൽ ഭാര്യ സജിതയെ കൊലപ്പെടുത്തിയ പ്രതി
​​​​​​​● ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.

പാലക്കാട്: (KVARTHA) നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി വീട്ടമ്മയെയും മകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചെന്താമരയ്ക്കായി പൊലീസ് അന്വേഷണം ഊർജിതം. പോത്തുണ്ടി ബോയൺ കോളനി സ്വദേശികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധാകരന്റെ ഭാര്യ സജിതയെ നേരത്തെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പ്രതി ചെന്താമര ഈ കൊലപാതകം നടത്തിയത്.

ഒളിവിൽപ്പോയ പ്രതിക്കായി 100 ലധികം പൊലീസുകാർ പോത്തുണ്ടിയിലെ മലയോര മേഖലകളിൽ പരിശോധന നടത്തുന്നു. 2019 ലെ കൊലപാതകത്തിന് സമാനമായ രീതിയിൽ വിശന്നാൽ ഭക്ഷണത്തിനായി ഒളിവ് വിട്ട് ചെന്താമര പുറത്തിറങ്ങിയേക്കാമെന്നാണ് പൊലീസ് കരുതുന്നത്. ചെന്താമരയുടെ സഹോദരനുമായി ആലത്തൂർ പൊലീസ് തിരുപ്പൂരിലും പരിശോധന നടത്തുന്നുണ്ട്.

ചെന്താമര മന്ത്രവാദത്തിന് അടിമയാണെന്നും കിട്ടുന്ന പണമെല്ലാം ഉപയോഗിച്ച് പൂജകൾ ചെയ്യാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ജോത്സ്യൻ പറഞ്ഞതിനെ തുടർന്നാണ് സജിതയെ കൊലപ്പെടുത്തിയതെന്നും അവർ വെളിപ്പെടുത്തി. ചെന്താമരയെ സഹിക്കാൻ വയ്യാതെയാണ് ഭാര്യ വീടു വിട്ട് പോയതെന്ന് ചെന്താമരയുടെ അടുത്ത ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ചെന്താമരയെ എങ്ങനെയെങ്കിലും പിടിക്കണമെന്നും പേടിയോടെയാണ് ഇപ്പോൾ ഈ നാട്ടിൽ താമസിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

അഞ്ച് വർഷം മുമ്പാണ് ചെന്താമരയ്ക്ക് കൊല്ലപ്പെട്ടവരുടെ കുടുംബത്തോടുള്ള പകയും വൈരാഗ്യവും തുടങ്ങിയത് എന്നാണ് പറയുന്നത്. 2019 ലാണ് സജിതയെ കൊലപ്പെടുത്തിയത്. കലിയടങ്ങാതെ പ്രതി തിങ്കളാഴ്ച ഭർത്താവ് സുധാകരനെയും ഭർത്യമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ആദ്യകൊലപാതകം നടക്കുന്നതിനും ആറുമാസം മുമ്പാണ് പ്രതി ചെന്താമരാക്ഷൻ്റെ ഭാര്യയും മകളും പിരിഞ്ഞ് കഴിയാൻ തുടങ്ങിയത്. തന്റെ കുടുംബ പ്രശ്‌നങ്ങൾക്ക് കാരണം അയൽക്കാരാണെന്ന് ചെന്താമര സംശയിച്ചിരുന്നതായാണ് പുറത്തുവരുന്ന വിവരം.

സുധാകരന്റെ ശരീരത്തിൽ എട്ട് വെട്ടുകളുണ്ട്. കയ്യിലും കാലിലും കഴുത്തിലും തലയിലുമാണ് വെട്ടേറ്റിരിക്കുന്നത്. വലത് കൈ അറ്റു നീങ്ങിയിട്ടുണ്ട്. കഴുത്തിന് പിറകിലേറ്റ വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആദ്യത്തെ വെട്ടേറ്റിരിക്കുന്നത് കാലിന്റെ മുട്ടിനാണ്. സുധാകരന്റെ അമ്മ ലക്ഷ്മിയുടെ ശരീരത്തിൽ 12 വെട്ടുകളാണുള്ളത്. ലക്ഷ്മിയുടെ ശരീരത്തിലുള്ളത് അതിക്രൂരമായ ആക്രമണത്തിന്റെ മുറിവുകളാണ്. കണ്ണിൽ നിന്നും ചെവി വരെ നീളുന്ന ആഴത്തിലുള്ള മുറിവുണ്ട് ഇവരുടെ ശരീരത്തിൽ.

സുധാകരന്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സുധാകരന്റെ സഹോദരിയുടെ തേവർമണിയിലെ വീട്ടിലേക്ക് കൊണ്ടുവരും. ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും. ദാരുണമായ സംഭവം നാടിനെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Chethamara, accused of earlier killing his wife, brutally murdered Sudhakaran and Lakshmi in Pothundi. Police have launched an intense investigation to arrest the accused.

#KeralaNews, #Murder, #Chethamara, #Investigation, #FamilyDrama, #Pothundi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia