Extortion | അമിത് ഷായുടെ മകനാണെന്ന് പറഞ്ഞ് എംഎൽഎയിൽ നിന്ന് 5 ലക്ഷം രൂപ ആവശ്യപ്പെട്ടു; മറ്റ് എംഎൽഎമാരെയും പറ്റിക്കാൻ ശ്രമം; 19-കാരൻ അറസ്റ്റിൽ


● പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുമെന്ന് ഭീഷണി.
● മൊബൈൽ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പ്രതികളെ പിടികൂടി.
● ആഢംബര ജീവിതം നയിക്കാനാണ് പണം തട്ടിയതെന്ന് പ്രതിയുടെ മൊഴി.
ന്യൂഡൽഹി: (KVARTHA) ഉത്തരാഖണ്ഡിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിട്ട് പണം തട്ടാൻ ശ്രമിച്ച 19 വയസ്സുകാരൻ അറസ്റ്റിൽ. അമിത് ഷായുടെ മകൻ ജയ് ഷാ ആണെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടാൻ ശ്രമിച്ചത്. പ്രിയൻഷു പന്ത് എന്നയാളെയാണ് ഡൽഹിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ രണ്ട് കൂട്ടാളുകളിൽ ഒരാളെ ഉത്തരാഖണ്ഡിൽ നിന്നും പിടികൂടിയിട്ടുണ്ട്. മറ്റൊരാൾ ഒളിവിലാണ്.
ഹരിദ്വാർ റാനിപൂർ എംഎൽഎ ആദേശ് ചൗഹാനിൽ നിന്ന് അഞ്ച് ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. നൈനിറ്റാൾ എംഎൽഎ സരിത ആര്യ, രുദ്രപൂർ എംഎൽഎ ശിവ് അറോറ എന്നിവരെയും മന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടാൻ ഇവർ ശ്രമിച്ചതായും പരാതിയുണ്ട്.
പൊലീസ് പറയുന്നത് ഇങ്ങനെ: 'ഞായറാഴ്ച വൈകുന്നേരമാണ് ചൗഹാന് ഫോൺ കോൾ ലഭിക്കുന്നത്. ജയ് ഷാ ആണെന്ന് പരിചയപ്പെടുത്തി വിളിച്ചയയാൾ പാർട്ടി ഫണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് എംഎൽഎയുടെ പിആർഒ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. മൊബൈൽ ഫോണിന്റെ സിഡിആർ, ഐഎംഇഐ നമ്പറുകൾ, ലൊക്കേഷനുകൾ എന്നിവ ട്രാക്ക് ചെയ്താണ് പ്രതികളെ പിടികൂടിയത്. ഗാസിയാബാദ്, ഡൽഹി എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയാണ് പന്തിനെ ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഉവൈസ് എന്നയാളെ രുദ്രപൂരിലും കസ്റ്റഡിയിലെടുത്തു. ഗൗരവ് നാഥ് എന്ന മറ്റൊരാൾ ഒളിവിലാണ്. ആഢംബര ജീവിതം നയിക്കാനാണ് എംഎൽഎമാരിൽ നിന്ന് പണം തട്ടാൻ പദ്ധതിയിട്ടതെന്ന് പന്ത് പൊലീസിന് മൊഴി നൽകി'
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A 19-year-old attempted to extort ₹5 lakh from MLAs by impersonating Amit Shah’s son. The accused was arrested in Delhi after an investigation.
#KasaragodNews, #Extortion, #DelhiNews, #MLA, #AmitShah, #CrimeNews