T20 | ടി20 ലോകകപ്: രണ്ടാം സൂപര്‍ 8 മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടാനൊരുങ്ങി ടീം ഇന്‍ഡ്യ


ഇന്‍ഡ്യന്‍ ടീമില്‍ ശനിയാഴ്ചയും വലിയ മാറ്റങ്ങള്‍ക്ക് പ്രതീക്ഷ വയ്‌ക്കേണ്ടതില്ല.
സഞ്ജു സാംസണിന് ടീമില്‍ ഒരു സ്ഥാനം ലഭിക്കുന്നത് പ്രയാസകരമാണ്.
ആദ്യ സൂപര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശ് ഓസ്‌ട്രേലിയയോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ആന്റിഗ്വ: (KVARTHA) ടി20 ലോകകപ് സൂപര്‍ എട്ടിലെ രണ്ടാമത് മത്സരത്തില്‍ ശനിയാഴ്ച (22.06.2024) അയല്‍ക്കാരായ ബംഗ്ലാദേശിനെ നേരിടാന്‍ ഒരുങ്ങുകയാണ് ഇന്‍ഡ്യന്‍ ടീം. സര്‍ വിവിയന്‍ റിചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ ഇന്‍ഡ്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം. 47 റണ്‍സിനാണ് അഫ്ഗാനിസ്താനെ തോല്‍പ്പിച്ചത്.
ആദ്യ സൂപര്‍ 8 മത്സരത്തില്‍ അഫ്ഗാനിസ്താനെ തകര്‍ത്ത ഇന്‍ഡ്യ വലിയ ആത്മവിശ്വാസത്തോടെയാണ് ഈ കളിക്ക് ഇറങ്ങുന്നത്. സെമിഫൈനലില്‍ സ്ഥാനമുറപ്പിക്കാനാണ് നീലപ്പടയുടെ ലക്ഷ്യം. ബംഗ്ലാദേശിനെതിരെ വിജയിക്കാനായാല്‍ ഇന്‍ഡ്യക്ക് സെമിഫൈനല്‍ യോഗ്യതയും ഏറെക്കുറെ ഉറപ്പിക്കാനാകും. അതേസമയം ആദ്യ സൂപര്‍ 8 മത്സരത്തില്‍ ബംഗ്ലാദേശ് ഓസ്‌ട്രേലിയയോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു.
ഓരോ മത്സരങ്ങളിലും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍, ജസ്പ്രീത് ബുമ്ര നയിക്കുന്ന ബൗളിങ് നിരയാണ് ഇന്‍ഡ്യന്‍ ടീമിന്റെ കരുത്ത്. അര്‍ശദീപ് സിങ്ങും ബുമ്രക്ക് മികച്ച പിന്തുണ നല്‍കുന്നു. എന്നാല്‍, വ്യാഴാഴ്ചയായിരുന്നു (20.06.2024) സൂപര്‍ എട്ടില്‍ ഇന്‍ഡ്യയുടെ ആദ്യ മത്സരം. ഇതിന് ശേഷം ഒരു ദിവസം മാത്രമാണ് ഇന്‍ഡ്യക്ക് വിശ്രമം ലഭിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് ശനിയാഴ്ചത്തെ കളിയില്‍നിന്ന് ഇന്‍ഡ്യ വിശ്രമം നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്‍ഡ്യന്‍ താരം റോബിന്‍ ഉത്തപ്പ. ബുമ്ര ഇന്‍ഡ്യയുടെ ഏറ്റവും പ്രധാന ബോളറാണെന്ന് ചൂണ്ടിക്കാട്ടുന്ന ഉത്തപ്പ, ബംഗ്ലാദേശിനെതിരെ അദ്ദേഹത്തിന് വിശ്രമം നല്‍കുകയും പകരം മൊഹമ്മദ് സിറാജിനെ ഇന്‍ഡ്യ ടീമിലേക്ക് കൊണ്ടുവരുകയും ചെയ്യണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ബാറ്റിങ് നിരയുടെ സ്ഥിരതയില്ലാത്ത പ്രകടനം തന്നെയാണ് ഇന്‍ഡ്യന്‍ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ഓപണര്‍മാരായ നായകന്‍ രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും ശരാശരിക്കും താഴെയുള്ള പ്രകടനം പവര്‍പ്ലേയില്‍ ഇന്‍ഡ്യയുടെ സ്‌കോറിങ്ങിനെ ബാധിക്കുന്നുണ്ട്.
സൂര്യകുമാര്‍ യാദവിന്റെ മികച്ച ബാറ്റിങ് കൊണ്ട് മാത്രമാണ് അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഇന്‍ഡ്യക്ക് ഭേദപ്പെട്ട സ്‌കോറിലേക്ക് എത്താനായത്. മധ്യനിരയില്‍ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ കുറവ് ഇന്‍ഡ്യക്കുണ്ട്. ശിവം ദൂബെ, രവീന്ദ്ര ജഡേജ എന്നിവര്‍ മികവിലേക്ക് ഉയരാത്തതും ഇന്‍ഡ്യക്ക് തിരിച്ചടിയാണ്.
ടീമില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ മടി കാണിക്കുന്ന ഇന്‍ഡ്യന്‍ ടീമില്‍ ശനിയാഴ്ചയും വലിയ മാറ്റങ്ങള്‍ക്ക് പ്രതീക്ഷ വയ്‌ക്കേണ്ടതില്ല. സഞ്ജു സാംസണിന് ടീമില്‍ ഒരു സ്ഥാനം ലഭിക്കുന്നത് പ്രയാസകരമാണ്. ഓപണിങ് സഖ്യം പരാജയപ്പെട്ടതോടെ യുവതാരം യശസ്വീ ജെയ്‌സ് വാളിനെ ഓപണറായി ടീമിലെത്തിക്കുമോയെന്ന് കണ്ടറിയാം.
അഫ്ഗാനിസ്ഥാനെതിരെ സിറാജിന് പകരം കുല്‍ദീപ് യാദവിനെയാണ് ഇന്‍ഡ്യ കഴിഞ്ഞ കളിയില്‍ കളിപ്പിച്ചത്. രണ്ട് വികറ്റും വീഴ്ത്തിയ കുല്‍ദീപിന് ടീമില്‍ ഇടമുണ്ടാകും. അക്‌സര്‍ പട്ടേല്‍, ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് മറ്റ് ബൗളര്‍മാര്‍. നല്ല സ്‌കോര്‍ പിറക്കുന്ന പിചാണ് ആന്റിഗ്വയിലേത്. യുഎസിനെതിരെ ദക്ഷിണാഫ്രിക 194 റണ്‍സെടുത്തത് ഇവിടെയാണ്. യുഎസും 176 റണ്‍സടിച്ചു. ബംഗ്ലാദേശിനായി തൗഹിദ് ഹൃദോയ്ക്ക് മാത്രമാണ് ബാറ്റിങ്ങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.