Arrested | വീട്ടമ്മ കൊല്ലപ്പെട്ട കേസ്; 10 പേര്‍ കൂടി അറസ്റ്റില്‍
Feb 25, 2023, 10:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അടൂര്‍: (www.kvartha.com) ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ 10 പേര്‍ കൂടി അറസ്റ്റില്‍. ജിതിന്‍, സുരേന്ദ്രന്‍, സുധീഷ്, സജിത്, ശ്യാം, ശരത്, ഉന്മേഷ്, രതീഷ്, അല്‍ അമീന്‍ (28), ശാനവാസ് (34) എന്നിവരാണ് അറസ്റ്റിലായത്. ഏനാദിമംഗലം ചാങ്കൂര്‍ ഒഴുകുപാറ വടക്കേചരുവില്‍ സുജാത (64) ആണ് കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 ന് ഒരു സംഘം ആളുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കമ്പിവടി കൊണ്ട് തലയ്ക്ക് അടിയേറ്റുണ്ടായ പരുക്കിനെ തുടര്‍ന്നാണ് മരണം. കേസില്‍ അനീഷിനെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

15ഓളം വരുന്ന സംഘമാണ് വീട്ടില്‍ കയറി ആക്രമണം നടത്തിയതെന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. വീട് മുഴുവനും തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിച്ച് മുന്‍പിലുള്ള കിണറ്റിലിടുകയും ചെയ്തു. വീട്ടിലെ വളര്‍ത്തുനായയെയും വെട്ടിപ്പരുക്കേല്‍പിച്ചതായും പൊലീസ് പറഞ്ഞു. തലയ്ക്ക് മാരകമായി പരുക്കേറ്റ സുജാതയെ കോട്ടയം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണം സംഭവിച്ചു. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേല്‍ക്കുകയും വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തുവെന്നാണ് റിപോര്‍ട്.
പൊലീസ് പറയുന്നത്: ശനിയാഴ്ച വൈകിട്ട് കുറുമ്പകര മുളയങ്കോട് വസ്തു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് പ്രശ്നങ്ങളുടെ തുടക്കം. ബന്ധുക്കള്‍ തമ്മിലുള്ള വഴിത്തര്‍ക്കം തീര്‍ക്കുന്നതിനായി സുജാതയുടെ മക്കളായ സൂര്യലാല്‍(24), ചന്ദ്രലാല്‍(21) എന്നിവര്‍ അവരുടെ വളര്‍ത്തുനായയുമായി അവിടെയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ കൊണ്ടുവന്ന വളര്‍ത്തുനായ മൂന്ന് പേരെ കടിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായിട്ടാണ് ഞായറാഴ്ച രാത്രി സംഘം ചേര്‍ന്ന് സുജാതയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. ഈ സമയം സൂര്യലാലും ചന്ദ്രലാലും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇരുവരും പൊലീസിന്റെ ഗുണ്ടാലിസ്റ്റില്‍െപട്ടവരാണ്.
സുജാതയുടെ കൊലപാതകത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പ്രതികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഒളിവില്‍ പോയ പ്രതികള്‍ക്കായി അടൂര്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതികള്‍ കറവൂര്‍ സന്യാസികോണിലുള്ള ബന്ധു വീട്ടിലുണ്ടെന്ന് തിരിച്ചറിഞ്ഞ് ബുധനാഴ്ച പുലര്‍ചെ സ്ഥലത്തെത്തിയെങ്കിലും പൊലീസിനെ കണ്ട് കാട്ടിനുള്ളിലേക്ക് കടന്നു. തുടര്‍ന്ന് അടൂരില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തി കറവൂര്‍ പുന്നല വനമേഖലകളില്‍ തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ഒളിവില്‍ താമസിപ്പിച്ചവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. സുജാതയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഇവരുടെ മക്കളെ ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലേക്ക് അടൂര്‍, ഏനാത്ത് പൊലീസ് സംഘങ്ങളുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തിരുന്നു.
പൊലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍മാരായ വിപിന്‍ കുമാര്‍, മനീഷ് എം, കെ എസ് ധന്യ, ജലാലുദ്ദീന്‍ റാവുത്തര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജിത്ത്, രാജേഷ് ചെറിയാന്‍, സൂരജ് ആര്‍ കുറുപ്പ്, റോബി ഐസക്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രവീണ്‍, നിസാര്‍ എം, മനീഷ് രാജേഷ്, ശ്രീജിത്ത്, അനൂപ എസ് എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
Keywords: News, Kerala, Death, Killed, Arrest, Arrested, Crime, Woman, 10 more arrested in murder case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.