Allegation | യുവരാജ് സിംഗിന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചത് ധോണിയോ?
യുവരാജ് സിങ്ങിന്റെ പിതാവ് ധോണിയെ രൂക്ഷമായി വിമർശിച്ചു
ന്യൂഡൽഹി: (KVARTHA) മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം യുവരാജ് സിംഗിൻ്റെ പിതാവ് യോഗ്‌രാജ് സിംഗ്. ഇന്ത്യക്കായി ഏഴ് മത്സരങ്ങൾ കളിച്ചിട്ടുള്ള യോഗ്‌രാജ്, ധോണിയെ രൂക്ഷമായി വിമർശിക്കുകയും മകൻ യുവരാജിൻ്റെ കരിയർ നശിപ്പിച്ചെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
'ധോണിയോട് ഒരിക്കലും ക്ഷമിക്കില്ല'
ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് യോഗ്‌രാജ് ഈ വിമർശനം ഉന്നയിച്ചത്. 'ഞാൻ എംഎസ് ധോണിയോട് ക്ഷമിക്കില്ല. അയാൾ സ്വയം കണ്ണാടിയിൽ നോക്കണം. ധോണി വലിയൊരു ക്രിക്കറ്റ് താരമാണ്. പക്ഷേ തന്റെ മകനെതിരെ ധോണി പ്രവർത്തിച്ചു. എല്ലാം ഇപ്പോൾ പുറത്തുവരികയാണ്. രണ്ട് കാര്യങ്ങൾ താൻ ജീവിതത്തിൽ ചെയ്യുകയില്ല. ഒന്നാമത്തെ കാര്യം തന്നോട് തെറ്റ് ചെയ്തവരോട് താൻ ക്ഷമിക്കുകയില്ല. അവരെ ഒരിക്കലും താൻ ഇഷ്ടപ്പെടുകയുമില്ല', യോഗരാജ് സിംഗ് പറഞ്ഞു.
ഇന്ത്യൻ ടീമിൽ നാലോ അഞ്ചോ വർഷം കൂടി യുവരാജിന് കളിക്കാൻ കഴിയുമായിരുന്നു. എല്ലാവരും യുവരാജ് സിംഗിനെപ്പോലൊരു മകൻ ജനിക്കാൻ ആഗ്രഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിന് ഇനിയൊരു യുവരാജിനെ ലഭിക്കില്ലെന്ന് വീരേന്ദർ സെവാഗും ഗൗതം ഗംഭീറും പറഞ്ഞിട്ടുണ്ട്. കാൻസറുമായി പടപൊരുതി ഇന്ത്യൻ ടീമിന് ലോകകപ്പ് നേടിനൽകിയ യുവരാജിന് ഭാരത് രത്ന നൽകണമെന്നും യോഗരാജ് സിംഗ് ആവശ്യപ്പെട്ടു
'അസൂയയാണ് കാരണം'
ഇതാദ്യമായല്ല യോഗരാജ് ധോണിയെ നേരിട്ട് ലക്ഷ്യമിടുന്നത്. ഈ വർഷം ആദ്യം, ധോണിയുടെ മോശം പ്രവൃത്തികൾ കാരണം യുവരാജിന് 2024 ഐപിഎൽ നഷ്‌ടപ്പെട്ടുവെന്ന് അവകാശപ്പെട്ടിരുന്നു. യുവരാജിനോട് ധോണിക്ക് അസൂയയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. '2024ലെ ഐപിഎല്ലിൽ ചെന്നൈ പരാജയപ്പെട്ടു. എന്തുകൊണ്ടാണ് അവർ തോറ്റത്. യുവരാജ് സിംഗിനെ ഐസിസി അംബാസിഡർ ആക്കിയപ്പോൾ എല്ലാവരും അഭിനന്ദിച്ചു. എന്നാൽ ധോണി മാത്രം അഭിനന്ദിക്കാൻ എത്തിയില്ല, അതുകൊണ്ടാണ് ഈ വർഷം സിഎസ്‌കെ പരാജയപ്പെട്ടത്'. യോഗ്‌രാജ് പറഞ്ഞു.
യുവരാജ് സിംഗിന്റെ കരിയർ നശിപ്പിച്ചതാര്?
ധോണിയും യുവരാജും തമ്മിലുള്ള തർക്കം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ ചർച്ചയാണ് സൃഷ്ടിക്കുന്നത്. യോഗ്‌രാജിന്റെ ആരോപണങ്ങൾക്ക് ധോണി ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇന്ത്യയ്ക്കായി 273 മത്സരങ്ങളിൽ യുവരാജും ധോണിയും ഒരുമിച്ച് കളിച്ചിട്ടുണ്ട്.
2007-ലെ ട്വന്റി20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വിജയത്തിനു പിന്നിലെ പ്രധാന ഘടകമായിരുന്നു യുവരാജ്. 2007-ലെ ട്വന്റി20 ലോകകപ്പിൽ യുവരാജ് സിങ് ഇന്ത്യയുടെ മധ്യനിരയ്ക്ക് വലിയ ശക്തി പകർന്നു. 2011-ലെ ഏകദിന ലോകകപ്പിൽ യുവരാജ് ടൂർണമെന്റിന്റെ താരമായിരുന്നു. അദ്ദേഹത്തിന്റെ ബാറ്റിംഗും ബോളിംഗും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ലോകകപ്പിനു ശേഷം യുവരാജ് സിങ്ങിന് ക്യാൻസർ ബാധിച്ചു. ഇടത് ശ്വാസകോശത്തിൽ ഒരു കാൻസർ ട്യൂമർ കണ്ടെത്തിയ അദ്ദേഹം കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. ഈ പ്രതിസന്ധി നേരിട്ടിട്ടും 2012 സെപ്റ്റംബറിൽ അദ്ദേഹം തിരിച്ചുവരവ് നടത്തി. എന്നാൽ, ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനു ശേഷം യുവരാജിന് ഫോം നിലനിർത്താൻ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം അസ്ഥിരമായിരുന്നു.
2014-ലെ ട്വന്റി20 ലോകകപ്പിനും 2017-ലെ ചാമ്പ്യൻസ് ട്രോഫിക്കും ശേഷം അദ്ദേഹം ഇന്ത്യൻ ടീമിലുള്ള സ്ഥാനം നഷ്ടപ്പെട്ടു. 2015-ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവരാജ് സിങ്ങിന് ഇടം ലഭിച്ചില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) യുവരാജ് തുടർന്നും കളിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന് മുൻകാലത്തെ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. 2019 ജൂണിൽ യുവരാജ് സിങ് അന്തർദേശീയ ക്രിക്കറ്റിനോട് വിട പറഞ്ഞു.