Rohit Sharma | ഇന്‍ഡ്യയെ കിരീടം ചൂടിച്ച് രാജകീയ പ്രൗഢിയോടെ മടക്കം; കോലിക്ക് പിന്നാലെ ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മയും

 
Virat Kohli, Rohit Sharma announce retirement from T20I cricket after India’s historic T20 World Cup 2024 triumph, Rohit Sharma, Announced, Retirement,T20I, World Cup
Virat Kohli, Rohit Sharma announce retirement from T20I cricket after India’s historic T20 World Cup 2024 triumph, Rohit Sharma, Announced, Retirement,T20I, World Cup


കപില്‍ ദേവിനും എംഎസ് ധോണിക്കും ശേഷം ഇന്‍ഡ്യക്ക് ഐസിസി ട്രോഫി നേടിക്കൊടുക്കുന്ന നായകനായി രോഹിത് ശര്‍മ.

കോലിയുടെയും രോഹിത് ശര്‍മുടെയും തീരുമാനം പുതിയ യുവതാരങ്ങള്‍ക്ക് കരുത്ത് പകരുന്നു.

വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്‍ഡ്യന്‍ ടീമിനെ നയിക്കുക.

ബാര്‍ബഡോസ്: (KVARTHA) ടി20 ലോകകപ് ഫൈനലില്‍ ദക്ഷിണാഫ്രികയെ തോല്‍പ്പിച്ച് ഇന്‍ഡ്യയെ കിരീടം ചൂടിച്ച നേട്ടത്തോടെ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിട പറയുകയാണ് കോലിക്ക് പിന്നാലെ രോഹിത് ശര്‍മയും. 'ടി20യിലെ ഇതെന്റെ അവസാന മത്സരമാണ്. ഈ ഫോര്‍മാറ്റ് ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള നിമിഷം ഞാന്‍ ആസ്വദിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ നിന്ന് വിടപറയാനുള്ള മികച്ച സമയമാണിത്. ഈ ഫോര്‍മാറ്റിലെ എല്ലാ നിമിഷത്തേയും ഞാന്‍ സ്നേഹിക്കുന്നു. എന്തായിരുന്നോ എനിക്ക് വേണ്ടത് അത് ലഭിച്ചിരിക്കുകയാണ്' രോഹിത് ശര്‍മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാപ്റ്റനായി ലോകകപ് ഉയര്‍ത്തിയശേഷമാണ് രോഹിത്തിന്റെ പടിയിറക്കം. ഏകദിന ലോകകപിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപിലും ഇന്‍ഡ്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. ഈ ലോകകപില്‍ ഇന്‍ഡ്യയെ ചാംപ്യന്മാരക്കുന്നതില്‍ മുന്നില്‍ നയിക്കാന്‍ രോഹിത് മറന്നില്ല. നിര്‍ണായക പങ്കാണ് രോഹിത്തിനുള്ളത്.

എട്ട് മത്സരങ്ങളില്‍ 257 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഫൈനലില്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്‍ഡ്യയുടെ യാത്രയില്‍ രോഹിത്തിനെ വിസ്മരിക്കാനാവില്ല. ഇതുവരെയുള്ള എല്ലാ ടി20 ലോകകപുകളിലും രോഹിത് ഉണ്ടായിരുന്നു. 2007ല്‍ ഇന്‍ഗ്ലണ്ടിനെതിരെയായിരുന്നു രോഹിത്തിന്റെ ടി20 അരങ്ങേറ്റം. 159 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രികറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് വിടപറയുന്നത്. 

അഭിമാനത്തോടെ തന്നെ രോഹിത് ശര്‍മക്ക് പടിയിറങ്ങാം. ഒരു വര്‍ഷത്തോളം ഇന്‍ഡ്യയുടെ ടി20 ടീമില്‍ നിന്ന് മാറി നിന്ന ശേഷമാണ് രോഹിത് ടി20 ലോകകപിലേക്ക് നായകനായി എത്തുന്നത്. ഹാര്‍ദിക് പാണ്ഡ്യക്ക് പരുക്കേറ്റതും നിര്‍ണായകമായി. തിരിച്ചുവരവില്‍ രോഹിത് ശര്‍മക്ക് വലിയ വിമര്‍ശനം നേരിടേണ്ടി വന്നെങ്കിലും കപുയര്‍ത്തി എല്ലാ വിവാദങ്ങള്‍ക്കും മറുപടി നല്‍കാന്‍ രോഹിത്തിനായി. ഗംഭീര റെകോഡോടെയാണ് അദ്ദേഹം ടി20യില്‍ നിന്ന് വിരമിക്കുന്നത്. വരും ദിവസങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇനി ഇന്‍ഡ്യന്‍ ടീമിനെ നയിക്കുക.

159 മത്സരങ്ങളില്‍ (151 ഇനിംഗ്സ്) 4231 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. അഞ്ച് സെഞ്ചുറികള്‍ നേടിയ രോഹിത് 32.05 ശരാശരിയില്‍ 4231 റണ്‍സ് നേടി. 140.89 സ്ട്രൈക് റേറ്റും രോഹിത്തിനുണ്ട്. പുറത്താവാതെ നേടിയ 121 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെകോര്‍ഡ് ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം രോഹിതും പങ്കിടുന്നുണ്ട്. ഇരുവരും അഞ്ച് സെഞ്ചുറികള്‍ വീതം നേടി. 32 അര്‍ധ സെഞ്ചുറിയും രോഹിത് നേടി.

അന്താരാഷ്ട്ര ടി20യിലെ സെഞ്ച്വറി വേട്ടക്കാരില്‍ ഒന്നാമനായി ഏറ്റവും മനോഹരമായ നേട്ടത്തിലൂടെ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ രോഹിത്തിനായി. കപില്‍ ദേവിനും എംഎസ് ധോണിക്കും ശേഷം ഇന്‍ഡ്യക്ക് ഐസിസി ട്രോഫി നേടിക്കൊടുക്കുന്ന നായകനാവാന്‍ രോഹിത് ശര്‍മക്ക് സാധിച്ചുവെന്നതാണ് എടുത്ത് പറയേണ്ടത്. എന്നാല്‍ അന്താരാഷ്ട്ര ടി20യില്‍ നിന്ന് പിന്മാറിയെങ്കിലും ഐപിഎല്ലില്‍ രോഹിത് ശര്‍മ കളി തുടരും. 

2013ന് ശേഷം ടി20 ലോകകപ് ഫൈനലില്‍ ദക്ഷിണാഫ്രികയെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്‍ഡ്യ രണ്ടാം തവണയും കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ മത്സരശേഷം വിരാട് കോലിയും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു. 59 പന്തില്‍ 79 റണ്‍സ് നേടിയ കോലിയാണ് ഇന്‍ഡ്യയുടെ ലോകകപ് ഫൈനല്‍ വിജയത്തില്‍ പ്രധാന പങ്കുവഹിച്ചത്. ഫൈനലിലെ താരവും കോലിയായിരുന്നു. 124 മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോലി 4188 റണ്‍സാണ് അടിച്ചെടുത്തത്. 48.69 ശരാശരിയും 137.04 സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. 122 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറിയും കോലി നേടി. 2010ല്‍ സിംബാബ് വെക്കെതിരെയായിരുന്നു കോലിയുടെ ടി20 അരങ്ങേറ്റം. കോലിയുടെയും രോഹിത് ശര്‍മുടെയും തീരുമാനം പുതിയ യുവതാരങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia