Conflict | അങ്ങാടിയിൽ തോറ്റതിന് അമ്മയോടോ? പാർട്ടി ഗ്രാമത്തിൽ സിപിഎമ്മുകാർ തീയ്യ ക്ഷേമസഭാ പ്രവർത്തകരെ അക്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസ്
ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം സി.പി.എം പ്രതിരോധം ശക്തമാക്കി
പാർട്ടി ഗ്രാമങ്ങളിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമം
കണ്ണൂർ: (KVARTHA) പാർട്ടി ഗ്രാമങ്ങളിൽ ജാതി സാമുദായിക സംഘടനകളുമായി സി.പി.എം തുറന്ന പോരിനിറങ്ങുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിയെ തുടർന്നാണ് പാർട്ടി ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിൽ ഇതര പാർട്ടികൾ കടന്നുകയറാതിരിക്കാൻ സി.പി.എം പ്രതിരോധം അതിശക്തമാക്കിയത്. ഇതുകാരണം പയ്യന്നൂരിൽ പാർട്ടി പ്രവർത്തകരും ജാതി - സാമുദായികസംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായിരിക്കുകയാണ്.
കുഞ്ഞിമംഗലത്ത് മല്ലിയോട്ടു പാലോട്ടുകാവിൽ ആധിപത്യം സ്ഥാപിക്കാൻ സി.പി.എം നടത്തിയ നീക്കങ്ങൾ ക്ഷേത്രത്തിൽ സ്വാധീനമുള്ള തീയ്യ ക്ഷേമ സഭയുമായുള്ള തുറന്ന പോരിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന് അയ്യായിരത്തിലേറെ വോട്ടിൻ്റെ ലീഡ് കിട്ടിയതും ബി.ജെ.പിക്ക് വോട്ടു കൂടിയതുമാണ് സി.പി.എം പ്രാദേശിക നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് തീയ്യ ക്ഷേമ സഭയുടെ പ്രവർത്തകർക്കുനേരെയുള്ള കടന്നാക്രമണം തുടങ്ങിയതെന്നാണ് ആക്ഷേപം.
കുഞ്ഞിമംഗലത്തെ തീയ്യക്ഷേമ സമിതി പ്രവര്‍ത്തകനെ ആക്രമിച്ചുവെന്ന പരാതിയിൽ സി.പി.എം പ്രവർത്തകരായ അഞ്ച് പേര്‍ക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. തീയ്യക്ഷേമ സമിതി പ്രവർത്തകൻ കുഞ്ഞിമംഗലം മല്ലിയോട്ടെ ടി.പി. രത്‌നാകരന്റെ (56) പരാതിയിലാണ് പ്രിയേഷ് കുതിരുമ്മല്‍, ഷാനി, സുനില്‍ മൂലക്കാരന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരെയാണ് പയ്യന്നൂര്‍ പൊലീസ് കേസെടുത്തത്.
ഇക്കഴിഞ്ഞ 12 ന് വൈകുന്നേരം 6.15 മണിയോടെ കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്താണ് പരാതിക്കാസ്പദമായ സംഭവം. തീയ്യ ക്ഷേമ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിനായെത്തിയ പരാതിക്കാരനെ മല്ലിയോട്ട് ക്ഷേത്രത്തിലെ ഊരുകമ്മിറ്റി യോഗത്തിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ കൈകൊണ്ടും മരവടി കൊണ്ടും തക്കാളിപ്പെട്ടികൊണ്ടും അടിച്ചു പരിക്കേല്‍പ്പിച്ചതായുള്ള പരാതിയിലാണ് പൊലീസ് കേസെടുത്തത്.
സംഭവസ്ഥലത്തെത്തി മര്‍ദ്ദനം തടയാന്‍ ശ്രമിച്ച പൊലീസ് സംഘത്തെ ആക്രമിച്ച സംഭവത്തില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട് ഇതിനിടെ പ്രാദേശിക പ്രവർത്തകർ തങ്ങൾക്കെതിരെ നടത്തുന്ന അക്രമങ്ങൾ ജില്ലാ നേതൃത്വം അറിഞ്ഞു കൊണ്ടുതന്നെയാണോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് തീയ്യ ക്ഷേമ സഭാ സംസ്ഥാന നേതൃത്വം രംഗത്തുവന്നിട്ടുണ്ട്. ഇനിയും കടന്നാക്രമണം തുടർന്നാൽ പ്രതിരോധിക്കുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.