Bail | സിപിഎം തെറ്റുതിരുത്തലിനിടെ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു; കുറ്റപത്രം നല്‍കാതെ പൊലീസ് ഒളിച്ചുകളിക്കുന്നതായി ആരോപണം

 

 
accused in the bomb blast case got bail
accused in the bomb blast case got bail


ബോംബ് നിര്‍മാണത്തിന് പിന്നില്‍ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണെന്നാണ് പൊലീസ് പറയുന്നത്

 

കണ്ണൂര്‍: (KVARTHA) ജില്ലയിലെ പാനൂര്‍ ചെറ്റക്കണ്ടിയില്‍ ബോംബ് സ്‌ഫോടനത്തില്‍ പ്രതികളായ ഡി.വൈ.എഫ്. ഐ, സി.പി.എം പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പൊലീസ് കേസ് അന്വേഷണം മന്ദഗതിയിലാക്കിയതായി ആരോപണം. പാനൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അന്വേഷണ സംഘം  ഒളിച്ചുകളിക്കുന്നതായ ആരോപണം ശക്തമായിട്ടുണ്ട്. ഇതോടെ അന്വേഷണ സംഘത്തിന്റെ പിടിപ്പുകേടുകൊണ്ടാണ്  പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 

സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി ജാമ്യം അനുവദിച്ചത്. പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ മൂന്നാം പ്രതി അരുണ്‍, നാലാം പ്രതി സബിന്‍ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. തലശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിര്‍മാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിര്‍മിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടുണ്ട്.

ബോംബ് നിര്‍മാണത്തിന് പിന്നില്‍ കൊളവല്ലൂരിലെയും പാനൂരിലെയും ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയുമാണെന്നാണ് പൊലീസ് പറയുന്നത്. ഒരു സംഘത്തെ നയിച്ചത് സ്‌ഫോടനത്തില്‍ പരിക്കേറ്റ വിനീഷാണെന്നും മറുസംഘത്തിന്റെ നേതാവ്  കാപ്പ ചുമത്താന്‍ ശുപാര്‍ശ ചെയ്ത ദേവാനന്ദാണെന്നും പൊലീസ് പറയുന്നു. ഇടയ്ക്കിടെ ഇക്കൂട്ടര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. മാര്‍ച്ച് എട്ടിന് കുയിമ്പില്‍ ക്ഷേത്രോത്സവത്തിനിടെയും സംഘര്‍ഷമുണ്ടായി. പിന്നാലെയാണ് എതിരാളികളെ പേടിപ്പിക്കാന്‍ ബോംബ് നിര്‍മാണം തുടങ്ങിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കേസില്‍ പന്ത്രണ്ട് പ്രതികളാണ് ഉള്ളത്. ഇവരില്‍ നാല് പേര്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണ്. അമല്‍ ബാബു, അതുല്‍, സായൂജ്, ഷിജാല്‍ എന്നിവര്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളാണെന്ന് ഡിവൈഎഫ്‌ഐ നേതൃത്വവും സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കേസ് അന്വേഷണത്തില്‍ ഭരണകക്ഷിയിലെ ചില നേതാക്കളുടെ  ഇടപെടല്‍ നടന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയെ തുടര്‍ന്ന് പ്രതിരോധത്തിലായ സി.പി.എം തെറ്റുതിരുത്തല്‍ നടപടി തുടങ്ങിയതിനിടെയാണ് പാനൂരിലെ ബോംബ് സ്‌ഫോടനക്കേസില്‍ വീണ്ടും വിവാദമുയരുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia