Criticism | ഡൽഹിയിൽ ഡോക്ടർ വെടിയേറ്റ് മരിച്ച സംഭവത്തിൽ കേന്ദ്രത്തെയും ലഫ്റ്റനന്റ് ഗവർണറെയും കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● നഗരത്തിലെ അക്രമം ദിനംപ്രതി വർദ്ധിക്കുകയും ഗുണ്ടാസംഘങ്ങൾ അനായാസം പ്രവർത്തിക്കുകയും ചെയ്യുന്നതായി പാർട്ടി ചൂണ്ടിക്കാണിക്കുന്നു.
● ഗുരുതരമായ ക്രിമിനൽ സംഭവങ്ങൾ ഡൽഹിയിൽ പതിവായി നടക്കുന്നുവെന്ന് വിമർശനം.
ന്യൂഡൽഹി: (KVARTHA) ഡൽഹി ജയ്ത്പൂരിലെ കാളിന്ദി കുഞ്ച് പ്രദേശത്തെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ഡോക്ടർ വെടിയേറ്റ് മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയെയും രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി.
ഡൽഹി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഗുണ്ടാസംഘങ്ങൾ അനായാസമായി പ്രവർത്തിക്കുകയും കൊള്ളയടിക്കൽ, വെടിവയ്പ്പ്, കൊലപാതകം തുടങ്ങിയ സംഭവങ്ങൾ ദിനംപ്രതി നടക്കുകയാണെന്നും ആം ആദ്മി പാർട്ടി നേതാവും മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ആരോപിച്ചു.
'ഡൽഹിയിൽ എല്ലാ ദിവസവും വെടിവെയ്പ് നടക്കുന്നു. ലഫ്റ്റനന്റ് ഗവർണർ പൂർണമായും നിശബ്ദനാണ്. എംഎൽഎമാരെ കാണാൻ അദ്ദേഹം സമയം നൽകിയില്ല, ഒരു പൊലീസ് സ്റ്റേഷനും സന്ദർശിച്ചില്ല', സൗരഭ് ഭരദ്വാജ് സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
നീമ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ നടന്ന സംഭവത്തിൽ ഡോക്ടർ ജാവേദ് ആണ് വെടിയേറ്റ് മരിച്ചത്.
പ്രായപൂർത്തിയാകാത്ത രണ്ട് പേർ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തി ഡോക്ടറുടെ ക്യാബിനിൽ കയറി വെടിവച്ചതായി സംശയിക്കുന്നു. രണ്ട് ആണ്‍കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രാഥമിക ചികിത്സയ്ക്ക് എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയ ഇവർ ഡോക്ടർ ജാവേദിനെ കാണണം എന്നാവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് ഡോക്ടറുടെ ക്യാബിനുള്ളില്‍ കടന്ന് വെടിയുതിർത്തത്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും, ആശുപത്രിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞ ഇവരുടെ ദൃശ്യങ്ങള്‍ വെച്ച് പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങിയതായും ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ആർജി കർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി രണ്ട് മാസം തികയുന്നതിന് മുമ്പാണ് പുതിയ സംഭവം.
#Delhi #DoctorMurder #AAP #Crime #PublicSafety #VKsaxena
