Accident | മദ്യലഹരിയില്‍ കാറോടിച്ച് സ്‌കൂടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചതായി പരാതി; നടന്‍ ബൈജുവിനെതിരെ കേസ്
● ഇടിയില്‍ കാറിന്റെ ടയര്‍ പഞ്ചറായി.
● യാത്രക്കാരന് കാര്യമായ പരുക്കില്ല.
● സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
തിരുവനന്തപുരം: (KVARTHA) മദ്യലഹരിയില്‍ അമിത വേഗതയില്‍ കാറോടിച്ച് സ്‌കൂടര്‍ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചെന്ന പരാതിയില്‍ നടന്‍ ബൈജുവിനെതിരെ (Baiju) കേസ്. മ്യൂസിയം പൊലീസാണ് (Museum Police) ബൈജുവിനെതിരെ കേസെടുത്തത്. ഞായറാഴ്ച അര്‍ധരാത്രി തിരുവനന്തപുരം വെള്ളയമ്പലം ജംഗ്ഷനിലാണ് സംഭവമുണ്ടായത്.
ബൈജു ശാസ്തമംഗലം ഭാഗത്തുനിന്നും സ്‌കൂട്ടര്‍ യാത്രക്കാരന്‍ കവടിയാര്‍ ഭാഗത്തുനിന്നുമാണ് വന്നത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിര്‍മാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പെട്ടന്ന് അദ്ദേഹം കാര്‍ തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സിഗ്‌നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് ബൈജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈദ്യപരിശോധനക്ക് രക്ത സാമ്പിള്‍ കൊടുക്കാന്‍ തയ്യാറായില്ലെന്നാണ് വിവരം. തുടര്‍ന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനക്ക് തയ്യാറായില്ലെന്നും ഡോക്ടര്‍ പൊലീസിന് മെഡിക്കല്‍ റിപ്പോര്‍ട്ട് എഴുതി നല്‍കി. യാത്രക്കാരന്‍ കാര്യമായ പരുക്കേല്‍ക്കാതെ അപകടത്തില്‍നിന്നും രക്ഷപ്പെട്ടു. ഇയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചു.
അമിത വേഗതയില്‍ കാര്‍ ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 279 വകുപ്പ് പ്രകാരവും മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടാര്‍ വാഹന നിയമത്തിലെ വകുപ്പ് 185 പ്രകാരവുമാണ് ബൈജുവിനെതിരെ കേസെടുത്തിരിക്കുന്നത്. പരുക്കേറ്റയാള്‍ നിലവില്‍ പരാതി നല്‍കാത്തതിനാല്‍ പൊലീസ് സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതു ടയര്‍ പഞ്ചറായിരുന്നു. അതിനാല്‍ ടയര്‍ മാറ്റിയിട്ട് സ്റ്റേഷനിലേക്ക് കൊണ്ടു വരാന്‍ ബൈജുവിന്റെ ഡ്രൈവറെ പൊലീസ് വിളിച്ചു വരുത്തി. പിന്നാലെ ബൈജുവും അപകടം നടന്ന സ്ഥലത്തെത്തി. രാത്രി ഒരു മണിയോടെ നടനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
#baijuarrest #actor #drunkdriving #accident #kerala #malayalamcinema