T20 | ഇന്‍ഡ്യ- പാകിസ്താന്‍ ആവേശ പോരാട്ടം; പിചില്‍ തെന്നാതെ നോക്കണം; ആകാംക്ഷയോടെ ക്രികറ്റ് പ്രേമികള്‍
പാകിസ്താനെ തോല്‍പിച്ച് 4 പോയിന്റുമായി ഗ്രൂപ് എയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുകയാണ് ഇന്‍ഡ്യയുടെ ലക്ഷ്യം.
ബോളിങ്ങിലും ബാറ്റിങ്ങിലും സന്തുലിതമായ ടീമുമായാണ് രണ്ടുപേരും എത്തുന്നത്.
മത്സരം രാത്രി 8 മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം വീക്ഷിക്കാം.
ന്യൂയോര്‍ക്: (KVARTHA) ക്രികറ്റ് പ്രേമികള്‍ നോക്കി കാണുന്ന രാജ്യാന്തര ക്രികറ്റിലെ ഒന്നാം നമ്പര്‍ പോരാട്ടമാണ് ഇന്‍ഡ്യ - പാകിസ്താന്‍. 2007ലെ ആദ്യ ട്വന്റി20 ലോകകപ് മുതല്‍ ഇക്കഴിഞ്ഞ ചാംപ്യന്‍ഷിപ് വരെ ഇന്‍ഡ്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം സൂപര്‍ ത്രിലര്‍ മത്സരങ്ങളാണ് അരങ്ങേറിയത്. ഞായറാഴ്ച രാത്രി ന്യൂയോര്‍കിലെ നാസ കൗണ്ടി ക്രികറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്‍ഡ്യ - പാകിസ്താന്‍ മത്സരത്തിലും ആവേശത്തിലാണ് ആരാധകര്‍.
അയര്‍ലന്‍ഡിനെതിരായ ആദ്യമത്സരത്തില്‍ എട്ട് വികറ്റ് ജയം നേടിയ ഇന്‍ഡ്യയ്ക്ക് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാം. ആദ്യമത്സരത്തില്‍ യുഎസ്എയോട് തോറ്റതിന്റെ ആഘാതം ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള പാകിസ്താന്‍ കാംപില്‍ വിട്ടുമാറിയിട്ടില്ല.
എന്നാല്‍ പിചിന്റെ അപ്രവചനീയ സ്വഭാവത്തില്‍ തെല്ലൊരു ആശങ്കയും പുലര്‍ത്തുന്നുണ്ട്. കാരണം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനായുള്ള കഴിഞ്ഞ ദിവസങ്ങളിലെ പ്രാക്ടീസില്‍ പിചിന്റെ സ്വഭാവം തിരിച്ചറിഞ്ഞതാണ്. ഈ മത്സരത്തിലും പിചില്‍ കാര്യമായ മാറ്റങ്ങള്‍ വരാനിടയില്ല.
നേരത്തെ ഇന്‍ഡ്യ-അയര്‍ലാന്‍ഡ് മത്സരത്തില്‍ പിചിലെ ബൗണ്‍സ് രോഹിത് ശര്‍മ്മക്കും വികറ്റ് കീപര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. പന്ത് ഏത് വഴിക്കും പോകുന്ന അപകടകരമായ പിചാണ് നസ്സാവുവിലേതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ട് ടീമുകള്‍ മാത്രമാണ് ടീം സ്‌കോര്‍ നൂറ് കടത്തിയത്. മുന്‍ താരങ്ങളടക്കം ഈ പിചിനെ രൂക്ഷമായാണ് വിമര്‍ശിച്ചത്. പിചിനെതിരായ ആരോപണം ഇന്റര്‍നാഷനല്‍ ക്രികറ്റ് കൗണ്‍സിലും (ഐസിസി) സമ്മതിക്കുന്നുണ്ട്.
ഇന്‍ഡ്യ - പാക് മത്സരങ്ങള്‍ക്കുള്ള ആവേശവും ഉത്സാഹവുമായി കാത്തിരിക്കുമ്പോള്‍, ബോളിങ്ങിലും ബാറ്റിങ്ങിലും സന്തുലിതമായ ടീമുമായാണ് രണ്ടുപേരും എത്തുന്നത്. ഗ്രൂപ് ഘട്ടത്തില്‍ ഇന്‍ഡ്യയുടെ ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെട്ടേക്കാവുന്ന മത്സരം കൂടിയാവും ഇത്.
അയര്‍ലന്‍ഡിനെതിരെ മൂന്ന് പേസര്‍മാരെയും രണ്ട് സ്പിനര്‍മാരെയും കളിപ്പിക്കാന്‍ ഇന്‍ഡ്യ തയ്യാറായി. ശക്തമായ ടോപ് ഓര്‍ഡര്‍, 4 പ്രീമിയം ഓള്‍റൗന്‍ഡര്‍മാര്‍, മികച്ച ഫോമിലുള്ള 3 പേസര്‍മാര്‍ കരുത്തുറ്റ ടീമുമായാണ് രോഹിത് ശര്‍മ ഇന്നിറങ്ങുന്നത്. എന്നാല്‍ ഈ മത്സരത്തില്‍ ഒരു എക്‌സ്ട്രാ ബാറ്ററെ ഉള്‍പെടുത്താനാണ് സാധ്യത. അങ്ങനെ വന്നാല്‍ സഞ്ജു സാംസണോ യശസ്വി ജയ്‌സ് വാളോ ആദ്യ ഇലവനില്‍ എത്തും. നിലവിലെ ഫോമില്‍ സഞ്ജുവിന് തന്നെയാണ് മുന്‍തൂക്കം.
ആദ്യ മത്സരത്തില്‍, വെല്ലുവിളി നിറഞ്ഞ പിചായിരുന്നിട്ടും അയര്‍ലന്‍ഡ് ഉയര്‍ത്തിയ 97 റണ്‍സ് വിജയലക്ഷ്യം 12.2 ഓവറില്‍ 2 വികറ്റ് നഷ്ടത്തില്‍ ഇന്‍ഡ്യ മറികടന്നു. ഈ കളിയില്‍ പാകിസ്താനെ തോല്‍പിച്ച് 4 പോയിന്റുമായി ഗ്രൂപ് എയില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുകയാണ് ഇന്‍ഡ്യയുടെ ലക്ഷ്യം.
എന്തുതന്നെ ആയാലും മികച്ച പേസ് നിരയുള്ള രണ്ടുടീമുകള്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇവിടെ എന്ത് സംഭവിക്കുമെന്നതാണ് എല്ലാവരുടെയും ആകാംക്ഷ. മത്സരം രാത്രി എട്ട് മുതല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം വീക്ഷിക്കാം.