Retirement | പടിയിറങ്ങുന്നു; വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍
ദില്ലി: (KVARTHA) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (Shikhar Dhawan). ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളായ ധവാന്‍ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് (International, Domestic Cricket) ടൂര്‍ണമെന്റുകളില്‍ നിന്നാണ് കളമൊഴിയുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് ഇടംകയ്യന്‍ ബാറ്റര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആഭ്യന്തര മത്സരങ്ങളിലും ഇനി കളിക്കില്ലെന്ന് ധവാന്‍ പറഞ്ഞു. ഓപ്പണിങ് ബാറ്റര്‍ എന്ന നിലയില്‍ ഇന്ത്യയെ അനേകം വിജയങ്ങളിലേക്ക് നയിച്ച ഇന്നിങ്സുകള്‍ കളിച്ചിട്ടുള്ള താരത്തിന്റെ പെട്ടെന്നുള്ള തീരുമാനം എന്തായാലും ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
2010ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് പടിയിറങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരെ 2010-ല്‍ ഇന്ത്യക്കായി ആദ്യ ഏകദിനം കളിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ അടക്കം 24 അന്താരാഷ്ട്ര സെഞ്ചുറികള്‍ 13 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ശിഖര്‍ ധവാന്റെ പേരിലുണ്ട്.
2013 മാര്‍ച്ച് 14-ന് ഓസ്‌ട്രേലിയക്കെതിരെ മൊഹാലിയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിന്റെ മൂന്നാം ദിവസം ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിഗ്‌സില്‍ 85 പന്തില്‍ 100 റണ്‍സ് കടന്ന ശിഖര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കിയിരുന്നു.
2022 ല്‍ അവസാന ഏകദിനവും 2018 ല്‍ അവസാന ടെസ്റ്റ് മത്സരവും കളിച്ച ധവാന്‍ ഇന്ത്യക്കായി 34 ടെസ്റ്റില്‍ 2315 റണ്‍സും 167 ഏകദിനങ്ങളില്‍ 6793 റണ്‍സും നേടി തിളങ്ങിയിട്ടുണ്ട്. ടി 20 യില്‍ ആകട്ടെ 68 മത്സരങ്ങളില്‍ 1759 റണ്‍സും നേടിയിട്ടുണ്ട്. സമീപകാലത്ത് അവസരങ്ങള്‍ കിട്ടാതിരുന്ന ധവാന്‍ ഇനി ഒരു തിരിച്ചുവരവിന് അവസരം ഇല്ലെന്ന് ഉറപ്പിച്ച് തന്നെ തീരുമാനം എടുക്കുക ആയിരുന്നു.
#ShikharDhawan #IndianCricket #retirement #cricket #cricketnews #sports
As I close this chapter of my cricketing journey, I carry with me countless memories and gratitude. Thank you for the love and support! Jai Hind! 🇮🇳 pic.twitter.com/QKxRH55Lgx
— Shikhar Dhawan (@SDhawan25) August 24, 2024