Controversy | അരിയിൽ ഷുക്കൂർ വധക്കേസിൽ ഉന്നത നേതാക്കളുടെ വിടുതൽ ഹരജി സിബിഐ കോടതി തള്ളിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു
● ടി.വി രാജേഷ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്.
● കേസ് ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു.
നവോദിത്ത് ബാബു
കണ്ണുർ: (KVARTHA) എംഎസ്എഫ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ രണ്ട് ഉന്നത നേതാക്കളെ കേസിലെ പ്രതിപട്ടികയിൽ സി.ബി.ഐ കോടതി നിലനിർത്തിയത് കണ്ണൂരിലെ സി.പി.എമ്മിന് തിരിച്ചടിയാകുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.വി രാജേഷ് എന്നിവരുടെ വിടുതൽ ഹരജിയാണ് സി.ബിഐ കോടതി തള്ളിയത്. പ്രഥമദൃഷ്ട്യാ ഇരുവർക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്ന കോടതിയുടെ കണ്ടെത്തൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് 2023 ജനുവരിയിൽ ആയിരുന്നു പി ജയരാജനും ടി.വി രാജേഷും എറണാകുളം സി.ബി.ഐ സ്‌പെഷ്യൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹരജി നൽകിയത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി ജയരാജനും ടി.വി രാജേഷിനുമെതിരെ സി.ബി.ഐ സമർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത്. നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസിൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി ജയരാജനും ടി.വി രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
പിന്നീട് അബ്ദുൽ ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്ക് വിടുകയും കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവാവുകയും ചെയ്തിരുന്നു. അതിനെ തുടർന്നാണ് ക്രിമിനൽ ഗൂഢാലോചന കുറ്റവും കൂടി ഉൾപ്പെടുത്തി സി.ബി.ഐ പി ജയരാജനും ടി.വി രാജേഷിനുമെതിരെ കുറ്റപത്രം സമർപ്പിച്ചത്. പി ജയരാജന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു എന്നാരോപിച്ച് കൊണ്ടായിരുന്നു 2012 ഫെബ്രുവരി 20ന് ഷുക്കൂറിനെ 30ഓളം വരുന്ന സി.പി.എം പ്രവർത്തകർ ചേർന്ന് തടങ്കലിൽ വെച്ച് വിചാരണ ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് കേസ്.
ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ വച്ച് നടന്നു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. കേസിൽ തങ്ങൾക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് വാദിച്ചു കൊണ്ടായിരുന്നു പി ജയരാജനും ടി.വി രാജേഷും വിടുതൽ ഹരജി നൽകിയിരുന്നത്. വിടുതൽ ഹരജിയെ എതിർത്തു കൊണ്ട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക അഡ്വ. മുഹമ്മദ് ഷാ മുഖേന കേസിൽ കക്ഷി ചേർന്നിരുന്നു.
തളിപ്പറമ്പ് ആശുപത്രിയിലെ റൂം നമ്പർ 315ൽ വച്ച് പി ജയരാജന്റെയും ടി.വി രാജേഷിന്റെയും നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയിൽ പങ്കെടുത്ത രണ്ടു പേർ ഷുക്കൂറിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും അത് സാധൂകരിക്കുന്ന കോൾ ഡാറ്റാ റെക്കോർഡുകളും മൊബൈൽ ടവർ ലൊക്കേഷൻ വിവരങ്ങളും തെളിവായുണ്ടെന്നും ഷുക്കൂറിൻ്റെ ഉമ്മ ആത്തികയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.
#PJayarajan #TVRajesh #CPM #CBI #KeralaPolitics #MurderCase #KeralaNews