Restructuring | സിപിഎം താഴേത്തട്ടില്‍ ദുര്‍ബലമായതെങ്ങനെ? പാർട്ടി അടിമുടി പരിഷ്‌കരണത്തിലേക്ക്

 
CPM undergoes major overhaul, targets grassroots level

Photo Credit: Facebook / CPIM Kerala

* പാർട്ടിയിൽ അധികാരമോഹം വ്യാപകം
* താഴെത്തട്ടിലെ പ്രവർത്തകരുടെ അലസതയാണ് പ്രശ്‌നം
* പുതിയ നേതൃത്വത്തെ കൊണ്ടുവരാൻ തീരുമാനം
* പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം ശക്തം

ആദിത്യൻ ആറന്മുള 

(KVARTHA) പാര്‍ട്ടി താഴേത്തട്ടില്‍ വളരെ ദുര്‍ബലമാണെന്ന് സമ്മേളന നടത്തിപ്പ് രേഖയില്‍ സിപിഎം വ്യക്തമാക്കുന്നു. ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ ഏരിയാ സെക്രട്ടറിമാര്‍ വരെയുള്ളവരുടെ പ്രവര്‍ത്തനം വിലയിരുത്തിക്കൊണ്ടുള്ള രേഖയാണ് ഇക്കാര്യം അടിവരയിടുന്നത്. ബ്രാഞ്ച് സെക്രട്ടറിയായി കാര്യ ശേഷിയുള്ളവര്‍ വരണം, ലോക്കല്‍, ഏര്യാ സെക്രട്ടറിമാര്‍ മുഴുവന്‍ സമയപ്രവര്‍ത്തകരാകണമെന്നും നിര്‍ദ്ദേശിക്കുന്നു. നിലവില്‍ ഇവരില്‍ പലരും സഹകരണ ബാങ്കുകളുടെ ചുമതലയും മറ്റ് സര്‍ക്കാര്‍ തലത്തിലെ നോമിനിമാരും മറ്റുമാണ്. അത് പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നാണ് വിലയിരുത്തല്‍. 

സമ്മേളനത്തോടെ പാര്‍ട്ടിയെ അടിമുടി പുനരുജ്ജീവിപ്പിക്കാനാണ് സിപിഎം തയ്യാറെടുക്കുന്നതെന്ന് വ്യക്തം. രണ്ട് തവണ അധികാരം കിട്ടിയതോടെ പ്രവര്‍ത്തകരില്‍ ആലസ്യവും അധികാരമോഹവും ഉണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇത്തരത്തിലൊരു തെറ്റുതിരുത്തലിന് തയ്യാറെടുക്കുന്നത്. എന്നാല്‍ തിരുത്തല്‍ താഴേത്തട്ടില്‍ മാത്രം ഒതുങ്ങില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഉന്നതരായ പലരുടെയും തലഉരുണ്ടേക്കും. അതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എതിരെ പാര്‍ട്ടി അംഗമല്ലാത്ത പിവി അന്‍വറിനെ കൊണ്ട് പരാതി നല്‍കിച്ചത്. പല നേതാക്കളുടെയും പിന്തുണ അന്‍വറിനുണ്ട്.

സഹകരണബാങ്ക് സെക്രട്ടറിമാര്‍, അഭിഭാഷകര്‍ എന്നിവര്‍ എല്‍സി സെക്രട്ടറിമാരായാല്‍ ചുമതല വഹിക്കാനാവാതെ വരും. ജോലിയുള്ളവര്‍ക്ക് എല്‍സി സെക്രട്ടറിയാകാം എന്ന പാര്‍ട്ടി നിലപാട് ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണുള്ളതെന്ന് സമ്മേളന നടത്തിപ്പ് രേഖയില്‍ പറയുന്നു. അതുകൊണ്ട് മുഴുവന്‍സമയ പ്രവര്‍ത്തകരാകുന്നവരെ മാത്രമേ ഈ സ്ഥാനത്തേക്ക് കൊണ്ടുവരാവൂ. പാര്‍ട്ടി പ്ലീനം കൈക്കൊണ്ട ഈ തീരുമാനം പൂര്‍ണമായും പാലിക്കത്തക്ക രീതിയിലാവണം ലോക്കല്‍ സമ്മേളനത്തില്‍ പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ടതെന്നും വ്യക്തമാക്കുന്നു. 

