Crisis | പയ്യന്നൂരിലെ പ്രാദേശിക പ്രതിസന്ധി പരിഹരിക്കാനാവാതെ സിപിഎം; ഇടഞ്ഞു നിൽക്കുന്ന കാരയിലെ പാർട്ടി അംഗങ്ങളെ അനുനയിപ്പിക്കാനായില്ല
● അക്രമികൾക്കെതിരെ കർശന നടപടിയെടുക്കാത്തതിൽ പ്രവർത്തകരുടെ രോഷം.
● പാർട്ടി നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും പരിഹാരമായില്ല.
നവോദിത്ത് ബാബു
പയ്യന്നൂർ: (KVARTHA) സംസ്ഥാന-ജില്ലാ നേതൃത്വങ്ങള്‍ പലവട്ടം ഇടപെട്ടിട്ടും പയ്യന്നൂര്‍ സിപിഎമ്മിലെ പ്രതിസന്ധിക്കു പരിഹാരമായില്ല. ഏരിയാ, ലോക്കല്‍ നേതൃത്വങ്ങളിലെ ചിലരുടെ പിടിവാശിയിലും അക്രമികള്‍ക്കും അഴിമതിക്കാര്‍ക്കും ഒപ്പം നില്‍ക്കുന്നാരോപിച്ചും പയ്യന്നൂര്‍ കാര ഭാഗത്തെ 38 മെമ്പര്‍മാര്‍ ഉള്‍പ്പെടെ നിരവധി അനുഭാവികളാണ് സിപിഎം പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നത്. കാര നോര്‍ത്ത്, സൗത്ത്, വെസ്റ്റ് ബ്രാഞ്ചുകളില്‍ എട്ടുമാസത്തിലേറെയായി തുടരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഉള്‍പ്പെടെ ഇടപെട്ടിട്ടും ഇരുവിഭാഗവും നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായതും പൊട്ടിത്തെറിയിലേക്ക് എത്തിയതും.
സെപ്റ്റംബര്‍ ആദ്യം പയ്യന്നൂരില്‍ സിപിഎം സംസ്ഥാനസമിതി അംഗം പി. ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍, ടി.വി.രാജേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നു. പരിഹാരമാകാത്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇടഞ്ഞുനില്‍ക്കുന്ന മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരുമായി എം.വി ജയരാജന്‍ പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി വരെ നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, മറ്റൊരു പ്രദേശത്തുനിന്ന് വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളുമായെത്തിയ ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ കാരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമമഴിച്ചു വിടുകയായിരുന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലെ 38 മെമ്പര്‍മാരും അനുഭാവികളുമുള്‍പ്പെടെ ഒപ്പിട്ട പരാതി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ജില്ലാ സെക്രട്ടറി എം.വി. ജയരാജനും നല്‍കിയിരുന്നു.
കര്‍ശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ഉറപ്പും നല്‍കി. എന്നാല്‍ അത് ശാസനയിലും താക്കീതിലും ഒതുക്കാനായിരുന്നു ആദ്യ തീരുമാനം. തങ്ങളുടെ ആളുകള്‍ തന്നെ വടിവാളുമായി അക്രമിക്കാന്‍ എത്തിയിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയാറാകാത്തത് തെല്ലൊന്നുമല്ല പ്രവര്‍ത്തകരെ രോഷാകുലരാക്കിയത്. പ്രാദേശിക നേതൃത്തിന്റെയും അണികളുടെയും വികാരം സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ക്കു ബോധ്യമായിട്ടും നടപടിയില്ലാത്തതിലാണ് പ്രവര്‍ത്തകരുടെ അമര്‍ഷം.
അക്രമികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സെക്രട്ടറി ജില്ലാ കമ്മിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടും താക്കീതിലൊതുക്കാന്‍ ജില്ലാ നേതൃത്വം നിര്‍ബന്ധിതമായത് സിപിഎം പയ്യന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ സമ്മര്‍ദത്താലാണെന്ന് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തന്നെ സമ്മതിക്കുന്നു. പ്രശ്നപരിഹാരത്തിനായി സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ട് ഇടപെട്ടില്ലെങ്കില്‍ സിപി.എം വിടുമെന്ന കടുത്ത തീരുമാനത്തിലാണ് കാര മേഖലയിലെ ഭൂരിഭാഗം പ്രവര്‍ത്തകരും പറയുന്നത്.
#CPMKerala #Payyannur #PoliticalCrisis #Violence #Corruption #KeralaPolitics