ഇതില്‍ നിന്ന് തന്നെ സിപിഎമ്മിന്റെ ദുര്‍ബലാവസ്ഥ വ്യക്തമാണ്. അധികാരത്തിന്റെ ആലസ്യം പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നു. അതില്‍ നിന്നുള്ള ഉയര്‍ത്തെഴുന്നേല്‍പ്പിനാണ് നീക്കം. ലോക്കല്‍ കമ്മിറ്റി അംഗങ്ങളില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം നടത്താനാകാത്ത സഖാക്കളെ ഒഴിവാക്കി സന്നദ്ധതതയുള്ള പുതിയ സഖാക്കളെ ഉള്‍ക്കൊള്ളിക്കണം എന്നും പറയുന്നു. പ്രാദേശിക നേതാക്കള്‍ പല കാര്യങ്ങളിലും അനാവശ്യമായി ഇടപെടുന്നത് തലവേദനയായി മാറിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് താമസിക്കാതെ നടക്കും. അതുകൊണ്ട് പുതിയ ആളുകളെ കൊണ്ടുവന്ന് ജനവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ഏരിയാ സെക്രട്ടറിമാര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം പലയിടത്തും വഹിക്കുന്നു. ചിലര്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇവരെയെല്ലാം മാറ്റി പൂര്‍ണസമയം പ്രവര്‍ത്തകരായ സഖാക്കളെ സെക്രട്ടറിമാരാക്കണം. ഏരിയാ കമ്മിറ്റി അംഗങ്ങള്‍ കമ്മിറ്റി തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും പറയുന്നു. നേതൃത്വത്തിനെതിരെ വാളോങ്ങുന്ന പ്രാദേശിക സഖാക്കള്‍ക്കുള്ള പണികൂടിയായി ഇതിനെ വിലയിരുത്താം. താഴേത്തട്ടില്‍ പണിയെടുക്കാതെ ഒരു പാര്‍ട്ടിക്കും നിലനില്‍ക്കാനാകില്ല. ജനങ്ങളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നത് പ്രാദേശിക നേതാക്കളാണ്. ജനങ്ങളില്‍ നിന്ന് പാര്‍ട്ടി അകന്നതില്‍ അവര്‍ക്കും പങ്കുണ്ടെന്നാണ് ഈ രേഖ വ്യക്തമാക്കുന്നത്. 

എന്നാല്‍ സര്‍ക്കാര്‍ തലത്തിലെടുത്ത ജനവിരുദ്ധ നിലപാടുകളാണ് തിരിച്ചടിയായതെന്ന് ലോക്കല്‍ നേതാക്കള്‍ ആരോപിക്കുന്നു. റേഷന്‍, സപ്ലൈകോ, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ അടിസ്ഥാന പ്രവശ്‌നങ്ങളിലൊന്നും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടില്ല. പൊലീസിനെ ജനങ്ങളോട് അടുപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ല. ഉന്നത ഉദ്യോഗസ്ഥര്‍ വരെ ആരോപണങ്ങളുടെ കരിനിഴലിലാണ്. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ആനുകൂല്യങ്ങള്‍ കുടിശികയായതോടെ ജീവനക്കാരടക്കം മുറുമുറുത്ത് തുടങ്ങി. ഇത്തരം കാര്യങ്ങളും പാര്‍ട്ടി വിലയിരുത്തണമെന്നാണ് പ്രാദേശിക നേതാക്കളുടെ ആവശ്യം.

രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ അഴിമതി ആരോപണങ്ങളും വിവാദങ്ങളും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസും പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നും വീടുകയറി വോട്ട് ചോദിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായതെന്നും ആക്ഷേപമുണ്ട്. അത് ശരിവയ്ക്കുന്ന ചര്‍ച്ചകള്‍ സിപിഐയിലും ഉണ്ടായിരുന്നു. അതുകൊണ്ട് ഈ സമ്മേളന കാലം സിപിഎമ്മിനെ സംബന്ധിച്ച് കടുപ്പം തന്നെയാണ്. നിലവില്‍ പാര്‍ട്ടിയില്‍ വിഭാഗീയതയൊന്നും ഇല്ലെങ്കിലും സമ്മേളന കാലത്ത് അതുണ്ടാകാനുള്ള സാധ്യതയും നേതൃത്വം മുന്‍കൂട്ടി കാണുന്നു. 

അതുകൊണ്ടാണ് ഒരു തരത്തിലുള്ള വിഭാഗീയതയും വെച്ച് പൊറുപ്പിക്കില്ലെന്നും വ്യക്തികേന്ദ്രീകൃത പ്രവര്‍ത്തനങ്ങളും തുരുത്തുകളും അനുവദിക്കില്ലെന്നും വ്യക്തിവിരോധം തീര്‍ക്കാന്‍ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും രേഖയില്‍ പറയുന്നത്.  മുഖ്യമന്ത്രി പിണറായി വിജയനോട് കടുത്ത എതിര്‍പ്പുള്ള വലിയൊരു വിഭാഗം സിപിഎമ്മില്‍ ശക്തമായുണ്ട്. അവര്‍ ഈ സമ്മേളന കാലത്ത് അതിശക്തരാകുമെന്ന് നേതൃത്വത്തിന് അറിയാം. 

അതുകൊണ്ട് വ്യക്തിവിരോധം തീര്‍ക്കരുതെന്ന് അടിവരയിടുന്നത്. എന്നാല്‍ നേതൃത്വം പ്രതീക്ഷിക്കുന്നതിലും പ്രക്ഷബ്ധമായിരിക്കും സമ്മേളനം എന്നാണ് സൂചന. പാര്‍ട്ടിയില്‍ അടിമുടി മാറ്റം ആഗ്രഹിക്കുന്ന നിരവധി പേര്‍ താഴേതട്ടിലും മുകളിലുമുണ്ട്. മുഖ്യമന്ത്രിയെ വരെ മാറ്റണമെന്നാണ് അവരുടെ ആവശ്യം. നിലവിലെ രാഷ്ട്രീയ സ്ഥിതിയില്‍ അതൊന്നും നടക്കില്ലെങ്കിലും മറ്റ് പലതും സംഭവിക്കുമെന്ന് ഉറപ്പാണ്.

restructuring
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia